konnivartha.com: 2024-25 കേരള ബജറ്റില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ 20 നിര്‍ദ്ദേശ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് അഭിമാനനേട്ടമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 101 കോടി 50 ലക്ഷം രൂപയാണ് ആകെ അടങ്കല്‍ ആയി 20 പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
ഇതില്‍ ആറ് പദ്ധതികള്‍ നിര്‍വഹണസജ്ജമാകത്തക്ക തരത്തില്‍ ടെണ്ടറിംഗ് നടപടികള്‍ക്ക് ധനകാര്യ വകുപ്പ് വകയിരുത്തി. ഗവ എല്‍പിഎസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് രണ്ടു കോടി രൂപയും പന്തളം എഇ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് രണ്ടര കോടി രൂപയും വടക്കടത്തുകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒന്നരകോടി രൂപയും പന്തളം സബ്ട്രഷറിക്ക് രണ്ട് കോടി രൂപയും ഏനാത്ത് പഴയ എംസി റോഡ് ലിങ്ക് റോഡ് നിര്‍മ്മാണത്തിന് മൂന്നര കോടി രൂപയും അടൂരില്‍ ഹോസ്റ്റല്‍ സൗകര്യത്തോടുകൂടിയുള്ള കാര്‍ഷിക പരിശീലന കേന്ദ്രത്തിന് മൂന്നര കോടി രൂപ എന്നീ പദ്ധതികളാണ് അടൂര്‍ മണ്ഡലത്തില്‍ ടെണ്ടറിംഗ് അടങ്കല്‍ വകയിരുത്തി ഉടന്‍ നടപ്പിലാക്കുന്നത്.
ചിറമുടിച്ചിറ ടൂറിസം പദ്ധതിക്ക് രണ്ടു കോടി രൂപ, കൊടുമണ്‍ മുല്ലോട്ട് ഡാമിന് ഒന്നര കോടി രൂപ, പന്തളം പിഡബ്ലുഡി അസി. എഞ്ചിനീയറുടെ ഓഫീസിന് 10 കോടി രൂപ, അടൂര്‍ സാംസ്‌കാരിക സമുച്ചയത്തിന് അഞ്ച് കോടി രൂപ, നെല്ലിമുകള്‍-തെങ്ങമം -വെള്ളച്ചിറി-ആനയടി റോഡിന് 10 കോടി രൂപ, കൊടുമണ്‍ അങ്ങാടിക്കല്‍ റോഡിന് എട്ട് കോടി രൂപ, പറന്തല്‍ തോട് പുനരുദ്ധാരണത്തിന് 10 കോടി രൂപ, കൊടുമണ്‍ സ്റ്റേഡിയം അനുബന്ധ കായിക വിദ്യാലയം 10 കോടി രൂപ, അടൂര്‍ ഏനാത്ത് പാലം കല്ലടയാര്‍ വലതുകര സംരക്ഷണം അഞ്ച് കോടി രൂപ, ആതിരമല ടൂറിസം പദ്ധതി നാല് കോടി രൂപ, പന്തളം അഗ്രോ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ രണ്ട് കോടി രൂപ, പന്നിവിഴ പറക്കോട്-തേപ്പുപാറ റോഡ് 12 കോടി രൂപ, പള്ളിക്കല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ രണ്ടു കോടി രൂപ, മുട്ടാര്‍ നീര്‍ച്ചാല്‍ പുനരുദ്ധാരണം അഞ്ച് കോടി രൂപ എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റു പദ്ധതികള്‍.
ഗവ. എല്‍പിഎസ് മുണ്ടപ്പള്ളിക്ക് അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണം, വടക്കടത്തുകാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കെട്ടിട നിര്‍മ്മാണം, ഏനാത്ത് എംസി ലിങ്ക് റോഡ്, ഹോസ്റ്റല്‍ സൗകര്യത്തോടെ അടൂരില്‍ കാര്‍ഷിക പരിശീലന കേന്ദ്രം, പറന്തല്‍ തോട് പുനരുദ്ധാരണം, അടൂര്‍ ഏനാത്ത് പാലം, കല്ലടയാര്‍ വലതുകര സംരക്ഷണം, പന്തളം അഗ്രോ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍, പള്ളിക്കല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ എന്നിവയാണ് പുതിയതായി നിര്‍ദ്ദേശിച്ച ഒന്‍പത് പദ്ധതികള്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഭരണാനുമതി നടപടികളുടെ അന്തിമഘട്ടത്തിലെത്തിയ പ്രവൃത്തികളും ഈ സാമ്പത്തിക വര്‍ഷം ടെന്‍ഡറിംഗ് അടങ്കല്‍ അംഗീകരിച്ച് നല്‍കിയ പദ്ധതികളും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തോടെ തന്നെ സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.