Trending Now

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം വെള്ളിയാഴ്ച

Spread the love

konnivartha.com : മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം ഗീവർഗീസ് മോർ അത്താനാസ്യോസ് , യൂഹാനോൻ മോർ മിലിത്തിയോസ്, മാത്യൂസ് മോർ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത് . ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറ്റ് നടത്തി.

വൈകുന്നേരം ആറുമണിക്ക് കബറിങ്കൽ നിന്നും പ്രാർത്ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂർ കുരിശടിയിൽ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയർത്തി. . ഗബ്രിയേൽ റമ്പാൻ , ബേസിൽ റമ്പാൻ, ഫാദർ റോബി ആര്യാടൻ പറമ്പിൽ , ബോബി ജി വർഗീസ്, ഫാദർ ഗീവർഗീസ് ബ്ലാഹേത്ത് , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ വിളവിനാൽ തുടങ്ങിയവർ പങ്കെടുത്തു.

വെള്ളിയാഴ്ചയാണ്  തീർത്ഥാടക സംഗമം . ശനിയാഴ്ച പ്രധാന പെരുന്നാൾ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തീർത്ഥാടകർ കാർനടയായിട്ട് യാത്ര ആരംഭിച്ചു കഴിഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന യാത്രകൾ ശനിയാഴ്ച പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കൽ എത്തിച്ചേരും. കണ്ണൂരിലെ കേളകം, വയനാട്ടിലെ മീനങ്ങാടി എന്നിവിടങ്ങളിൽ നിന്നുമാണ് വടക്കൻ മേഖല തീർത്ഥയാത്രയുടെ തുടക്കം കുറിച്ചത്.

 

നിരവധി പള്ളികളിൽ നിന്നും രഥങ്ങൾ ഒരുക്കിയാണ് തീർത്ഥയാത്രകൾ ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷക്കാലത്തെ കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന പെരുനാളിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കും എന്നാണ് കണക്കാക്കുന്നത്. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പെരുന്നാൾ കമ്മിറ്റി ചെയർമാനും ദയറാ തലവനുമായ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത അറിയിച്ചു.

6-ാം തീയതി മുതൽ എല്ലാ ദിവസും രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുർബാനയും 12.30 ന് ഉച്ചനമസ്‌ക്കാരവും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്‌ക്കാരവും ഉണ്ടായിരിക്കും.

(6-ാം തീയതി )വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് തുമ്പമൺ ഭദ്രാസനത്തിന്റെ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന് റവ. ഫാ. ജിനോ ജോസഫ് കരിപ്പക്കാടൻ പ്രസംഗിക്കുന്നതുമാണ്.

(7-ാം തീയതി ) ചൊവ്വാഴ്ച രാവിലെ 9.30 ന് തുമ്പമൺ ഭദ്രാസന വനിതാസമാജത്തിന്റെ ധ്യാനയോഗം അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും കോഴിക്കോട് ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തുന്നതുമാണ്. അന്ന് വൈകിട്ട് 6.30 ന് ഗാന ശുശ്രുഷയും 7 മണിക്ക് റവ. ഫാ. യൂഹാനോൻ വേലിക്കകത്ത് പ്രസംഗിക്കുന്നതുമാണ്.

ഫെബ്രുവരി 8-ാംതീയതി ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. ഐയ്യർ ഐ. എ. എസ്. നിർവ്വഹിക്കും. 91 നിർദ്ധനരായ ആളുകൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. തുടർന്ന് 7 മണിക്ക് ഗാന ശുശ്രുഷയും, 7.30 ന് റവ. ഫാ. ജോർജി ജോൺ കട്ടച്ചിറ പ്രസംഗിക്കുന്നതുമാണ്.

ഫെബ്രുവരി 9-ാംതീയതി വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5 മണിക്ക് സന്ധ്യാ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും.10-ാം തീയതി വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത നമസ്‌ക്കാരവും 7.30 ന് മലബാർ ഭദ്രാസനത്തിന്റെ അഭിവന്ദ്യ മോർ സ്‌തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിമ്മേല്‍   കുർബ്ബാനയും ഉണ്ടായിരിക്കും എന്ന് കോറെപ്പിസ്കോപ്പ (കൺവീനർ ) ജേക്കബ് തോമസ്,മീഡിയാ കൺവീനർ ബിനു വാഴമുട്ടം എന്നിവര്‍ അറിയിച്ചു

© 2025 Konni Vartha - Theme by
error: Content is protected !!