Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/03/2024 )

കൊച്ചുപമ്പ ഡാം തുറക്കും; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മീനമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ നടപടിക്രമം പുറപ്പെടുവിച്ചു. ഈ മാസം 12 മുതല്‍ 22 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്ററും 23 മുതല്‍ 25 വരെ 30,000 ക്യുബിക്ക് മീറ്ററും വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുണ്ട്.

ഡോക്ടര്‍ നിയമനം

ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍  താത്കാലികമായി  ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 13 ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ഈ സ്ഥാപനത്തില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ : 04734 243700.

ടെന്‍ഡര്‍

റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ / എകെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിന്  മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274.

പഴകുളം നെല്ലിവിളപടി- പന്ത്രാംകുഴി കെഐപി പാലം ഉദ്ഘാടനം ചെയ്തു:
പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാക്ലേശത്തിന് വിരാമം

അടൂര്‍ പഴകുളം നെല്ലിവിളപടി – പന്ത്രാംകുഴി കെഐപി പാലത്തിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. എംഎല്‍എ ആസ്തി വികസനഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. ഇതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ യാത്രാക്ലേശത്തിനാണ് പരിഹാരമായത്. കെഐപി കനാലിന് കുറുകെ ഉള്ള മൂന്നാമത്തെ പാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്.

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മകുറുപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി സന്തോഷ്, വാര്‍ഡ് അംഗം ഷാജിത റഹിത് തുടങ്ങിയവര്‍ പങ്കെടുത്തു.

അടൂര്‍- കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് അനുവദിച്ചു

അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് ബസ് സര്‍വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരില്‍ നിന്നും രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക. അടൂരില്‍ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തിച്ചേരുക.

അടൂരില്‍ നിന്നും അമൃത, കോയമ്പത്തൂര്‍ സര്‍വീസുകള്‍ അനുവദിക്കാനിടയായത് ഗതാഗത മന്ത്രിയുടെ സമയോചിതമായ ഇടപെടലാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ഇന്ന് (8)
മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ഇന്ന് (8) ഉച്ച കഴിഞ്ഞ് 3.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.

സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കരുടെ സ്മരണയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇലവുംതിട്ട മൂലൂര്‍ സ്മാരക സമിതി ഏറ്റവും മികച്ച കവിത സമാഹാരത്തിന് നല്‍കുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മൂലൂര്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തിരിക്കുന്നത് കെ രാജഗോപാലിന്റെ പതികാലം എന്ന കവിതസമാഹാരമാണ്.

പ്രൊഫ. മാലൂര്‍ മുരളീധരന്‍, പ്രൊഫ. കെ രാജേഷ്‌കുമാര്‍, വി എസ് ബിന്ദു എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയസമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. മൂലൂര്‍ സ്മാരകസമിതി പ്രസിഡന്റ് പി.വി മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി. ഡി ബൈജു പ്രശസ്തിപത്ര അവതരണം നടത്തും. രാവിലെ 10 ന് കവി സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.


സ്‌കോള്‍ കേരള; ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സ്

സ്‌കോള്‍ കേരള മുഖാന്തിരം നടത്തുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സിന്റെ ഒന്നാം ബാച്ചിന്റെ ക്ലാസ് ഒന്‍പതിന് ഇവിഎച്ച്എസ്എസ് ഇളമണ്ണൂര്‍ സ്‌കൂളില്‍ ആരംഭിക്കും. അഡ്മിഷന്‍ എടുത്ത എല്ലാ പഠിതാക്കളും ക്ലാസിന് ഹാജരാകണം. ഇനിയും ഒഴിവുളള സീറ്റുകളിലേക്ക് അഡ്മിഷന് താത്പര്യമുളളവര്‍ സ്‌കോള്‍ കേരള ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ : 8078104255.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി) (തസ്തികമാറ്റം വഴിയുളള നിയമനം) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍. 020/21)  തസ്തികയിലേക്ക് 18000-41500 രൂപ ശമ്പള നിരക്കില്‍ 14/06/2023 തീയതിയില്‍ നിലവില്‍ വന്ന 427/2023/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 21/08/2023 തീയതിയില്‍ നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍  22/08/2023 പൂര്‍വാഹ്നം തീയതി മുതല്‍ ഈ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി ജില്ലാ പിഎസ്സി  ഓഫീസര്‍ അറിയിച്ചു. ഫോണ്‍; 0468 2222665.


ജാഗ്രതാ സമിതി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023- 24 ന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍  ചെയര്‍പേഴ്സണ്‍ സാറാ തോമസ് അധ്യക്ഷത  വഹിച്ച പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി വി അജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ജാഗ്രതാ സമിതിക്കുള്ള ഒന്നാംസ്ഥാനം അരുവാപ്പുലം ഗ്രാമപഞ്ചായത്തും രണ്ടാംസ്ഥാനം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. ജില്ലാ പോലീസ്  മേധാവി വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കി. ജാഗ്രതാസമിതി കൈപ്പുസ്തകം, ‘ഉണരൂ’ കൈപ്പുസ്തകം എന്നിവ പ്രകാശനം ചെയ്തു.

ചടങ്ങില്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ ബാരി, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ്, കൊറ്റനാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ ഉഷാ സുരേന്ദ്രനാഥ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ശ്രീകുമാര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്തോമസ്, ജില്ലാ ജാഗ്രതാ സമിതി അംഗം രമാദേവി, ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ നിരുപമ, നക്ഷത്ര, കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു , മിഷന്‍ശക്തി ജില്ലാകോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ , ജെന്‍ഡര്‍ സ്പെഷലിസ്റ്റ്മാരായ അനുഷ, സ്നേഹ, ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ജീവനക്കാരായ എ എം അജി , ഷൈജു, രഞ്ജു, ജെസി തുടങ്ങിയവര്‍  പങ്കെടുത്തു.

അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം
സിഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടൂ വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.  പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൗണ്ടിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്കിംഗ്, റോബോട്ടിക്സ് വീഡിയോ സര്‍വൈലന്‍സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും,  വൈബ്രന്റ് ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ഓഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്സ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കും.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സിഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങള്‍ വഴിയാണ് രണ്ടു മാസത്തെ പരിശീലനം നല്‍കുന്നത്.  ക്ലാസുകള്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മെയ് 31നു അവസാനിക്കും.  പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യമായി നല്‍കും.  പരിശീലനത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും.
രജിസ്ട്രേഷന്‍ bit.ly/48Goc0z എന്ന ഗൂഗിള്‍ ലിങ്കുവഴി ചെയ്യാം. വെബ്സൈറ്റ് : www.tet.cdit.org. ഫോണ്‍ : 04712322100, 2321360.

 

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം
വേനല്‍ക്കാലത്ത് ജലജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വേനല്‍ കടുത്തതോടെ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളില്‍ ജലജന്യരോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ പത്തനംതിട്ട, പന്തളം മുനിസിപ്പാലിറ്റികള്‍, കോന്നി, മല്ലപ്പള്ളി, ഇലന്തൂര്‍, കടമ്പനാട്, ഏഴംകുളം, ചന്ദനപ്പള്ളി, തണ്ണിത്തോട്, മലയാലപ്പുഴ, മൈലപ്ര, മെഴുവേലി, വടശേരിക്കര എന്നിവിടങ്ങളില്‍ കഴിഞ്ഞ  മാസം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ നന്നായി ഉരച്ചു കഴുകി വൃത്തിയാക്കിയതിനു ശേഷം വെള്ളം നിറച്ചുവെക്കാന്‍ ശ്രദ്ധിക്കണം. പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കണം. വീടിനുള്ളിലെ ഫ്രിഡ്ജ് കൂളറിന്റെ അടിയിലെ ട്രേ എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും പരിശോധിച്ച് കൊതുകിന്റെ കൂത്താടികളില്ല എന്നുറപ്പുവരുത്തണം. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ചെടിച്ചട്ടികള്‍ക്കടിയില്‍ വെയ്ക്കുന്ന ട്രേ എന്നിവിടങ്ങളിലും വെള്ളംകെട്ടി നില്‍ക്കാം. കൊതുകുകള്‍ പെരുകുന്നത് തടയാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചെറിയപനി ഉണ്ടായാല്‍ പോലും സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രികളിലെത്തി ചികിത്സ തേടണം. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്കക്ക് വീണ്ടും രോഗബാധ ഉണ്ടായാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകാനും മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്.
പ്രായമായവര്‍,ഗര്‍ഭിണികള്‍ ഗുരുതരരോഗ ബാധിതര്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം
വേനല്‍ക്കാലത്ത് വയറിളക്കരോഗങ്ങള്‍ ഭക്ഷ്യവിഷബാധ എന്നിവയ്‌ക്കെതിരെയും ജാഗ്രത വേണം. വെള്ളം മലിനമാകാനുള്ള സാഹചര്യം കൂടുതലായതിനാല്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഉത്സവങ്ങളുടെയും വിപണനമേളകളുടെയും സമയമായതിനാല്‍ ശീതളപാനീയങ്ങള്‍, ഐസ്, സര്‍ബത്തുകള്‍ എന്നിവ ശുദ്ധജലത്തില്‍ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍, വാങ്ങികഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ചൂടു കൂടിയ സാഹചര്യമായതിനാല്‍ ഭക്ഷണം വേഗം കേടാകാന്‍ സാധ്യതയുണ്ട്. മലിനമായജലം, ഭക്ഷണം, വ്യക്തിശുചിത്വമില്ലായ്മ,പരിസരശുചിത്വമില്ലായ്മ, എന്നിവ ജലജന്യരോഗങ്ങള്‍ക്കു കാരണമാകാം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങളും വേനല്‍ക്കാലത്ത് കൂടുതലായി കാണുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉടന്‍ ചികിത്സ തേടണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നടീല്‍ വസ്തുക്കളുടെ വിതരണം നിര്‍വഹിച്ചു

പെരിങ്ങര ഗ്രാമ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിലൂടെ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. കാര്‍ഷിക വികസനക്ഷേമവകുപ്പും ഗ്രാമപഞ്ചായത്ത് കൃഷിഭവനും  ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുറ്റിക്കുരുമുളക്, പച്ചക്കറി തൈകള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് വിതരണം നിര്‍വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൃഷി ഓഫീസര്‍ ഡോ. അഞ്ചു മറിയം ജോസഫ്, അസിസ്റ്റന്റ് ഓഫീസര്‍ ജേക്കബ് തോമസ്, കൃഷി അസിസ്റ്റന്റ് ഷിനോജ്, റസീന ബീവി തുടങ്ങിയവര്‍ പങ്കെടുത്തു

ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി മാര്‍ച്ച് 11  ന് പകല്‍  മൂന്നുവരെ. ഫോണ്‍ : 9188522990.

ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 മുതല്‍ 16 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയമുള്ള സംരംഭകര്‍ക്ക് പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ,ജിഎസ്ടി ആന്‍ഡ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്‍ഡ് ടീം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ പരിശീലനത്തിന്റെ ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് താമസം ഉള്‍പ്പെടെ 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റായ  www.kied.Info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890,2550322,9188922800.

ഇന്റര്‍വ്യൂ
ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍  ഇന്‍സ്ട്രമെന്റ് മെക്കാനിക്  ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ  ഒരു ഒഴിവ്. ഇന്‍സ്ട്രമെന്റെഷന്‍ /ഇന്‍സ്ട്രമെന്റെഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇന്‍സ്ട്രമെന്റെഷന്‍ /ഇന്‍സ്ട്രമെന്റെഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗില്‍   മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍  ഇന്‍സ്ട്രമെന്റ് മെക്കാനിക് ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ  പ്രവര്‍ത്തി  പരിചയവും  ഉള്ളവര്‍  14ന് രാവിലെ 11ന്  ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ. ടി. ഐ. യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710

ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ഒടുക്കുന്നതിന് മാര്‍ച്ച് ഒന്‍പതിന് (ശനി) ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും രാവിലെ 10 മുതല്‍ മൂന്നു വരെ നികുതി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു.

 

 

error: Content is protected !!