പട്ടയ പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം സംഘടിക്കണം

 

സംസ്ഥാനത്തുടനീളം പട്ടയം റദ്ദാക്കുന്നതും ഭൂനികുതിയടയ്ക്കുന്നത് നിഷേധിക്കുന്നതും തുടരുന്ന സാഹചര്യത്തില്‍ മലയോരമേഖലയില്‍ പട്ടയനടപടികള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയം മറന്ന് പൊതുസമൂഹം ഒറ്റക്കെട്ടായി സംഘടിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

പട്ടയമുള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ആക്ഷേപ അവഹേളനങ്ങള്‍ നടത്തുന്നത് വിലകുറഞ്ഞ സമീപനമാണ്. എല്ലാവരും ഒറ്റക്കെട്ടായി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നീങ്ങേണ്ട സമയമാണിത്. അധികാരത്തിലേറിയാല്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കര്‍ഷകര്‍ക്ക് കൈവശഭൂമിക്ക് പട്ടയം നല്‍കുമെന്നും പറഞ്ഞവര്‍ പതിറ്റാണ്ടുകള്‍ കൃഷിചെയ്തു കൈവശം അനുഭവിക്കുന്ന ഭൂമി വനഭൂമിയാണെന്ന് വടക്കന്‍ കേരളത്തിലുടനീളം പ്രഖ്യാപിക്കുകയാണിപ്പോള്‍. ഉത്തരേന്ത്യയില്‍ കടക്കെണിയും വിലയിടിവുംമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനെ അപലപിക്കുന്നവര്‍ കേരളത്തില്‍ ഉദ്യോഗസ്ഥ പീഢനവും സര്‍ക്കാരിന്റെ നിഷേധനിലപാടും മൂലം നടക്കുന്ന കര്‍ഷക ആത്മഹത്യകളെ നിസ്സാരവല്‍ക്കരിക്കുന്നു. പത്തനംതിട്ടയില്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ 1843 പട്ടയങ്ങള്‍ റദ്ദുചെയ്തു. ഇതിനോടകം സംസ്ഥാനത്തുടനീളം കഴിഞ്ഞ നാളുകളില്‍ വിതരണം ചെയ്ത മറ്റു പട്ടയങ്ങളുടെ കാര്യത്തിലും ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്നു. ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണം വനംവകുപ്പ് എതാനും ദിവസങ്ങള്‍ക്കുമുമ്പ് തടഞ്ഞു. കാര്‍ഡമം ഹില്‍ റിസര്‍വിലൂടെയുള്ള ദേശീയ പാത നിര്‍മ്മാണത്തിന് കേന്ദ്ര വനംവകുപ്പിന്റെ അനുമതി വേണമെന്ന വനംമന്ത്രിയുടെ പ്രസ്താവന സിഎച്ച്ആര്‍ വനഭൂമിയാക്കിമാറ്റാനുള്ള ഗൂഢശ്രമമാണ്. ഈയവസരത്തിലാണ് മൂന്നുചെയിന്‍ മേഖലയില്‍ പട്ടയം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും പുറത്തുവന്നിരിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശങ്ങളിലേയും പത്തുചെയിന്‍ മേഖലകളിലേയും അര്‍ഹരായ മുഴുവന്‍ കര്‍ഷകരുടെയും കൈവശഭൂമിക്ക് പട്ടയം നല്‍കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുവേണ്ടത്. വിഷയങ്ങള്‍ പഠിക്കാതെ ഉദ്യോഗസ്ഥരുടെ അജണ്ടകള്‍ക്കുമുമ്പില്‍ തലകുനിക്കുന്ന ജനപ്രതിനിധികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍ ലജ്ജാകരവും ജനാധിപത്യഭരണത്തിന് അപമാനകരവും നീതിനിഷേധവുമാണെന്നും മുന്നണികള്‍ക്കും രാഷ്ട്രീയത്തിനും അതീതമായുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇന്‍ഫാം പിന്തുണനല്‍കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!