പാലാ സ്വദേശി സിബി ജോര്‍ജ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍

സിബി ജോര്‍ജ് ഐഎഫ്എസിനെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. വത്തിക്കാന്‍ അംബാസഡറുടെ അധികചുമതലയും ഇദ്ദേഹത്തിനു നല്‍കിയേക്കും. പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹം ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറിയാണ്.

സ്മിത പുരുഷോത്തം ആയിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ അംബാസഡറായി നിയമിതരാവുന്നവര്‍ക്കാണ് സാധാരണ വത്തിക്കാന്‍ അംബാസഡറുടെ ചുമതല കൂടി നല്‍കുന്നത്.

1993 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി, കെയ്‌റോ, ദോഹ, ഇസ്‌ലാമാബാദ്, വാഷിംഗ്ടണ്‍, ടെഹ്‌റാന്‍, റിയാദ് എന്നിവിടങ്ങളിലെ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി മിഷന്‍ ഡെപ്യൂട്ടി ചീഫായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് 2014ല്‍ മികച്ച വിദേശകാര്യ സേവനത്തിനുള്ള എസ്.കെ. സിംഗ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പാലാ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും സിഇഒയുമായിരുന്ന പി.ടി. ജോര്‍ജിന്‍റെയും അമ്മിണിയുടെയും മകനാണ് സിബി ജോര്‍ജ്. 1967ല്‍ ജനിച്ച സിബി, പാലാ സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍, പാലാ സെന്‍റ് തോമസ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. കയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്ന് ഉപരിപഠനം. അറബി ഭാഷയിലും പ്രാവീ ണ്യം നേടിയിട്ടുണ്ട്. ചേര്‍ത്തല പാന്പൂരേത്ത് കുടുംബാംഗം ജോയിസാണ് ഭാര്യ. എല്‍ഹിത, ആയില്യ, വക്കന്‍ എന്നിവര്‍ മക്കളാണ്. സാബു, ദീപ എന്നിവര്‍ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!