Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ക്ക് “എരിവ് “കൂടുതലാണ്

News Editor

ജൂൺ 14, 2021 • 4:42 am

സ്മൃതി ബിജു വരയ്ക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങള്‍ക്ക് “എരിവ് “കൂടുതലാണ്

 

അഗ്നി @കോന്നി വാര്‍ത്ത ഡോട്ട് കോം 

കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി വെട്ടൂർ പേഴുംകാട്ടിൽ വീട്ടില്‍ ചെന്നാല്‍ സ്മൃതി ബിജു ഒരുക്കിയ ചിത്രങ്ങള്‍ ഒരുപാട് കഥകള്‍ പറയും . ഇന്നലെ മുതല്‍ ബിജുവിന്‍റെ കൈവിരുതില്‍ വരച്ചു ചേര്‍ത്തത് സംസ്ഥാന മന്ത്രിമാരുടെ ചിത്രങ്ങളാണ് . അതിലും വലിയ പ്രത്യേകത . എല്ലാ മന്ത്രിമാരുടെയും ചിത്രങ്ങള്‍ക്ക് എരിവ് കൂടുതലാണ് .ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ആറന്‍മുള എം എല്‍ എയുമായ വീണാ ജോര്‍ജിന്‍റെ ചിത്രം മുളക്, മല്ലി, മഞ്ഞൾ തുടങ്ങി ഒട്ടനവധി കറി കൂട്ടുകൾ ഉപയോഗിച്ചാണ് വരച്ചത് . മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും ചിത്രം മുളക് മല്ലി മഞ്ഞള്‍ പൊടിയില്‍ ഉടന്‍ വരയ്ക്കുമെന്ന് സ്മൃതി ബിജു “കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു “പറഞ്ഞു . ആരോഗ്യ പൂർണ്ണമായ ജീവിതത്തിന് മായം ചേരാത്ത കറി പൗഡർ എന്ന സന്ദേശവും ഈ കറി മസാല കൂട്ടില്‍ വിരിഞ്ഞ ചിത്രത്തിലൂടെ സ്മൃതി ബിജു നൽകുന്നു. ഗിന്നസ് ബുക്ക് അധികാരികള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചു കൊടുക്കും എന്നും ബിജു പറഞ്ഞു .ചീരയിലും ചായക്കറയിലും ചിത്രം വരയ്ക്കാന്‍ ഉള്ള തയ്യാറിലാണ് ബിജു .

ഇന്ത്യക്കകത്തും പുറത്തുമായി ധാരാളം ആർട്ടു വർക്കുകൾ ചെയ്യുന്ന സ്മൃതി ബിജു ഇപ്പോൾ പൂന യൂണിവേഴ്സിറ്റിയുടെ ചുവരുകളിലേക്കുള്ള ശില്പ നിർമ്മാണത്തിലാണ്. വീട്ടിലേക്ക് കടന്നു ചെന്നാല്‍ കാണുന്നത് ഒരു ചെറിയ മ്യൂസിയമാണ് . ആർട്ടിസ്റ്റ് സ്മൃതി ബിജുവിന്റെ കരവിരുതിലാണ് ഇവയുടെ അഴക് നിറഞ്ഞു നില്‍ക്കുന്നത് . ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ നാടിന്‍റെ സാംസ്കാരിക തനിമയും പച്ചപ്പും വിളിച്ചോതുന്നു .

നൃത്തരൂപങ്ങളിൽ ചിലത് ഡൽഹി ക്രൈസ്റ്റ് സർവകലാശാല കാമ്പസിലെ ഒാഡിറ്റോറിയത്തിന്റെ ചുവരുകളിൽ സ്ഥാപിച്ചിട്ടുണ്ട്. മസ്കറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ സ്റ്റേജ് ഡിസൈനിംഗ് ചിത്രങ്ങൾ കണ്ട ചില അറബികൾ വീടുകളിലെ അകം ചുവരുകളിൽ ബിജുവിന്റെ ചിത്രങ്ങൾ പതിച്ചു .

വയനാട് ആദിവാസി ഊരിലെ മുത്തശ്ശി കുടിലിന് മുന്നിലിരിക്കുന്ന ദൃശ്യത്തിന്റെ മ്യൂറൽ പെയിന്റിംഗിന് 2016ൽ ആർട്ട് മെൻസ്ട്രൊ അന്താരാഷ്ട്ര അവാർഡ് ലഭിച്ചു. 2019ൽ സംസ്ഥാന ലളിത കലാ അക്കാഡമി അവാർഡിനു വേണ്ടി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഇതും ഉൾപ്പെട്ടിരുന്നു.

വീട്ടിലെ ഒരു മുറി നിറയെ സ്മൃതി ബിജു വരച്ച നൂറോളം മ്യൂറൽ പെയിന്റിംഗുകളുണ്ട്. ഇന്റീരിയർ ഡിസൈൻ രംഗത്തും വൈദഗ്ദ്ധ്യം തെളിച്ച കലാരൂപങ്ങൾ തിരുവനന്തപുരം മാർ ഇവാനിയോസ് മ്യൂസിയം, നെടുമങ്ങാട്, വിതുര എന്നിവിടങ്ങളിലെ പള്ളികളു‌ടെ ചുവരുകളിലുണ്ട്.ശബരിമല പാതകളിൽ സ്ഥാപിച്ച ആരോഗ്യ വകുപ്പിന്റെ കൊവിഡ് മുന്നറിയിപ്പ് പരസ്യങ്ങൾ രൂപകൽപ്പന ചെയ്തത് ബിജുവാണ്. ഡിജിറ്റൽ പെയിന്റംഗ് രംഗത്തും ശ്രദ്ധേയനാണ്.

പന്തളം തൃക്കാർത്തിക സ്കൂൾ ഒഫ് ആർട്സിൽ നിന്നാണ് ചിത്രരചന പഠിച്ചത്. കുമ്പഴ മൗണ്ട് ബഥനി, ളാക്കൂർ ഗവ: എല്‍ പി സ്കൂൾ എന്നിവടങ്ങളിൽ ഡ്രോയിംഗ് അദ്ധ്യാപകനായും സ്മൃതി ബിജു ജോലി ചെയ്യുന്നു. ഭാര്യ റസീന, മകൻ അലോഷി (പ്ളസ് ടു വിദ്യാർത്ഥി / ഫോണ്‍ : 99616 38403

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.