പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/12/2025 )
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ റാലി സംഘടിപ്പിച്ചു
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി ജില്ല വനിത ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ കൂട്ടായ ബോധവല്‍കരണം ആവശ്യമാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. അതിക്രമം തടയാനും റിപ്പോര്‍ട്ട് ചെയ്യാനും നിയമ സഹായത്തിനുമുള്ള പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ഡിജിറ്റല്‍ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ സന്ദേശം. ജില്ല വനിത ശിശുവികസന ഓഫീസര്‍ കെ.വി ആശാ മോള്‍, ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ നീതാദാസ്, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി, വകുപ്പ് ജീവനക്കാര്‍, ഹബ് ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി ജില്ല വനിത ശിശു വികസന ഓഫീസില്‍ സമാപിച്ചു.
ദേശീയ വനിതാ കമ്മിഷന്‍ അദാലത്ത് ഡിസംബര്‍ 19 ന്
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കൊച്ചി സിറ്റി, കണ്ണൂര്‍ സിറ്റി, കാസര്‍ഗോഡ് എന്നീ പോലീസ് ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിന് ദേശീയ വനിതാ കമ്മീഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളജ് മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 19 ഉച്ചയ്ക്ക് ഒന്നു മുതല്‍ നടക്കുന്ന അദാലത്ത് ദേശീയ വനിതാ കമ്മീഷന്‍ അംഗം ദലീന ഘോങ്ങ്ധൂപ് ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി എസ്.ശ്രീജിത്ത് അധ്യക്ഷനാകും.
ഖാദി സ്‌പെഷ്യല്‍ റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ പ്രമാണിച്ച് ഡിസംബര്‍ 19 മുതല്‍ ജനുവരി രണ്ടുവരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്. ജില്ലയില്‍ ഇലന്തൂര്‍, റവന്യൂ ടവര്‍ അടൂര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളിലാണ് റിബേറ്റ് ലഭിക്കുന്നത്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി, സില്‍ക്ക് ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവര്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.
ഖാദി ടവര്‍ ഇലന്തൂര്‍ – 8113870434
അബാന്‍ ജംഗ്ഷന്‍, പത്തനംതിട്ട – 9744259922
റവന്യൂടവര്‍ അടൂര്‍ – 6238547923
ചേത്തോങ്കര – റാന്നി – 7736703933
എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഡിസംബര്‍ 20ന് രാവിലെ 10ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. കുറഞ്ഞ യോഗ്യത പ്ലസ് ടു. പ്രായപരിധി 40. ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുളള പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഒറ്റത്തവണ രജിസ്‌ട്രേഷനുളളവര്‍ക്ക്
സംസ്ഥാനത്താകെയുളള എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നടത്തുന്ന അഭിമുഖം/ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം.
ഫോണ്‍: 0477 2230624, 9846189874, 8304057735, 04682222745.
വീര്‍ പരിവാര്‍ സഹായത യോജന – നിയമസഹായ ക്ലിനിക്
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വീര്‍ പരിവാര്‍ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭിക്കുന്നതിന് ഡിസംബര്‍ 20 ന് രാവിലെ 11 മുതല്‍ സിറ്റിംഗ് ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.
റാങ്ക് പട്ടിക ഇല്ലാതായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) തസ്തികമാറ്റം വഴിയുളള നിയമനം (കാറ്റഗറി നമ്പര്‍ 288/24) തസ്തികയില്‍ 2025 ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന റാങ്ക്
പട്ടിക നിശേഷം ഇല്ലാതായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
അപ്രന്റിസ് മേള ഡിസംബര്‍ 22ന്
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ് ഷിപ്പ് മേളയോടനുബന്ധിച്ച് ജില്ലാതല അപ്രന്റിസ് മേള ഡിസംബര്‍ 22ന് രാവിലെ 9.30 ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ നടക്കും. ഐടിഐ പാസായവര്‍ക്ക് പങ്കെടുക്കാം. ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ , മറ്റ് അനുബന്ധരേഖകള്‍ എന്നിവ സഹിതം ഐടിഐ യില്‍ എത്തണം. ഫോണ്‍ : 0468 2258710.
