കുട്ടവഞ്ചി സവാരി നടത്തി ഗവി യാത്ര പോകാം…

വന യാത്രികര്‍ക്ക് കക്കാട്ടാറിന്റെ ഓളങ്ങളില്‍ ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി നടത്തി ഗവിയിലേക്ക് പോകാം. സീതത്തോട് ഗ്രാമ പഞ്ചായത്തിന്റെ ചുമതലയില്‍ ആങ്ങമൂഴിയിലെ കിളിയെറിഞ്ഞാന്‍കല്ല് വനം ചെക്ക് പോസ്റ്റിന് സമീപമാണ് സീതത്തോട്-ആങ്ങമൂഴി ജനകീയ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചി സവാരി ഒരുക്കിയിട്ടുള്ളത്.ജനകീയ ഇക്കോ ടൂറിസം പദ്ധതിക്ക് സഞ്ചാരികളില്‍ നിന്നും ലഭിച്ച വന്‍ പ്രോത്സാഹനം ഉള്‍ക്കൊണ്ട് ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി ടൂറിസം വകുപ്പില്‍ നിന്നും സര്‍ക്കാര്‍ 3 കോടി രൂപ അനുവദിച്ചു. പൂര്‍ണമായും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇക്കോ ടൂറിസം പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്.
 സഞ്ചാരികളുടെ മനംകവരുന്ന പത്തനംതിട്ട ജില്ലയിലെ ഗവി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് സീതത്തോട് പഞ്ചായത്തിലുള്ള ആങ്ങമൂഴി. ഇവിടെ നിന്നും 65 കിലോ   മീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാല്‍ ഗവിയിലെത്താം. സംരക്ഷിത വനപ്രദേശമായതിനാല്‍ രാവിലെ 8.30ന് ശേഷമേ ആങ്ങമൂഴിയില്‍ നിന്നും ഗവിയിലേക്ക് മുന്‍കൂര്‍ അനുമതിയോടെ വനം വകുപ്പ് പ്രവേ   ശനം അനുവദിച്ചിട്ടുള്ളൂ. ഉച്ചയ്ക്ക് ശേഷം ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.  ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്ന ഗവി യാത്രികര്‍ക്ക് തലേദിവസം ആങ്ങമൂഴിയില്‍ എത്തിയാല്‍ ഇവിടെ ജനകീയ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഭക്ഷണം ഉള്‍പ്പെടെയുള്ള ഹോം സ്‌റ്റേ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 2017 ജൂണിലാണ് ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി ആരംഭിച്ചത്. സീതത്തോട് ഗ്രാമ പഞ്ചായത്ത് മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് കുട്ടവഞ്ചി സവാരിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കര്‍ണാടകത്തിലെ ഹൊഗ്‌നെക്കലില്‍ നിന്നും 16 കുട്ടവഞ്ചികളെത്തിച്ച് വിദഗ്ധരുടെ സഹായത്തോടെ തദ്ദേശീയരായ 13 പേര്‍ക്ക് തുഴച്ചില്‍ പരിശീലനം നല്‍കിയാണ് സവാരി ആരംഭിച്ചിട്ടുള്ളത്. ഒരു കുട്ടവഞ്ചിയില്‍ തുഴച്ചില്‍കാരനെ കൂടാതെ നാല് യാത്രക്കാര്‍ക്ക് കൂടി കയറാം. നാല് പേര്‍ക്ക്  400 രൂപയാണ് ഒരു സവാരിക്ക് ഈടാക്കുന്നത്. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ലൈഫ് ജാക്കറ്റുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയില്‍ വൈദ്യുതോത്പാദനത്തിനുശേഷം പുറന്തള്ളുന്ന ജലം മൂഴിയാര്‍ ഡാമിലെത്തിച്ച് മൂഴിയാറിലുള്ള കക്കാട് ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതോത്പാദനം നടത്തുന്നു. കക്കാട് പദ്ധതിയിലെ ഉത്പാദനത്തിനുശേഷം തുറന്നുവിടുന്ന ജലമാണ് പമ്പയുടെ കൈവഴിയായ കക്കട്ടാറിലൂടെ ആങ്ങമൂഴിയിലെത്തുന്നത്. ശബരിഗിരി, കക്കാട് ജലവൈദ്യുത പദ്ധതികളുടെ ഡാമുകള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വര്‍ഷം മുഴുവന്‍ ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി നടത്തുന്നതിന് കഴിയും. ആങ്ങമൂഴിയിലുള്ള ചെക്ക് ഡാം ജലനിരപ്പ് ഒരേ രീതിയില്‍ ക്രമീകരിച്ച് നിര്‍ത്തുന്നതിന് ഏറെ സഹായകരമാണ്. 2017 ജൂണില്‍ കുട്ടവഞ്ചി സവാരി ആരംഭിച്ചതിനുശേഷം ഇതുവരെ 2500 ഓളം വിനോദസഞ്ചാരികള്‍  യാത്ര ആസ്വദിച്ചുകഴിഞ്ഞു.
ജനകീയ ഇക്കോടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി നാലരലക്ഷം രൂപ ചെലവഴിക്കാന്‍ സീതത്തോട് ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിക്കഴിഞ്ഞു. ഏറുമാടങ്ങള്‍, മിനി പാര്‍ക്ക്, കുടുംബശ്രീ കഫേ, യാത്രക്കാര്‍ക്ക് പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനാണ് തുക ചെലവഴിക്കുക. ഇതിനുപുറമേ സര്‍ക്കാര്‍ അനുവദിച്ചിട്ടു ള്ള 3 കോടി രൂപ ചെലവഴിച്ച് റോപ്പ് വേ, തൂക്കുപാലം, പൂന്തോട്ടം, സഞ്ചാരികള്‍ക്ക് തങ്ങുന്നതിനുള്ള കെട്ടിടങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയും സജ്ജീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രകൃതിരമണീയത സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. നിരവധി ജലവൈദ്യുത പദ്ധതികളും അവയോടനുബന്ധിച്ചുള്ള ഡാമുകളും ഈ പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നു. സംരക്ഷിത വനപ്രദേശമായ പെരിയാര്‍    കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്.
പ്രകൃതി സംരക്ഷണത്തിലൂന്നി ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ആങ്ങമൂഴി ഇക്കോ ടൂറിസം പദ്ധതിയും അതിനോടനുബന്ധിച്ചുള്ള കുട്ടവഞ്ചി സവാരിയും രാജ്യത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കത്തക്കരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാമ പഞ്ചായത്ത് നടത്തിവരുന്നതെന്ന് സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് പറഞ്ഞു. ജനകീയ ഇക്കോ ടൂറിസം നടത്തിപ്പിനായി ഒരു മാനേജ്‌മെന്റ് കമ്മിറ്റിയും പഞ്ചായത്ത് രൂപീകരിച്ചിട്ടുണ്ട്. താമസം, കുട്ടവഞ്ചി സവാരി എന്നിവ ബുക്ക് ചെയ്യുന്നതിന് 8547383819, 9496326884 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!