Trending Now

പോലീസ് പതാക ജനങ്ങളിലേക്ക് എത്തിച്ച് ജില്ലാ പോലീസ്

 

കോന്നി വാര്‍ത്ത : ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷിത്വ അനുസ്മരണദിനമായി ആചരിച്ചതോടൊപ്പം, പോലീസ് പതാക ദിനമായും ആചരിച്ചു ജില്ലാ പോലീസ്. ഇതുമായി ബന്ധപ്പെട്ടു പോലീസിനെ കുറിച്ചും രാഷ്ട്രനിര്‍മാണത്തില്‍ പോലീസ് നല്‍കുന്ന സംഭാവനകളെപറ്റിയും നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തും.
പതാക ദിനചാരണത്തിന്റെ ഭാഗമായി പോലീസ് പതാകകള്‍ പൊതുജനങ്ങളുടെ വസ്ത്രത്തില്‍ പതിപ്പിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്തുനടന്ന അനുസ്മരണ ചടങ്ങുകള്‍ക്കുശേഷം ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ കടന്നുവന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മറ്റും മേധാവി നേരിട്ട് പതാക നെഞ്ചില്‍ പതിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കൈകാണിച്ചപ്പോള്‍ കാര്യമൊന്നും പിടികിട്ടാതെ നിര്‍ത്തിയ ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും ദിനചാരണത്തിന്റെ പ്രസക്തി വെളിവാക്കിക്കൊടുത്തു. കാര്യങ്ങളറിഞ്ഞവര്‍ അഭിമാനത്തോടെ പതാകകള്‍ നെഞ്ചിലേക്ക് എറ്റുവാങ്ങുകയും ചെയ്തു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ജില്ലയിലെ എല്ലാപോലീസ് സ്റ്റേഷന്‍ പരിധിയിലും ഇപ്രകാരം ചെയ്യുന്നതിന് എസ് എച്ച് ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പോലീസ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

കര്‍ത്തവ്യ നിര്‍വഹണത്തിനിടെ ജീവത്യാഗം ചെയ്ത വിവിധ പോലീസ് യൂണിറ്റുകളിലെ സേനാംഗങ്ങളുടെ രക്തസാക്ഷിത്വം അനുസ്മരിച്ചു ദിനചാരണം നടത്തി. ഇതുമായി ബന്ധപ്പെട്ട് ജില്ലാപോലീസ് ആസ്ഥാനത്ത് അനുസ്മരണ പരേഡും അനുബന്ധ ചടങ്ങുകളും സംഘടിപ്പിച്ചു. ചടങ്ങുകള്‍ ബ്യൂഗിള്‍ വാദനവും, മൂന്ന് റൗണ്ട് ആചാരവെടിയോടും കൂടി സമാപിച്ചു. രക്തസാക്ഷികള്‍ക്കുള്ള സ്മാരകമണ്ഡപത്തില്‍ ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവത്യാഗം ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്കു സ്മരണാഞ്ജലി അര്‍പ്പിക്കുന്നതിനിനാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 21 സ്മൃതിദിനമായി ആചരിക്കുന്നത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇന്ത്യയിലാകമാനം 265 പോലീസുദ്യോഗസ്ഥരാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഔദ്യോഗിക കൃത്യനിര്‍വഹത്തിനിടെ വീരചരമം പ്രാപിച്ചത്.
സ്മൃതിമണ്ഡപത്തില്‍ ജില്ലാപോലീസ് മേധാവി പുഷ്പചക്രം അര്‍പ്പിക്കുകയും, അഭിവാദ്യം ചെയ്യുകയും ചെയ്തു. രണ്ടുമിനിറ്റ് മൗനമാചരിക്കുകയും പിന്നീട് വീരചരമം പ്രാപിച്ച പോലീസുദ്യോഗസ്ഥരുടെ പേരുകള്‍ വായിച്ച് ആചാരവെടി മുഴക്കി.
ഈമാസം 31 വരെ നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു. ഒക്ടോബര്‍ 22 ന് പോലീസ് രക്തസാക്ഷികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, 23 ന് ഇവരുടെ വീടുകളില്‍ പോലീസെത്തി കുടുംബാംഗങ്ങളുടെ ക്ഷേമന്വേഷണം നടത്തുകയും എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുകയും ചെയ്യും. കുറഞ്ഞത് രണ്ടു സ്‌കൂളുകളിലെങ്കിലും കുട്ടികള്‍ക്കായി പോലീസ് രക്തസാക്ഷിത്വത്തിന്റെ പ്രാധാന്യം എടുത്തുപറയും വിധം ഉപന്യാസരചന, ബെറ്റാലിയന്‍ പൊലീസുകാരെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം, പോലീസ് ബാന്‍ഡ് ഡിസ്‌പ്ലേ, പൊതുജനങ്ങളെ ഉള്‍പ്പെടുത്തി പോലീസുകാരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം സംബന്ധിച്ച് ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തി സെമിനാര്‍, പോലീസ് ധീരകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ലഘുചിത്രം തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.
എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു മാത്രം നടത്തണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ എല്ലാപോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

error: Content is protected !!