കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു

Spread the love

കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു .

കോന്നി : കാട്ടില്‍ നിന്നും വന്ന് നാട്ടില്‍ എത്തി ഒരാളെ കൊന്ന നരഭോജി കടുവ പത്തു ദിനം വനപാലകരെ നാട്ടില്‍ വട്ടം ചുറ്റിച്ചു . കടുവ കാട്ടിലേക്ക് തന്നെ മടങ്ങിയെന്നുള്ള നിഗമനത്തിലാണ് തിരച്ചിലിന് എത്തിയ വനപാലക സംഘം . കടുവയെ കണ്ടെത്തിയാല്‍ ആനപ്പുറത്ത് കയറി വെടിവെയ്ക്കാന്‍ കൊണ്ടുവന്ന കുങ്കി ആനയും മടങ്ങി . കടുവയെ കണ്ടെത്തുവാന്‍ ഉള്ള ദൌത്യം ഏറെക്കുറെ പൂര്‍ത്തിയായി .
തണ്ണിത്തോട് മേടപ്പാറയില്‍ പതിനാല് ദിവസം മുന്‍പ് ടാപ്പിങ് തൊഴിലാളി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷിനെയാണ് കടുവ കടിച്ചു കൊന്നത് . അന്ന് മുതല്‍ കടുവയെ പിടികൂടാന്‍ വനപാലകര്‍ ശ്രമിച്ചു തുടങ്ങി . ഹെലിക്കാമില്‍ കടുവയുടെ ചിത്രം പതിഞ്ഞു എന്നത് ഒഴിച്ചാല്‍ കാര്യമായ പുരോഗതി ഉണ്ടായില്ല .

കടുവ ഓരോ ദിനവും ഏറെ ദൂരം സഞ്ചരിച്ചതോടെ കടുവയെ പല സ്ഥലത്തും കണ്ടെന്ന് നാട്ടുകാര്‍ വിവരം നല്‍കിക്കൊണ്ടിരുന്നു അവിടെ എത്തുന്ന വനപാലകര്‍ക്ക് കടുവയുടെ കാല്‍പ്പാദം പോലും കാണുവാന്‍ കഴിഞ്ഞില്ല . വിവിധ ജില്ലകളില്‍ നിന്നും വനപാലകരെ എത്തിച്ച് നാട്ടിലെ കാടുകള്‍ അരിച്ച്പെറുക്കി നോക്കി എങ്കിലും കടുവയെ മാത്രം കണ്ടെത്തിയില്ല . മ്ലാവ് ,കാട്ടുപോത്ത് ,കൂരന്‍ , കാട്ടുപന്നി എന്നിവയെ കാണുവാനെ കഴിഞ്ഞുള്ളൂ . കടുവ സമീപത്ത് ഉണ്ടെങ്കില്‍ ഇത്തരം കാട്ടുമൃഗങ്ങള്‍ ആ പരിസരത്ത് നില്‍ക്കില്ല എന്ന തിരിച്ചറിവ് പോലും വനപാലകര്‍ക്ക് ഇല്ലാതെ പോയി . കടുവയെ കണ്ടെന്നുള്ള ആളുകളുടെ പ്രചാരണം തെറ്റാണ് എന്നു തെളിഞ്ഞു .

തണ്ണിത്തോട് , മണിയാര്‍ , പേഴുംപാറ , വടശ്ശേരിക്കര ചംബോണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എഴുപതോളം വനപാലക സംഘവും ഷാര്‍പ്പ് ഷൂട്ടര്‍മാരായ പോലീസും തിരച്ചില്‍ നടത്തി . മയക്കു വെടിക്കാര്‍ നിറ തോക്കുമായി നിന്നു എങ്കിലും കടുവ എല്ലാവരെയും കളിപ്പിച്ച് സ്ഥലം വിട്ടു .ഈ തിരച്ചില്‍ ഇനത്തില്‍ വനം വകുപ്പ് എത്ര രൂപ ചിലവാക്കി എന്നുള്ള കണക്കിനു വേണ്ടി അടുത്ത ദിവസം ചിലര്‍വിവരാവകാശ അപേക്ഷ സമര്‍പ്പിക്കും എന്ന് “കോന്നി വാര്‍ത്തയെ “അറിയിച്ചു. നാട്ടുകാരുടെ പഴി കേള്‍ക്കാതെ ഇരിക്കാന്‍ കുറച്ചു വന പാലകരെ ദൌത്യത്തിന് നിര്‍ത്തിയിട്ടുണ്ട് . ബാക്കി എല്ലാവരും മടങ്ങി . ഇരുപതോളം ക്യാമറ നിരീക്ഷണത്തിനും , രണ്ടു കൂടുകള്‍ കെണിയായി വെച്ചിട്ടുണ്ട് .കടുവ ഇതില്‍ വീഴും എന്നുള്ള പ്രതീക്ഷ ചിലര്‍ക്ക് ഉണ്ട് . കടുവ കാട് കയറി എന്ന നിഗമനത്തിലാണ് വനപാലക സംഘം .തിരച്ചിലിന് എത്തിയ വനപാലക സംഘത്തെ അഭിനന്ദിക്കുന്നു . മഴയത്തും അവര്‍ കര്‍മ്മനിരതരായിരുന്നു .

രണ്ടു വീട്ടില്‍ നിന്നും പശുവിനെ പിടിച്ചു എങ്കിലും കടുവ തിന്നില്ല . കടുവായ്ക്ക് സാരമായ പരിക്ക് ഉണ്ടെന്നും വനപാലക സംഘം സംശയിക്കുന്നു . 8 ദിവസത്തിന് ഉള്ളില്‍ കടുവ ഉള്ളതിന്‍റെ ഒരു ലക്ഷണവും പ്രദേശങ്ങളില്‍ ഇല്ല . ഈ നരഭോജി കടുവയെ കണ്ടെത്തുവാന്‍ വനം വകുപ്പിനും കഴിഞ്ഞില്ല .ഒരു ചോദ്യം മാത്രം അവശേഷിക്കുന്നു ? കടുവ ജീവിച്ചിരിപ്പുണ്ടോ .അതിനും വേണം എങ്കില്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാന്‍ ഉള്ള സ്ഥലം ഒഴിച്ചിടുന്നു ………

അഗ്നി ദേവന്‍ / കോന്നി വാര്‍ത്ത ഡോട്ട് കോം

Leave a Reply

Your email address will not be published.

error: Content is protected !!