Trending Now

മുന്നൊരുക്കങ്ങള്‍ നടത്താതെ പദ്ധതികള്‍ തുടങ്ങരുത്: അഴിമതി നടത്തിയാല്‍ രക്ഷപെടില്ല

വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന നടപടി തുടരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ പശ്ചാത്തല വികസനത്തില്‍ പ്രധാന പങ്കു വഹിക്കുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്.

ദേശീയ പാത ഉള്‍പ്പെടെയുള്ള റോഡുകള്‍, പാലങ്ങള്‍, വിവിധ കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണച്ചുമതലയുള്ള ഈ വകുപ്പിന്റെ ജീവ നാഡികള്‍ എഞ്ചിനീയര്‍മാരാണ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമാക്കുന്ന പലഘടകങ്ങളുണ്ട്. ടെന്‍ഡറിംഗ് നടപടികളിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തയ്യറെടുപ്പ് നടത്താത്തത് അതില്‍ പ്രധാനമാണ്.

സ്ഥലം അക്വയര്‍ ചെയ്യുന്നതിനുമുമ്പേ ടെന്‍ഡര്‍ വിളിക്കുന്ന പ്രവണത ശരിയല്ല. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധന വലിയതോതിലാണ്. വേണ്ടത്ര ഒരുക്കങ്ങള്‍ പൂര്‍ത്തിയാവാതെ മുന്നേകൂട്ടി ടെന്‍ഡര്‍ ക്ഷണിച്ചാല്‍ ടെന്‍ഡര്‍ എടുക്കുന്ന വ്യക്തിക്ക് ടെന്‍ഡറില്‍ പറഞ്ഞ തുകയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യം പോലുമുണ്ടാവും. ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയില്ലാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ നില മാറണം.

രാജ്യത്ത് പല സംസ്ഥാനങ്ങളും വളരെ മാതൃകാപരമായാണ് പശ്ചാത്തല വികസന കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ കേരളം വളരെ പിന്നിലാണ്. നമ്മുടെ ഉദ്യോഗസ്ഥവൃന്ദം വളരെ കഴിവുള്ളവരാണ്. എങ്കിലും ആ കഴിവ് ആസൂത്രണ കാര്യത്തില്‍ നാം ഉപയോഗിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനു നടപടിയുണ്ടാവണം. സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ആവശ്യമായ ബോധവത്കരണപ്രക്രിയ വകുപ്പില്‍ നടപ്പിലാക്കണം. ബഹുജനങ്ങള്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് ഉറച്ചുപോയ സങ്കല്‍പം മറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിമുക്തവും കാര്യക്ഷമവുമായിരിക്കണം വകുപ്പുകളുടെ പ്രവര്‍ത്തണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തെറ്റായ ശീലങ്ങളില്‍ അടിപ്പെട്ടവര്‍ സര്‍വീസിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്ന സര്‍ക്കാരാണിത്. അവര്‍ക്ക് ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. ഒരുദ്യോഗസ്ഥനും അഴിമതി നടത്തി രക്ഷപെടാമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയകാലം പുതിയ നിര്‍മാണം എന്ന പൊതുമരാമത്ത് വകുപ്പിന്റെ മുദ്രാവാചകം വളരെ അര്‍ഥവത്താണ്. മാറിയ പ്രവര്‍ത്തന സംസ്‌കാരം ഈ വാചകത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാത്ത കോണ്‍ട്രാക്ടര്‍മാര്‍ക്ക് വീണ്ടും കോണ്‍ട്രാക്ട് നല്‍കുന്നത് പരിശോധിക്കണം. നിര്‍മാണത്തിലെ അശാസ്ത്രീയതയും എസ്റ്റിമേറ്റിലെ പാളിച്ചയും മേല്‍നോട്ടത്തിലെ വീഴ്ചയും ന്യായീകരിക്കരുത്. പാരമ്പര്യരീതികളുടെയും ശീലങ്ങളുടെയും പൊളിച്ചെഴുത്തിന് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. 2016 ഏപ്രില്‍മാസം വരെ 750 കോടി രൂപയ്ക്കുള്ള 92 പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. അതോടൊപ്പം കഴക്കൂട്ടം- അടൂര്‍ മാതൃക സുരക്ഷാ കോറിഡോര്‍ ഉള്‍പ്പെടെയുള്ള 43 പ്രധാന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. 2016-17 വര്‍ഷത്തില്‍ 386 കോടിയുടെ അറ്റകുറ്റപ്പണികളും 1170 കോടിയുടെ 579 പ്ലാന്‍ പ്രവൃത്തികളും ആരംഭിച്ചു. സംസ്ഥാനത്തിന്റെ മൊത്തമായ വികസനത്തില്‍ ഊന്നിയുള്ള പ്രവൃത്തികളാണ് നടക്കുന്നത്.

നാട് വളരെ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന തീരദേശ, മലയോര ഹൈവേ പദ്ധതികളുടെ പ്രവൃത്തിയില്‍ മികച്ചരീതിയില്‍ മുന്നോട്ടുപോകാന്‍ വകുപ്പിന് കഴിയണം. സര്‍ക്കാരിനെ ജാഗ്രതപ്പെടുത്തുന്ന ഇടപെടലുകളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിര്‍മാണ മേഖലയില്‍ കാലാനുസൃത പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മരാമത്ത് ഡിസൈന്‍ വിഭാഗത്തെ ശാക്തീകരിക്കണം. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തെയും വിജിലന്‍സ് വിഭാഗത്തെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം സോഷ്യല്‍ ഓഡിറ്റ് സംവിധാനം മരാമത്തു വകുപ്പില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷിതത്വമില്ലാത്തതും കേടുപാടുകളുള്ളതുമായ നിര്‍മിതികളുണ്ടോയെന്ന് യഥാസമയം കൃത്യമായ പരിശോധനകള്‍ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അടിസ്ഥാന സൗകര്യവികസനം തടസ്സപ്പെട്ടാല്‍ മറ്റു വികസനപ്രക്രിയകളും തകരാറിലാവുമെന്നതിനാല്‍ പുതിയ പ്രവര്‍ത്തന സംസ്‌കാരമുള്ള മികച്ച വകുപ്പായി പൊതുമരാമത്ത് വകുപ്പ് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് വകുപ്പിന്റെ ഉപഹാരം പൊതുമരാമത്ത് വകുപ്പ്മന്ത്രി ജി. സുധാകരന്‍ സമ്മാനിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച എഞ്ചിനീയര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

അഴിമതിരഹിതമായ സര്‍വീസ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സമയോചിത നടപടി സ്വീകരിക്കാന്‍ എഞ്ചിനീയര്‍മാര്‍ തയ്യാറാകണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. സുബ്രതോ ബിശ്വാസ്, കെ.എസ്.ടി.പി. പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, നിരത്തുകളും പാലങ്ങളും ചീഫ് എഞ്ചിനീയര്‍ എം.എന്‍ ജീവരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു