Trending Now

പത്തനംതിട്ട ജില്ലയിലെ “വരയാടിൻ കൊക്കയില്‍” പുതിയ അതിഥികള്‍

 

ജഗീഷ് ബാബു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ എണ്ണത്തിൽ പത്തനംതിട്ട ജില്ലയിലെ വനത്തില്‍ വർധനവെന്ന് വനം വകുപ്പിന്‍റെ പ്രാഥമിക പഠനം.
ഗവി വനമേഖലയിലെ പെരിയാർ കടുവസങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ കീഴിലുള്ള പച്ചക്കാനം വനം സ്റ്റേഷൻ പരിധിയിലെ ” വരയാടിൻ കൊക്ക ” എന്ന പ്രദേശത്താണ് വരയാടിൻ കൂട്ടത്തെ ഇപ്പോള്‍ കൂടുതലായി കാണാൻ കഴിയുന്നത് .

എന്നാൽ ഒരേ സമയം ഇത്രയും അധികം കൂട്ടത്തോടെ വരയാടുകളെ കാണുന്നത് ഈ അടുത്ത കാലത്താണെന്ന്  വനപാലകർ പറഞ്ഞു.കൂടുതല്‍ പരിശോധനകൾ നടത്തിയങ്കിലേ എണ്ണത്തേ കുറിച്ചു വ്യക്തമായ കണക്കുകള്‍ ലഭ്യമാകൂ.റാന്നി വനം ഡിവിഷനിൽ പച്ചക്കാനം സ്റ്റേഷന്‍റെ പരിധിയിലായിരുന്ന ഈ സ്ഥലം 2013 ൽ ആണ് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷന്‍റെ ഭാഗമായി മാറിയത്.

59 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരുന്ന വനഭൂമിയിലെ ചെങ്കുത്തായ മലമ്പ്രദേശങ്ങളാണ് വരയാടുകളുടെ ആവാസ മേഖല. വിവിധ സമയത്ത് നടന്നിട്ടുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി വരയാടുകൾ ഈ മേഖലയിൽ ഉണ്ടെന്നാണ് വനം അധികൃതർ വ്യക്തമാക്കുന്നത്.
അതിരാവിലെയും വൈകുന്നേരവുമാണ് ഇവയെ കാണാൻ കഴിയുക.. ചെറിയ ശബ്ദം ഉണ്ടായാൽ കൂടിഇവ പാറയിടുക്കുകളിൽ ഓടിയൊളിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പ്രജനന കാലം. ഈ മാസവും ഫെബ്രവരിയിലും ഇതുവഴിയുള്ള യാത്രകൾക്ക് വനം വകുപ്പ് നിയന്ത്രണം ഉണ്ടാവും.പ്രസവം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇവ പുറത്തേക്കു വരാറ്.ശരാശരി ആയുസ്സ് മൂന്നര വർഷമാണ്. മറ്റ് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ സാധാരണയായി പ്രസവിക്കാറുള്ളത്.

ഒരു പ്രസവത്തിൽ ഒരു കുട്ടിയെ ഉണ്ടാക്കാറുള്ളുവെങ്കിലുംഅപൂർവ്വമായി ഇരട്ടകളേയും കാണാറുണ്ടെന്ന് വനം പാലകർ പറഞ്ഞു. തവിട്ട് കലർന്ന ചാര നിറവും വയർ ഭാഗത്തും കഴുത്തിലും വെള്ള നിറവുമുള്ള വരയാടുകൾക്കു ചെറിയ പരന്ന കൊമ്പുകളും ഉണ്ട്. ഗർഭ കാലം 180 ദിവസമാണ്. നീലഗിരി താർ എന്നാണ് ശാസ്ത്രീയ നാമം.വനം വകുപ്പിന്‍റെ നേതൃത്വത്തിൽ വരയാടുകളുടെ സെൻസസ് നിലവിൽ നടത്താറില്ലയെങ്കിലും ഇവയെ നീരീഷിക്കാനായി വന പാലകരെ വനം വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

മൂഴിയാർ – ഗവി റോഡിൽ പമ്പ ഐ സി ചെക്ക് പോസ്റ്റിനു സമീപത്തുനിന്നും ഒന്നര കിലോമീറ്റർ വലത്തോട്ടു ഉൾവനത്തിലേക്ക് മാറി വരയാടിൻ കൊക്ക എന്ന സ്ഥലത്താണ് ഇവയെ കൂട്ടമായി കാണാൻ കഴിയുന്നത്.ഈ പ്രദേശം അഗാധമായ കൊക്കയാണ് .ഇവിടെയാണ് വരയാടുകൾക്ക് കഴിയാൻ പറ്റിയ വാസസ്ഥലം . ഇത്തര സ്ഥലങ്ങളും
തണുത്ത കാലാവസ്ഥയും ഏറെ അനുയോജ്യമായ വാസസ്ഥലങ്ങളായാണ്    കണ്ടുവരുന്നത്.

error: Content is protected !!