ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്‌മെന്റ് നടത്തി കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടി : മന്ത്രി പി എ മുഹമ്മദ് റിയാസ്

 അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു:  നിര്‍മാണം പൂര്‍ത്തിയാക്കുന്നത് നാല്‌കോടി 81 ലക്ഷത്തിന്

konnivartha.com: ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്‌മെന്റ് നടത്തി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കേരളം പ്രളയത്തിന്റെ സമയത്ത് പകച്ച് നിന്നപ്പോള്‍ ഏറ്റവും ഫലപ്രദമായി ദുരന്ത മുഖത്ത് ഇടപെട്ട സേനയാണ് ഫയര്‍ ഫോഴ്‌സ്. ആധുനിക ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കി സേനയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാല്‌കോടി 81 ലക്ഷം രൂപ ചെലവിലാണ് അടൂര്‍ ഫയര്‍ സ്റ്റേഷന്‍ പൂര്‍ത്തിയാക്കുന്നത്. സമയബന്ധിതമായി ഫയര്‍ സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്നും ഡപ്യൂട്ടി സ്പീക്കറിന്റെ ഇടപെടലില്‍ മികച്ച വികസനമാണ് അടൂരില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തി നവകേരളം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂരിന്റെ എല്ലാ മേഖലകളിലും വലിയ വികസനമാണ് നടക്കുന്നത്. 2011 ലാണ് പുതിയ ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിനായി സ്ഥലം ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് നിവേദനം നല്‍കിയത്. ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് മുതലുള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കും. ജനറല്‍ ആശുപത്രി പുതിയ കെട്ടിടം, ശ്രീമൂലം ചന്ത , സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, നെടുങ്കുന്നുമല ടൂറിസം പദ്ധതി, പട്ടയ വിതരണം തുടങ്ങി എല്ലാ മേഖലകളും വികസനത്തിന്റെ പാതയിലാണെന്നും ഇനിയും മുന്നോട്ട് പോകാന്‍ എല്ലാ ആളുകളുടെയും കൂട്ടായ്മയും ആത്മാര്‍ത്ഥ പരിശ്രമവും വേണമെന്നും ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

അടൂര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ രാജി ചെറിയാന്‍, കൗണ്‍സിലര്‍മാരായ ഡി സജി, ബിന്ദു കുമാരി, പി ഡബ്ലു ഡി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ വി കെ ജാസ്മിന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.