രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24 മുതൽ 26 വരെ കുമരകത്ത്

ബേർഡ്‌സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ പ്രകൃതിയും സിനിമയും വിനോദ സഞ്ചാരവും ഒന്ന് ചേർന്നുള്ള ലോകത്തിലെ തന്നെ അപൂർവ ചലച്ചിത്രമേളയായ
രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24,25,26 തീയതികളിൽ കാർഷിക സർവകലാശാലയുടെ കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കും. 24 ന് രാവിലെ പത്തു മുതൽ 11 വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏഴുപതോളം സിനിമകളും, ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. പദ്മശ്രീ സാലുമരാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കിയ രണ്ടു വേദികളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക.
പ്രകൃതി സംരക്ഷണത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ച് ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്കാരമായ ഗോൾഡൻ എലിഫന്റ് പ്രകൃതി പുരസ്‌കാരം സാലുമരാഡ തിമ്മക്കയ്ക്ക് സമ്മേളനത്തിൽ സമ്മാനിക്കും. ഇത് കൂടാതെ മേളയിലെ മികച്ച ചിത്രത്തിന് ക്രിസ്റ്റൽ എലിഫന്റും , മികച്ച ഹ്രസ്വ ചിത്രത്തിന് ക്രിസ്റ്റൽ ഔൾ പുരസ്കാരവും സമ്മാനിക്കും. ക്രിസ്റ്റൽ ഹോൺബിൽ ( മികച്ച ഡോക്യുമെന്ററി) , ഗോൾഡൺ ഔൾ ( മികച്ച ഫിക്ഷൻ ഷോട്ട് ഫിലിം (യൂത്ത് ) ) , ഗോൾഡൺ   ഹോൺബിൽ ( മികച്ച ഷോട്ട് ഡോക്യുമെന്ററി (യൂത്ത്) ) , സിൽവർ ഔൾ (കുട്ടികളുടെ വിഭാഗത്തിലെ മികച്ച ഷോട്ട് ഫിക്ഷൻ) സിൽവർ ഹോൺബിൽ (കുട്ടികളുടെ വിഭാഗത്തിലെ മികച്ച ഷോട്ട് ഡോക്യുമെന്ററി) പുരസ്കാരങ്ങളും മേളയിൽ സമ്മാനിക്കും.
മേളയിൽ  11 മണി മുതൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങും. 1.30 മുതൽ രണ്ടു വരെ പ്രതിനിധികൾക്ക് ചലച്ചിത്ര പ്രതിഭകളുമായി സംവദിക്കാൻ അവസരം ഉണ്ട്. എല്ലാ ദിവസവും വൈകിട്ട് ഏഴു മുതൽ എട്ടു വരെ കായലോരത്തെ തുറന്ന വേദിയിൽ പ്രത്യേക സിനിമാ പ്രദർശനവും കലാപരിപാടികളും ഉണ്ടാകും. അതിഥികൾക്കും  പ്രതിനിധികളായ വിദ്യാർത്ഥികൾക്കും എല്ലാ ദിവസവും രാവിലെ ആമ്പൽ വസന്തം , കുമരകം പക്ഷി സങ്കേതം , വേമ്പനാട്ട് കായൽ എന്നിവിടങ്ങൾ ബോട്ടിൽ സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
മൂന്നു വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്റർനാഷണൽ മത്സരവിഭാഗത്തിലും, സ്‌കൂൾ ആൻഡ് കോളേജ് സിനിമാ മത്സര വിഭാഗത്തിനും പുറമേ  റിട്രോസ്‌പെക്ടീവ് വിഭാഗവുമുണ്ട്. റിട്രോസ്‌പെക്ടീവ് വിഭാഗത്തിലാണ് ഇന്ത്യയിലെ പ്രശസ്ത വന്യജീവി ചലച്ചിത്രകാരൻ  സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങൾ  പ്രദർശിപ്പിക്കുന്നത്.
ഇന്റർനാഷണൽ മത്സര വിഭാഗത്തിൽ ഓസ്‌ട്രേലിയ, സ്വീഡൻ, യു.എസ്.എ , കാനഡ, ഫ്രാൻസ്, ഇസ്രയേൽ, നോർവേ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 12 ഡോക്യുമെന്ററികളാണ് പ്രദർശിപ്പിക്കുക. ടർക്കി , യു.എസ്.എ, ഇന്ത്യ, സഖാ റിപബ്ലിക്ക് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു കഥാചിത്രങ്ങളും, കാനഡ, ഫ്രാൻസ്, ലബനൻ, കമ്പോഡിയ, പെറു, യു.എസ്.എ , പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 12 ഷോട്ട് ഫിലിമുകളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. സുബ്ബയ്യ നല്ലമുത്തുവിന്റെ ആറ് ഡോക്യുമെന്ററികളും ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ഫിലിം പാക്കേജുകളുടെ ഭാഗമായി 20 ചിത്രങ്ങളും, ചൈനയിലെ ബീജിംങ് ഫിലിം അക്കാദമി വിദ്യാർത്ഥികൾ നിർമ്മിച്ച നാല് ചിത്രങ്ങളും, മലയാളികളായ വിവിധ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച 21  ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മികച്ച സിനിമയ്ക്കും ഷോട്ട്ഫിലിമുകൾക്കും പുരസ്‌കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 26 ന് രാവിലെ 11 ന്  നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്നു ഫെസ്റ്റിവൽ ഡയറക്ടർ സംവിധായകൻ ജയരാജ്, വി.എൻ വാസവൻ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ, ബിസിഐ സ്‌റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ.അഭിലാഷ്, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അവാർഡിന് അർഹമായ സിനിമകളെ തിരഞ്ഞെടുക്കുന്നതിനായി മറാത്തി സംവിധായിക സുമിത്ര ഭാവേ, ചൈനീസ് സംവിധായകൻ പാബ്ലോ റെൻ ബാവോലൂ, സ്‌പെയിനിൽ നിന്നുള്ള ക്വാസി അബ്ദുർ റഹിം, ഷൈനി ബെഞ്ചമിൻ എന്നിവർ അടക്കങ്ങുന്ന ജൂറിയും രൂപീകരിച്ചിട്ടുണ്ട്. ബേർഡ്‌സ് ക്ലബ് ഇൻർനാഷണൽ, കുമരകം ഗ്രാമപഞ്ചായത്ത്, കോട്ടയം ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാമത് റെയിൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. മാക്ടയും, സംസ്ഥാന ടൂറിസം വകുപ്പും , ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും,  കേരള കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രവും, കോട്ടയം പ്രസ് ക്ലബിന്റെ നേച്ചർ ക്ലബും, കാനറാ ബാങ്കും
ജെ.സി.ഐ സോൺ 22 ഉം, കോട്ടയം സി.എം.എസ് കോളേജും ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.
ബേർഡ്‌സ് ക്ലബ് ഇന്റർനാഷണലിന്റെ സ്ഥാപകൻ കൂടിയായ സംവിധായകൻ ജയരാജാണ് ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടർ. ഫെസ്റ്റിവലിന്റെ രക്ഷാധികാരികളായി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ റീന മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ജയലക്ഷ്മി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഇന്ദു ബി.നായർ എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ ചെയർമാനും, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ കൺവീനറുമാണ്.
മറ്റു ഭാരവാഹികളായി ധന്യാ സാബു(പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ), കെ. എം. ബാബു (ബ്ലോക്ക് പഞ്ചായത്ത് അംഗം, ഏറ്റുമാനൂർ ), ഹണി ഗോപാൽ (ഹൌസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ), ഡേവിഡ് സാമുവൽ (ഹൌസ് ബോട്ട് ഔനേഴ്സ് അസോസിയേഷൻ ), എ. പി. ഗോപി (വാർഡ് മെമ്പർ ), ഇന്ദിരാ ഭായ് (ഡി. ടി. പി. സി ) (വൈസ് ചെയർമാൻ), കെ. കേശവൻ (ഡി. ടി. പി. സി അംഗം ), ഡി. ജി. പ്രകാശൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സാലുമറാഡ തിമ്മക്ക

കർണ്ണാടകയിലെ തുംകുരു ജില്ലക്കാരിയായ തിമ്മക്കയുടെ പ്രകൃതി സംരക്ഷണ ശ്രമങ്ങളെ 2019 ൽ രാജ്യം പത്മശ്രീ നൽകിയാണ് ആദരിച്ചത്. ഹുളിക്കൽ മുതൽ കൂടൂർ വരെയുള്ള ഹൈവേയുടെ വശങ്ങളിൽ 385 പേരാലുകൾ നട്ടുപിടിച്ചിച്ചാണ് ഇവർ ലോകത്തിന്റെ ശ്രദ്ധയിൽ എത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള തിമ്മക്ക ഇതുവരെ ഏതാണ്ട് എണ്ണായിരത്തിലേറെ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നാഷണൽ സിറ്റിസൺ പുരസ്‌കാരവും ഇവരെ തേടി എത്തി. പ്രകൃതി സംരക്ഷണത്തിനായി ഇവർ നടത്തുന്ന ശ്രമങ്ങൾ മാനിച്ചാണ് ഇത്തവണ റെയിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരത്തിന് ഇവരെ തിരഞ്ഞെടുത്തത്.

സുബ്ബയ്യ നല്ലമുത്തൂ

ഇന്ത്യയിലെ പ്രസിദ്ധനായ വൈൽഡ് ലൈഫ് ഫിലിംമേക്കർമാരിൽ ഒരാളാണ് നല്ലമുത്തു. കടുവകളുടെ ജീവിത രീതികൾ അടക്കം കൃത്യമായി പഠിച്ച് ഇവ ഡോക്യുമെന്ററിയാക്കി മാറ്റുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. നാഷണൽ ജിയോഗ്രാഫി, ബിബിസി, ഡിസ്‌കവറി, ചാനലൽ ഫോർ, ആനിമൽ പ്ലാനറ്റ് സ്റ്റാർ ടിവി, ദൂരദർശൻ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറെ പ്രാധാന്യമുള്ള ആറു ഡോക്യുമെന്ററികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം ഫിലിം സൊസൈറ്റി

കേരളത്തിലെ തന്നെ ആദ്യ കാല ഫിലിം സൊസൈറ്റിയായ കോട്ടയം ഫിലിം സൊസൈറ്റി ഇപ്പോൾ പുനരുജ്ജീവനത്തിന്റെ പാതയിലാണ്.  സംവിധായകൻ അരവിന്ദനാണ് ഫിലിം സൊസൈറ്റിയ്ക്ക് തുടക്കമിട്ടത്. 1959 മുതൽ 1963 വരെ ഫിലിം സൊസൈറ്റി കൃത്യമായി ചലച്ചിത്ര പ്രദർശനങ്ങൾ അടക്കം സംഘടിപ്പിച്ചിരുന്നു.
പ്രശസ്ത സംവിധായകൻ സത്യജിത്ത് റേ അടക്കമുള്ളവർ പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നതാണ് ചരിത്രം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു