കോവിഡ് ഭീതിയിൽ ജന്മനാടിന് താങ്ങായി യുവസംരംഭകൻ വരുൺ ചന്ദ്രൻ

കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട – പാടത്തെ ജനങ്ങൾക്ക് വലിയൊരു ആശ്വാസവും കൈത്താങ്ങുമാകുകയാണ് യുവസംരംഭകൻ വരുൺ ചന്ദ്രൻ.

ദിവസ വേതന ജോലികൾ ചെയ്തു കഴിയുന്ന തന്റെ ജന്മനാടായ പാടം ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ സാധന കിറ്റുകൾ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് യുവസംരംഭകനായ വരുൺ ചന്ദ്രൻ. തന്റെ ജന്മ നാടായ പാടം ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കൊറോണ വൈറസ് ഭീതി കാരണം തൊഴിൽ ചെയ്യാനാകാതെ ദിവസ വരുമാനം നഷ്ടപ്പെടുന്ന അവസ്ഥ മനസിലാക്കിയാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. തന്റെ ടീമിനെ വിന്യസിച്ച് കുടുംബങ്ങളുടെ അവസ്ഥ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് നേരിട്ട് വീട്ടിൽ എത്തിച്ചു നൽകുകയാണ്.

കൊറോണ ജാഗ്രതയിലാണ് നമ്മുടെ നാട്. അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന പലരും പെട്ടെന്ന് വറുതിയുടെ പിടിയിലേക്ക് വീണിരിക്കുന്നു. ഏത് അടിയന്തിര സാഹചര്യത്തിലും തന്റെ കമ്പനിയുടെ സാമൂഹ്യ സേവന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലൂടെ അവശ്യ ഭക്ഷ്യ സാധനങ്ങൾ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്ക് എത്തിച്ചു നൽകും എന്ന് ഉറപ്പ് കൊടുത്തിരിക്കുകയാണ് വരുൺ. മാത്രമല്ല വിലക്കയറ്റത്തിന് വളരെയധികം സാധ്യതയേറിയിരിക്കുന്ന ഈ സമയത്ത് ഒരു രീതിയിലും അത് പാടത്തെ ജനങ്ങളെ ബാധിക്കാതെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കാനുള്ള ഭക്ഷ്യ സബ്‌സിഡി സൗകര്യം ഇവിടെ തുടരുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നമ്മുടെ ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി, കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ പാടത്തെ ജനങ്ങൾക്ക് ധൈര്യം പകരുകയാണ്. കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തെയും സാമ്പത്തിക രംഗത്തെയും തകർത്തെറിയുമ്പോൾ ജനങ്ങളെ ശരിയായ രീതിയിൽ ബോധവത്കരിച്ചുകൊണ്ട് കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ക്രമീകരണങ്ങളും ചെയ്യുന്നതുവഴി ഏതു പ്രതിസന്ധിയെയും അതിജീവിക്കാനുള്ള മാനസിക കരുത്തു കൂടി പകർന്ന് നൽകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!