Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാനപെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/09/2022 )

ഹരിതകര്‍മസേന ജില്ലാ സംഗമം ഉദ്ഘാടനം  (15)

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ – സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ സഹായിക്കുന്ന ജില്ലയിലെ ഹരിതകര്‍മസേന അംഗങ്ങളുടെ സംഗമം നാളെ  10 മണിക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

 

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ തദ്ദേശ സ്ഥാപന തലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഏകീകൃത നിരീക്ഷണത്തിനായി തയ്യാറാക്കിയ ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്റെ ജില്ലാതല ഉദഘാടനവും നടക്കും. ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹായത്തോടെ കെല്‍ട്രോണ്‍ ആണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

 

ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലുമാണ് ഇത് നടപ്പാക്കുന്നത്. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സംവിധാനത്തിലൂടെയാണ് ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അജൈവ പാഴ്വസ്തുക്കളുടെ ശേഖരണം, തരംതിരിവ്, സംഭരണം, കൈമാറല്‍, തുടങ്ങിയവ ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും.

മികച്ച ഹരിതകര്‍മ സേന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ ജില്ലാ സംഗമത്തോടനുബന്ധിച്ച് നടത്തുന്നതാണ്. കൂടാതെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും ഹരിത കര്‍മസേന അംഗങ്ങളെയും ആദരിക്കുകയും ചെയ്യുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാതല ഏകോപന സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍, നവകേരളം കര്‍മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

 

ജലജീവന്‍ പദ്ധതി : അവലോകന യോഗം നാളെ  (15)
ജില്ലയിലെ ജലജീവന്‍  പദ്ധതിയുടെ  പുരോഗതി വിലയിരുത്തുന്നതിന്  (15) ഉച്ച കഴിഞ്ഞ്  2.30 ന്  പദ്ധതിയുടെ എംഡി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്‍മാരും പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടറും ഡി എഫ് ഒ മാരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് രണ്ടിന് ജല ജീവന്‍ പദ്ധതി പ്രദേശം ഉള്‍പ്പെട്ടു വരുന്ന കോന്നി മണ്ഡലത്തിലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും.

ഫയല്‍ അദാലത്ത്
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനുവരി 31 വരെ പൊതുജനങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളതും തീര്‍പ്പാക്കാത്തതുമായ ഫയലുകള്‍ക്ക് അടിയന്തര നടപടി സ്വീകരിക്കുന്നതിനായി ഈ മാസം 23 ന്  രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍  അദാലത്ത് നടത്തുന്നു. തീര്‍പ്പാകാത്ത ഫയലുകളുടെ വിവരങ്ങള്‍ ഈ മാസം 20  നു മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കുകയും അദാലത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 4 288 621

ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2022-23 വര്‍ഷത്തില്‍ 2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ തത്പരരായ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി  ഈ മാസം 26 ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0473 4 256 765

ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും
പട്ടികജാതിവിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജോലി നേടുന്നതിന് പ്രവര്‍ത്തി പരിചയം നേടുന്നതിനായി ജില്ലാ പഞ്ചായത്തിലേയും നഗരസഭാസ്ഥാപനങ്ങളിലേയും എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ്സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിനായി  2022-23 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പ്രോജക്ടുകള്‍ നടപ്പാക്കുന്നു.  ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭാലിസ്റ്റില്‍ നിന്നുമാണ്.
ബിഎസ്‌സി നേഴ്സിംഗ്, ജനറല്‍ നേഴ്സിംഗ്, എംഎല്‍റ്റി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ തുടങ്ങിയ പാരാ മെഡിക്കല്‍ യോഗ്യതയുള്ളവര്‍, എഞ്ചിനീയറിംഗ് ,പോളിടെക്നിക്, ഐറ്റിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ള 35 വയസില്‍ താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 തീയതി വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2023 ഫെബ്രുവരി 28 നുള്ളില്‍ അതാതു വില്ലജ് ഓഫീസറില്‍ നിന്നുള്ള പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും റദ്ദ് ചെയ്യുമെന്ന് പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 4  288 621

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്: 15 മുതല്‍ 20 വരെ
പത്തനംതിട്ട നഗരസഭയില്‍ വളര്‍ത്ത് നായ്കള്‍ക്കും പൂച്ചകള്‍ക്കും ഉള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ ഈ മാസം 15,16,17,19,20 തീയതികളില്‍ നടത്തും. കുത്തിവയ്പിന് 15 രൂപ ഫീസ് ഉണ്ടായിരിക്കും. നഗരസഭ പരിധിയിലുള്ള മുഴുവന്‍ വളര്‍ത്ത് നായ്കള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കി ലൈസന്‍സ് എടുക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

തീയതി, സമയം ,സ്ഥലം എന്ന ക്രമത്തില്‍
15ന് രാവിലെ ഒന്‍പതിന് വാളുവെട്ടുംപാറ, 10ന് വഞ്ചിപൊയ്ക, 11ന് തോണിക്കുഴി, 12ന് പെരിങ്ങമല, രണ്ടിന് മുണ്ടു കോട്ടയ്ക്കല്‍, മൂന്നിന് ശാരദാമഠം.
16ന് രാവിലെ ഒന്‍പതിന് പൂവന്‍പാറ ക്ഷേത്രം, 10ന് വല്ല്യയന്തി, 11ന് കൈരളീപുരം, 12ന് അഞ്ചക്കാല, രണ്ടിന് ആനപ്പാറ, മൂന്നിന് കുമ്പഴ പാറമട.
17 ന് രാവിലെ ഒന്‍പതിന് ഐറ്റിസി പടി അംഗന്‍വാടി, 10ന് തുണ്ടമണ്‍കര, 11ന് കുമ്പഴ മാര്‍ക്കറ്റ്, 12ന് കുമ്പഴക്കുഴി, രണ്ടിന് പ്ലാവേലി സ്‌കൂള്‍, മൂന്നിന് പരുത്യാനിക്കില്‍.
19ന് രാവിലെ ഒന്‍പതിന് മൈലാടുംപാറ, 10ന് എഞ്ചിനീയറിംഗ് കോളേജ്, 11ന് വൈഎംസിഎ ജംഗ്ഷന്‍ വാര്‍ഡ് രണ്ട്, 12ന് നന്നുവക്കാട്, രണ്ടിന് ഡോക്ടേഴ്‌സ് ലൈന്‍, മൂന്നിന് കരിമ്പനാക്കുഴി.
20ന് രാവിലെ ഒന്‍പതിന് താഴെവെട്ടിപ്പുറം ഇടത്താവളം. 10ന് വലഞ്ചുഴി, 11ന് കല്ലറക്കടവ്, 12ന് അഴൂര്‍, രണ്ടിന് അമ്മിണി മുക്ക്, മൂന്നിന് കൊടുന്തറ.
ഇതു കൂടാതെ, ബുധന്‍, ശനി ദിവസങ്ങളില്‍ എട്ട് മുതല്‍ 11 വരെ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളില്‍ കുത്തിവയ്പ് സൗകര്യം ഉണ്ടായിരിക്കും.

ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ അഭിമുഖം 17ന്
ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്റ്റിസി /എന്‍എസി യോഗ്യതയും പ്രവര്‍ത്തി  പരിചയവും ഉള്ളവര്‍ ഈ മാസം 17ന് രാവിലെ 11 ന്   അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐ യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അഫിയിച്ചു. ഫോണ്‍ : 0468 2 258 710.

ക്വട്ടേഷന്‍
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ മാസ വാടകയ്ക്ക് ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുളള (25000 കി.മീറ്ററില്‍ താഴെ ഓടിയ) ടാക്സി പെര്‍മിറ്റോടുകൂടിയ എസ്‌യുവി (എസി) ആവശ്യമുണ്ട്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2 223 983.

വാര്‍ഷിക പദ്ധതികള്‍ക്ക് അപേക്ഷിക്കാം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോമുകള്‍ ഈ മാസം 22ന് വൈകിട്ട് അഞ്ച് വരെ പഞ്ചായത്ത് ഓഫീസ്, അങ്കണവാടികള്‍, കൃഷിഭവന്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.


ലൈസന്‍സ് എടുക്കണം

പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി ദിവസ/മാസ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ലോഡ്ജുകളും, അപ്പാര്‍ട്ട്മെന്റുകളും, ഹോം സ്റ്റേകളും അടിയന്തിരമായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുത്ത് നിയമ വിധേയമായി പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പോഷക ഉത്പന്ന നിര്‍മ്മാണ പരിശീലനം 17ന്

കേന്ദ്ര സര്‍ക്കാരിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ഈ മാസം 17ന് രാവിലെ 10ന് തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പോഷക ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ രീതികളെകുറിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ക്ക് മുന്‍ഗണന ക്രമം അനുസരിച്ച് നടീല്‍ വസ്തുക്കളും പച്ചക്കറി വിത്തുകളും നല്‍കും. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കും. ഫോണ്‍ : 8078 572 094
error: Content is protected !!