പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 01/08/2024 )

 

‘ഉജ്ജ്വലബാല്യം പുരസ്‌കാരം 2023’ : അപേക്ഷിക്കാം

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതിസംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യധൈര്യത്തിലൂടെനടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ്‌തെളിയിച്ചിട്ടുള്ള ആറുവയസിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പടെ) ‘ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്’ അപേക്ഷ ക്ഷണിച്ചു. 6-11 വയസ,് 12-18 വയസ് പ്രായവിഭാഗങ്ങളിലായാണ് പുരസ്‌കാരം.
2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് പരിഗണിക്കുന്നത്. അവസാന തീയതി -ഓഗസ്റ്റ് 15. അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാംനില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689533 നിന്നും ലഭിക്കും. ഫോണ്‍ : 0468 2319998 വെബ് സൈറ്റ് : www.wcd.kerala.gov.in.

താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് അഞ്ചിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അദാലത്ത്

പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്റെ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

വയനാടിനായി കുടുംബശ്രീയുടെ ഒന്നരക്കോടി രൂപയും

വയനാട്ടിലെ ദുന്തരബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഒന്നരക്കോടി രൂപ നല്‍കും. ജില്ലയിലെ 58 സിഡിഎസ് ന്റെ പരിധിയിലുള്ള 10,000 അയല്‍കൂട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നരലക്ഷം കുടുംബശ്രീഅംഗങ്ങളുടെ സഹകരണത്തോടെയാണ് തുക കണ്ടെത്തുക. ഒരു കുടുംബശ്രീ അംഗം 100 രൂപയാണ് ധനസഹായം നല്‍കുക.
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 12 മുതല്‍ 14 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ /സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്റ്റി ഉള്‍പ്പടെ മൂന്ന്ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. http://kied.info/training-calender/ വെബ്‌സൈറ്റില്‍ ഓഗസ്റ്റ് എട്ടിന് മുന്‍പ് അപേക്ഷിക്കാം. ഫോണ്‍ – 0484 2532890, 2550322, 9188922785.

കെല്‍ട്രോണില്‍ ജേണലിസം പഠനം

തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസത്തില്‍ പുതിയ ബാച്ചിലേക്ക് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും. പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഫോണ്‍: 954495 8182.

ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി ധനസഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജയില്‍ മോചിതര്‍ (റിമാന്‍ഡ് തടവുകാര്‍ ഒഴികെ), പ്രൊബേഷണര്‍, എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000രൂപ സ്വയംതൊഴില്‍ ധനസഹായമായി അനുവദിക്കും.
അഞ്ച് വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ ശിക്ഷിക്കപ്പെട്ട് ജയിലിലായ വ്യക്തികളുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000 രൂപ, അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരപരിക്ക് പറ്റിയവര്‍ക്കും തിരിച്ചടവില്ലാത്ത 20,000 രൂപ സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കും.

അതിക്രമത്തിനിരയായി മരണപ്പെട്ടവരുടേയും ഗുരുതര പരിക്ക് പറ്റിയവരുടേയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കും. രണ്ട് വര്‍ഷമോ അതിലധികമോ ജയില്‍ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000 രൂപ അനുവദിക്കും. വിവാഹം നടന്ന ആറുമാസത്തിന് ശേഷവും ഒരുവര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ധനസഹായം അനുവദിക്കും. ജീവപര്യന്തമോ, വധശിക്ഷക്കോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ കുട്ടികള്‍ക്ക് (സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക്) പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് ഒറ്റത്തവണയായി പരമാവധി ഒരുലക്ഷം രൂപ ധനസഹായം അനുവദിക്കും. അപേക്ഷകര്‍ http://suneethi.sjd.kerala.gov.in വെബ് സൈറ്റിലെ ”ഒറ്റത്തവണ രജിസ്ട്രേഷന്‍”മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468-2325242. )

റാങ്ക് പട്ടിക

ജില്ലയില്‍ എന്‍സിസി/ സൈനിക ക്ഷേമവകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട്(എച്ച്ഡിവി)(എക്സ് സര്‍വീസ്മെന്‍)(കാറ്റഗറി നം. 141/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.

മികച്ച കര്‍ഷകരെ ആദരിക്കും

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17 കര്‍ഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കും. അപേക്ഷ ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും.

ലോകമുലയൂട്ടല്‍ വാരാചരണം ആഗസ്റ്റ് ഏഴുവരെ;ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആസ്ഥാനആശുപത്രിയില്‍ നടന്നു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ വാരാചരണ സന്ദേശം നല്‍കി. ഡോ.കെ.കെ ശ്യാംകുമാര്‍( ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍), ഡോ.എസ്. സേതുലക്ഷ്മി (ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ്മെഡിക്കല്‍ ഓഫീസര്‍), ഡോ.ബിജുനെല്‍സണ്‍ (സൂപ്രണ്ട് , തിരുവല്ല താലൂക്ക് ആശുപത്രി), ഡോ.റെനി ജി വര്‍ഗീസ് (പ്രസിഡന്റ്, ഐ.എ.പി പത്തനംതിട്ട), ഡോ.ബിബിന്‍സാജന്‍ (സെക്രട്ടറി, ഐ.എ.പി, പത്തനംതിട്ട), ആര്‍.ദീപ (ജില്ലാഎഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ) ഷീജിത്ത് ബീവി (എം.സി.എച്ച്ഓഫീസര്‍ ഇന്‍ചാര്‍ജ് ) തുടങ്ങിയവര്‍ സംസാരിച്ചു.

മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്‍ക്കും നല്‍കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. വാരാചരണത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം എന്നിവയും സംഘടിപ്പിക്കും. മുലപ്പാലിന്റെ പ്രാധാന്യം, ആദ്യ മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത, ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കല്‍, ആറുമാസം മുതല്‍ രണ്ടു വയസുവരെ കുട്ടികള്‍ക്ക് മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാല്‍കൂടി നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വാരാചരണം നടത്തുന്നത്.