തിരുവല്ല നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ എസ്റ്റിപിയുടെയും കേരള വാട്ടര്‍ അതോററ്റിയുടെയും സംയുക്ത അവലോകന യോഗം മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല റസ്റ്റ് ഹൗസില്‍ ചേര്‍ന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന റോഡുകളില്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃ ത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കേടുപാടുകള്‍ അതത് സമയത്ത് തന്നെ പരിഹരിക്കണമെന്നും എം എല്‍എ ആവശ്യപ്പെട്ടു.
102.89 കോടി രൂപയ്ക്ക് 23 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപരേഖ കെ എസ്റ്റിപിക്കു വേണ്ടി ഓസ്‌ട്രേലിയന്‍ കമ്പനിയാണ് തയാറാക്കിയത്. മല്ലപ്പള്ളി കോമളം 5.46 കി.മി, വെണ്ണിക്കുളം – നാരകത്താനി 1.82 കി. മി, കവുങ്ങും പ്രയാര്‍ – പാട്ടക്കാല 3.19 കി.മി, കോമളം – കല്ലൂപ്പാറ 3.8 കി. മി, കല്ലൂപ്പാറ – ചെങ്ങരൂര്‍ 2.22 കി. മി, മൂശാരികവല – പരിയാരം 1.10 കി. മി, കാവിനപ്പുറം – പാലത്തിങ്കല്‍ പടി – 2.33 കി. മി എന്നീ റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
യോഗത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല, കെഎസ്റ്റിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ. ജാസ്മിന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ആന്‍ ശില്പ ജോര്‍ജ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.യു. മിനി, കെഎസ്റ്റിപി കണ്‍സള്‍ട്ടന്റ് പി.എ. റാസി കരാറുകാരന്റെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.