ഇത് കോന്നി കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ്

ചരിത്രത്തിന്റെ സ്‌മൃതി പഥങ്ങളിൽ രാജവംശത്തിന്റെ കഥ പറയുന്ന നാട് .
ചരിത്രവും ഐതിഹ്യവും വിശ്വാസവും കെട്ടി പിണഞ്ഞുകിടക്കുന്ന ഭൂമിക
സാഹിത്യസപരസ്യകൊണ്ട് കൈരളിയെ സംമ്പുഷ്ടമാക്കിയ കോന്നിയൂർ .
കാടറിയുന്ന സഹ്യന്റെമക്കൾക്ക് ഇടത്താവളമായ മണ്ണ് .
ഇത് കോന്നി .

കോന്നി മുന്‍കാലത്ത് കോന്നിയൂരായിരുന്നു. രാജാവ് പാര്‍ക്കുന്ന ഗ്രാമം എന്ന് അര്‍ത്ഥമുള്ള കോന്‍-ടി-ഊര്‍ എന്ന തമിഴ് വാക്കില്‍ നിന്നാണ് കോന്നിയൂര്‍ എന്ന സ്ഥലനാമവും തുടര്‍ന്ന് കോന്നിയും ഉണ്ടായത്. പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂര്‍വ്വചരിത്രവുമായി കോന്നിയുടെ ചരിത്രം അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു. പന്തളം രാജവംശത്തിന്റെ പൂര്‍വ്വീകര്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു. കൊല്ലവര്‍ഷം 79-ാം ആണ്ടില്‍ അവര്‍ കേരളക്കരയില്‍ എത്തിയെന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. കൊല്ലവര്‍ഷം 79 കന്നിമാസം 11-ാം തീയതി പന്തളത്തുതമ്പുരാന്‍ പാണ്ഡ്യരാജ്യത്തുനിന്നും കേരളത്തില്‍ പാര്‍ക്കാന്‍ വന്ന സമയം അദ്ദേഹത്തിന് തിരുവിതാംകൂറില്‍ നിന്നും ഒരു ചെമ്പുപട്ടയം കൊടുത്തിട്ടുണ്ട്. അത് ഇന്നും പന്തളം രാജകുടുംബത്തിന്റെ അധീനതയിലിരിക്കുന്നു. അത് കോലെഴുത്തില്‍ എഴുതിയിട്ടുള്ളതും വാചകരീതി മലയാളമായിട്ടും കാണുന്നു. അങ്ങനെയാണെങ്കില്‍ കൊല്ലവര്‍ഷം 79-നും കുറേക്കാലം മുമ്പെങ്കിലും ആ കുടുംബക്കാര്‍ പന്തളത്ത് വാസം ആരംഭിക്കുകയും രാജ്യഭരണം നടത്തുകയും ചെയ്തിരിക്കണം. അപ്പോള്‍ ഇന്നത്തേക്ക് പന്ത്രണ്ട് നൂറ്റാണ്ടിനു മുമ്പെങ്കിലും പന്തളം രാജ്യം നിലവില്‍ വന്നുകഴിഞ്ഞിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. പാണ്ഡ്യരാജവംശം ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂര്‍ ശാഖക്കാരാണ് പന്തളംരാജകുടുംബാംഗങ്ങളുടെ പൂര്‍വ്വീകര്‍. മധുര ഉപേക്ഷിച്ച അതിലെ ചെമ്പഴന്നൂര്‍ ശാഖക്കാര്‍ ശിവഗിരി എന്ന ഗ്രാമം (തമിഴ്നാട്) വിലയ്ക്കുവാങ്ങി അവിടെ താമസം തുടങ്ങി. ശിവഗിരിവിടേണ്ടിവരികയും കേരളാതിര്‍ത്തിയില്‍ എത്തുന്നതിനുമുമ്പു തന്നെ തെങ്കാശി, ഇലത്തൂര്‍മണിയം എന്നിവിടങ്ങളില്‍ സ്വത്തുക്കളും മറ്റും സമ്പാദിച്ച് താമസിക്കുകയും ചെയ്തു. അക്കാലത്ത് വേണാട് രാജാക്കന്മാരുടെ സഹകരണവും അവരുമായി വിവാഹബന്ധങ്ങളും ഉണ്ടായി. ആ സാഹചര്യത്തിലായിരിക്കണം വേണാടിന്റെ ആനുകൂല്യങ്ങളോടുകൂടി സഹ്യസാനുക്കളിലുള്ള അച്ചന്‍കോവില്‍, കോന്നിയൂര്‍ എന്നിവിടങ്ങളില്‍ താമസിക്കാനിടവന്നിട്ടുണ്ടാവുക. ഈ രാജവംശം കോന്നിയൂരില്‍ ഒരു നൂറ്റാണ്ടിലേറെക്കാലം താമസിച്ചിരുന്നതായി പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ള വസ്തുതയാണ്. കൊല്ലവര്‍ഷം 345-ാം ആണ്ട് മീനമാസം 17-ാം തീയതി രാജരാജവര്‍മ്മ എന്ന ഇളയരാജാവ് രേഖപ്പെടുത്തിയതായി കാണുന്ന മറ്റൊരു ലിഖിതപ്രകാരം, കൊല്ലവര്‍ഷം 345-നു മുമ്പുതന്നെ കോന്നിയൂരില്‍ ഒരു കോയിക്കല്‍ നിര്‍മ്മിച്ച് രാജകുടുംബത്തില്‍പ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും അവിടെ പാര്‍പ്പിച്ചിരുന്നതായി കാണാം. അച്ചന്‍കോവിലില്‍ നിന്നും പടിഞ്ഞാറോട്ടു നീങ്ങിയ ചെമ്പഴന്നൂര്‍ ശാഖക്കാര്‍ തുറ എന്ന സ്ഥലത്തെത്തി അച്ചന്‍കോവിലാറിനു കുറുകെ കടന്ന് കരിപ്പാന്‍തോട്, നടുവത്ത് മൂഴി, വയക്കര, കുമ്മണ്ണൂര്‍, ആനകുത്തി വഴി മഞ്ഞക്കടമ്പ് എത്തിച്ചേരുകയുണ്ടായി. ഒരു കോയിക്കലാണ് അവിടെ ആദ്യം പണിയിച്ചത്. അത് മഞ്ഞക്കടമ്പിനടുത്ത് കോയിക്കലേത്ത് എന്നറിയപ്പെടുന്നു. അവിടെയാണ് ആരംഭത്തില്‍ എല്ലാവരുമൊന്നിച്ചു പാര്‍ത്തത്. കൂടുതല്‍ ആളുകള്‍ വന്നുചേര്‍ന്നതോടുകൂടി പുതിയ കോയിക്കലുകള്‍ നിര്‍മ്മിച്ചു. ആറിന്റെ വടക്കേകരയില്‍ നിര്‍മ്മിച്ച കോയിക്കലേത്ത് കോയിക്കല്‍, നടുവിലെ കോയിക്കല്‍, മഠത്തില്‍കോയിക്കല്‍, മുണ്ടുവെലികോയിക്കല്‍, ഈറാട്ടുകോയിക്കല്‍, പുതിയകോയിക്കല്‍ എന്നീ കോയിക്കലുകളില്‍ താമസമാക്കുകയും ചെയ്തു. ഒപ്പം ബ്രാഹ്മണാലായങ്ങളായ മനകളും മഠങ്ങളും ഉണ്ടാക്കി. അവരോടൊപ്പം വന്ന പടയാളികള്‍ സമീപപ്രദേശങ്ങളില്‍ താമസിച്ചു. അവര്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന് ഗോപുരത്തുംമണ്ണ്, പാലവന്‍മണ്ണ് എന്നീ സ്ഥലങ്ങള്‍ ഉപയോഗിച്ചു. കളരിപരിശീലനം നല്‍കുന്നതിന് അയിരമണ്ണില്‍ കളരി സ്ഥാപിച്ചു. പരിശീലനത്തിനിടയില്‍ പരുക്കുപറ്റുന്നവരെ ചികിത്സിക്കുന്നതിന് വൈദ്യന്മാരെയും പാര്‍പ്പിച്ചു. ഔഷധചെടികള്‍ നട്ടുവളര്‍ത്തിയ ഔഷധത്തോട്ടവും കാവും സമീപത്തായി സംരക്ഷിച്ചു. പടയാളികള്‍ താമസിച്ചിരുന്ന ഐരവണില്‍ അവര്‍ക്ക് ആരാധന നടത്തുന്നതിന് പുതിയകാവില്‍ ഒരു കാളീക്ഷേത്രവും സ്ഥാപിച്ചു. വ്യത്യസ്ത ആയോധനമുറകള്‍ അഭ്യസിപ്പിക്കുന്നതിന് സമീപസ്ഥലങ്ങളില്‍ പരിശീലനകേന്ദ്രങ്ങളുണ്ടാക്കി. മല്ലശ്ശേരി, മല്ലയുദ്ധം പരിശീലിപ്പിച്ചിരുന്ന സ്ഥലമാണ്. വാള്‍മുട്ട് അഥവാ വാള്‍പയറ്റ് അഭ്യസിച്ചിരുന്ന സ്ഥലം വാഴമുട്ടവും ലാക്ക് നോക്കി അമ്പെയ്ത്ത് അഭ്യസിപ്പിച്ചിരുന്ന സ്ഥലം ലാക്ക് ഊര്‍ അഥവാ ളാക്കൂര്‍ -ഉം ആയി‍. കോന്നിയൂര്‍ ഗ്രാമം ശൈവമതവിശ്വാസികളായ പാണ്ഡ്യരാജാക്കന്മാര്‍ രൂപപ്പെടുത്തിയത് മുരിങ്ങമംഗലംക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ്. ഏകദേശം മൂന്നുറു വര്‍ഷത്തോളം കോന്നിയില്‍ താമസിച്ച രാജകുടുംബാംഗങ്ങളുടെ പ്രധാന ആരാധനാലയങ്ങളായിരുന്നു അവര്‍ നിര്‍മ്മിച്ച മുരിങ്ങമംഗലം മഹാദേവര്‍ക്ഷേത്രം, പുതിയകാവ് ഭഗവതിക്ഷേത്രം, അയിരമണ്‍ കൃഷ്ണസ്വാമിക്ഷേത്രം, ഇളങ്ങവട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അരുവാപ്പുലം എള്ളാംകാവ് ക്ഷേത്രം എന്നിവ. മധുര മുതല്‍ പഴയ ചെങ്കോട്ട താലൂക്കിലെ പമ്പിളി, അച്ചന്‍കോവില്‍ പ്രദേശങ്ങളിലുടെ വനപ്രദേശത്തുള്ള തുറ എന്ന സ്ഥലത്ത് വന്ന് അച്ചന്‍കോവിലാറിന്റെ വടക്കേക്കരിയിലൂടെ കോന്നിയൂരും കുമ്പഴയും പത്തനംതിട്ടയും കഴിഞ്ഞ് ചെങ്ങന്നൂരില്‍ ഇന്നത്ത എം.സി റോഡിലെത്തിച്ചേരുന്ന വിസ്തൃതമായൊരു വനപാതയുണ്ടായിരുന്നു. ഗതാഗതത്തിന് പുറമെ വാണിജ്യാവശ്യങ്ങള്‍ക്കും ഈ പാത ഉപയോഗിച്ചിരുന്നു. പഴയപാതയുടെ നിശ്ചിതദൂരങ്ങളില്‍ ഇളുപ്പുകല്ലുകള്‍ സ്ഥാപിച്ചിരുന്നതായി ഇപ്പോഴും കാണാം. മേല്‍പ്പറഞ്ഞ പാതയ്ക്കു പുറമേ കോന്നിയില്‍ നിന്ന് അച്ചന്‍കോവിലാറിന്റെ വടക്കേകരയിലൂടെ പന്തളത്തേക്ക് ഒരു പാത(ശാസ്താക്ഷേത്രങ്ങളായ കുളത്തൂപ്പുഴയേയും ആര്യങ്കാവിനേയും അച്ചന്‍കോവിലിനേയും ബന്ധിപ്പിക്കുന്നത്) കൂടി ഉണ്ടായിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിനു കിഴക്ക് അച്ചന്‍കോവിലാറിന്റെ തീരപ്രദേശത്ത് സംസ്കാരസമ്പന്നമായൊരു ജനപഥം നിലനിന്നിരുന്നതായി കാണാം. കാക്കര മുതല്‍ അച്ചന്‍കോവില്‍ വരെ വിവിധ ജനവാസകേന്ദ്രങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു. ആരാധനാകേന്ദ്രങ്ങളും മറ്റും നല്‍കുന്ന സൂചനകള്‍ അതാണ്. കോന്നിയില്‍ നിന്ന് കഷ്ടിച്ച് പത്തുമൈലകലെയുള്ള കാക്കര, മുരിങ്ങമംഗലം ക്ഷേത്രഭരണത്തിലുള്‍പ്പെട്ട കൊണ്ടോട്ടി യക്ഷിയമ്പലം, ഇതിനു കിഴക്കുമാറി പറക്കുളം, അട്ടിപ്പാറ, കച്ചറ, കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ചേമ്പാല, അച്ചന്‍കോവില്‍ ക്ഷേത്രത്തിനു തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കോടമല, കറവൂരിന് വടക്കുകിഴക്കായുള്ള കുമരന്‍കുടി എന്നിവ തകര്‍ന്നടിഞ്ഞ ആരാധനാകേന്ദ്രങ്ങളാണ്. കോടമലയില്‍ പ്രസിദ്ധമായൊരു ക്ഷേത്രമുണ്ടായിരുന്നു. പന്തളം രാജാക്കന്മാര്‍ അച്ചന്‍കോവിലില്‍ താമസിക്കുന്ന കാലത്തുതന്നെ ഉണ്ടാക്കിയതാണ് ഈ ക്ഷേത്രം. ഇന്നവശേഷിക്കുന്നത് ക്ഷേത്രഅറയും ജനങ്ങള്‍ താമസിച്ചിരുന്ന പറമ്പുകളും കോടമലതേവരുടെ ഉത്സവത്തിന് ഉപയോഗിച്ചിരുന്ന കൊടിയും മാത്രമാണ്. ശത്രുക്കളുടെ ആക്രമണം മൂലം ക്ഷേത്രം നശിച്ചെങ്കിലും കരക്കാരായ പഴയ കോന്നിയൂര്‍ നിവാസികള്‍ ക്ഷേത്രക്കൊടി രക്ഷപ്പെടുത്തി ഇന്നും സൂക്ഷിക്കുന്നു. 1775 മുതല്‍ 1795 വരെ തിരുവിതാംകൂര്‍ രാജാവായിരുന്ന ഉദയമാര്‍ത്താണ്ഡവര്‍മ്മ പന്തളം രാജാവിന് ചില സ്ഥലങ്ങള്‍ നല്‍കിയതായി സൂചന ലഭിക്കുന്ന രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. കായംകുളം രാജാവുമായുള്ള യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയെസഹായിച്ചതിന്റെ കൃതജ്ഞതയായിട്ടായിരിക്കാം ഏതാനും ഗ്രാമങ്ങളിലെ ഭരണഭാരം ഇവരെ ഏല്‍പിക്കാന്‍ കാരണം. ടിപ്പുവിനെ നേരിടുന്ന കാലത്ത് ധര്‍മ്മരാജാവ് പന്തളം രാജാവിനോട് ധനസഹായം ആവശ്യപ്പെട്ടതായി രേഖകളുണ്ട്. യുദ്ധക്കടം അടച്ചുതീര്‍ക്കുവാനായി പന്തളംരാജാവ് കൊല്ലവര്‍ഷം 969-ാംമാണ്ട് കാളിയന്‍ എന്ന നായര്‍പ്രഭുവിന് 26400/- പണത്തിന് രാജ്യം അടിമാനക്കാരണം (പണയാധാരം) കൊടുത്തതായും ചില രേഖകളുണ്ട്. അങ്ങനെ കോന്നിയൂര്‍, മലയാലപ്പുഴ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ കാളിയന്റെ അധീനതയിലായി. എന്നിട്ടും കുടിശിക തീരാത്തതു കാരണം പന്തളത്തിന്റെ എല്ലാ സ്വത്തുക്കളും കൊല്ലംവര്‍ഷം 996-ല്‍ തിരുവിതാംകൂറിന്റെ വകയായി. പതിനെഴാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കോന്നിയില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസും അതിനോടനുബന്ധിച്ച് ഇന്‍സ്പെക്ഷന്‍ ബംഗ്ളാവും പ്രവര്‍ത്തനമാരംഭിച്ചതായി കാണുന്നു. 1810-ല്‍ കോന്നിയില്‍ കാട്ടാനപിടിത്തം ആരംഭിച്ചതായി രേഖകളുണ്ട്. ആന പിടിക്കുന്നതിനോടുബന്ധിച്ച് ആനകളെ മെരുക്കിയെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ആനക്കൂട് സ്ഥാപിക്കയുണ്ടായി. കോന്നി മുന്നൂറ് എന്ന പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. കോന്നിയൂരിന്റെ എട്ടു വില്ലേജുകളിലായി മുന്നൂറ് കുടുംബങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ഈ ചൊല്ലിന്റെ പൊരുള്‍. ഒരുപക്ഷെ കോന്നിയിലെ ആദ്യത്തെ ഗ്രാമസഭ ഈ കുടുംബങ്ങളുടെ കൂട്ടായ്മയായിരുന്നിരിക്കാം. ലഫ്നന്റ്മാരായ വാര്‍ഡ്, കോണര്‍ എന്നീ സായ്പന്മാര്‍ 1820-ല്‍ സംയുക്തമായി പൂര്‍ത്തീകരിച്ച തിരുവിതാംകൂറിന്റെ ജില്ലാതല സര്‍വ്വേറിപ്പോര്‍ട്ട് 1901-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്‍പ്രകാരം അന്നത്തെ പന്തളംജില്ലയില്‍ പന്തളം, കോന്നിയൂര്‍, കക്കാട്, അറക്കുളം എന്നിങ്ങനെ നാല് പ്രവര്‍ത്തികളാണുണ്ടായിരുന്നത്. കോന്നി പ്രവര്‍ത്തിയില്‍ എട്ടു വില്ലേജുകള്‍ എന്നു കാണുന്നു. എട്ടു വില്ലേജുകളിലും കൂടി ആകെ 326 വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൌതുകകരമായ മറ്റു പല സ്ഥിതിവിവരക്കണക്കുകളും ആ ചരിത്രരേഖയിലുണ്ട്. നെല്‍കൃഷി ചെയ്യുന്ന വയലുകളുടെ എണ്ണം കേവലം നാലെണ്ണമെന്നും കള്ള്-ചാരായ ഷാപ്പുകള്‍ അന്ന് സുലഭമായിരുന്നന്നും (ആറെണ്ണം) പ്രസ്തുതരേഖ പറയുന്നു. മറ്റ് പ്രസക്ത വിവരങ്ങള്‍ ഇങ്ങനെ:- വിവിധ മതങ്ങളുടെ ആരാധനാനാലയങ്ങള്‍ 49, വഴിയമ്പലം ഊട്ടുപുര, ചുങ്കപ്പുര തുടങ്ങിയവ എട്ടെണ്ണം, ആകെ പുരുഷന്മാര്‍ 730, സ്ത്രീകളുടെ എണ്ണം 581, ആകെ ജനസംഖ്യ 1311. കോന്നി പ്രദേശത്ത് മിനര്‍വഖാന്‍ അലിഖാന്‍ എന്ന പഠാണി വംശജനായൊരാള്‍ കൊല്ലവര്‍ഷം 1080-കളില്‍ തിരുവിതാംകൂര്‍ രാജാവിന്റെ ഭരണത്തിന്‍കീഴില്‍ ഉദ്യോഗം വഹിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം നാലു പത്താന്‍ കുടുംബങ്ങള്‍ കൂടി കോന്നിയിലെത്തി. കൊല്ലവര്‍ഷം 1080-ാംമാണ്ടിനടുത്താണ് ആദ്യത്തെ മുസ്ളീംപള്ളി (പാറയില്‍ പള്ളി) സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. 1841-ല്‍ സ്ഥാപിതമായ കിഴവള്ളൂര്‍ സെന്റ് പിറ്റേഴ്സ് ഒര്‍ത്തോഡോക്സ്പള്ളിയാണ് ക്രിസ്ത്യന്‍മത വിഭാഗത്തിന്റെ ഈ പ്രദേശത്തെ ആദ്യത്തെ ആരാധനാലയം.നാനാജാതി മത വിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ് കോന്നി കല്ലേലിയിൽ ഉള്ള ഊരാളി അപ്പൂപ്പൻ കാവ് , കോന്നി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് പള്ളി മറ്റൊരു പ്രമുഖ ദേവാലയമാണ്. 1823-ല്‍ ആയില്യം തിരുനാളിന്റെ ഭരണക്കാലത്താണ് കോന്നിയില്‍ ആദ്യത്തെ പ്രൈമറി വിദ്യാലയം ആരംഭിച്ചത്. 1923-ല്‍ തുടക്കം കുറിച്ച എന്‍.എസ്.എസ്. ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനുള്ള വാതില്‍ തുറന്നു. നടരാജഗുരുവിന്റെ ശിഷ്യനായ ഗുരുനിത്യചൈതന്യയതി കോന്നിയുടെ കീര്‍ത്തി ലോകമെമ്പാടും എത്തിച്ച ദാര്‍ശനികനാണ്. കോന്നി വില്ലേജ് യൂണിയന്‍ ഭരണം നിലവില്‍ വന്നത് 1948-ല്‍ ആണ്. സാമൂഹ്യരംഗത്ത് പ്രമാണിമാരായ വ്യക്തികളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് കമ്മിറ്റി രൂപീകരിച്ച് വില്ലേജുയൂണിയന്റെ ഭരണച്ചുമതല നല്‍കുകയായിരുന്നു. യൂണിയന്റെ ആദ്യ പ്രസിഡന്റായത് പഴൂര്‍ പി.ജി.രാമന്‍പിള്ളയായിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തുനടന്ന ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ (1953) ഡോക്ടര്‍ എന്‍.ദാമോദരന്‍പിള്ള പ്രസിഡന്റായ കമ്മിറ്റി നിലവില്‍ വന്നു.
ചരിത്ര സഞ്ചാരം തുടരുന്നു . കോന്നി ഇന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു . കോന്നി യിൽ നിയമസഭാ ഉപ തിരഞ്ഞെടുപ്പിനുള്ള തയാർ എടുപ്പ് തുടങ്ങി (തുടരും )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!