സിനിമയെ ഉത്സവമാക്കിയ ഒരാള്‍

 
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി എഴുപതുകളുടെ തുടക്കത്തിലും എണ്‍പതുകളുടെ തുടക്കത്തിലും കൊട്ടകകളിലെ തിരശ്ശീലകളില്‍ ഒരു സംവിധായകന്റെ പേര് തെളിഞ്ഞപ്പോള്‍ കാണി സമൂഹങ്ങള്‍ ആര്‍ത്തിരമ്പിയിരുന്നു. ഒരു പക്ഷേ പില്‍ക്കാലത്ത് സൂപ്പര്‍ പുരുഷതാരങ്ങള്‍ക്ക് പോലും ലഭിച്ചിട്ടില്ലാത്ത വിധം ആവേശത്തോടെയുളള പ്രേക്ഷക ഇരമ്പം. ഐ.വി.ശശി എന്ന സംവിധായകന് മാത്രം ലഭ്യമായിരുന്ന താരപദവിയായിരുന്നു ആ പ്രേക്ഷക പിന്തുണയിലൂടെ മലയാള സിനിമ ലോകം തിരിച്ചറിഞ്ഞത്.

ഉല്‍സവം എന്ന തന്റെ അക്കാലത്തെ മുഖ്യധാരാ സിനിമകളില്‍ നിന്ന് വ്യതിരിക്തയുളള, ഓഫ് ബീറ്റെന്ന് വിശേഷിപ്പിക്കാവുന്ന, ആദ്യ സിനിമക്ക് ശേഷം ഉളള നൂറ്റമ്പതോളം സിനിമകള്‍ അടങ്ങുന്ന സംവിധാനസപര്യയും ഐ.വി.ശശി മുഖ്യധാരാ സിനിമയുടെ തട്ടകത്തില്‍ തന്നെ നിന്നായിരുന്നു നിര്‍വഹിച്ചത്. അവയില്‍ ഒട്ടേറെ ചിത്രങ്ങള്‍ മലയാള ബോക്‌സ്ഓഫീസ് ചരിത്രത്തിലെ കൂറ്റന്‍ വിജയസ്തംഭങ്ങളാണ്. എന്നാല്‍ കേവലം കച്ചവട വിജയങ്ങള്‍ എന്നതിനപ്പുറം അവയില്‍ പലതും മലയാള സിനിമയില്‍ എന്നെന്നും കീര്‍ത്തിമുദ്രപേറി നില്‍ക്കുന്ന നാഴികക്കല്ലുകളുമാണ്. ആ സിനിമകള്‍ അതിറങ്ങിയ കാലഘട്ടങ്ങളുടെ കേരളീയ സാമൂഹ്യ, രാഷ്ട്രീയ സ്പന്ദനങ്ങള്‍ അതിശക്തമായി ഉള്‍ക്കൊള്ളുന്നവയും അതിനാല്‍ തന്നെ വരുംകാല മലയാള സിനിമാ പഠിതാക്കള്‍ക്കും വരുംകാല കേരളീയ സാമൂഹിക, രാഷ്ട്രീയ ഗവേഷകര്‍ക്കും വിലപ്പെട്ട ജ്ഞാന സ്രോതസ്സുകളുമായി തീരുന്നുണ്ട്.

ആദ്യചിത്രമായ ഉല്‍സവം തന്നെ തികച്ചും സാമൂഹ്യപ്രാധാന്യമുള്ള ഒരു വിഷയം -രണ്ട് തുരുത്തുകളില്‍ നിവസിക്കുന്ന ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം- ആഖ്യാനവത്കരിക്കുന്നതായിരുന്നു. പക്ഷേ, പിന്നീട് കെ. ഷെറീഫ് എന്ന തിരക്കഥാകൃത്തുമായി കൂട്ട് ചേര്‍ന്നുള്ള ഒരു പിടി ചിത്രങ്ങള്‍ ഒട്ടൊക്കെ വൈയക്തിക വൈകാരിക മണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവയാണന്ന് കാണാം. എന്നാല്‍ അതില്‍ ഒരു ചിത്രം ‘അവളുടെ രാവുകള്‍’ അന്നോളം മലയാള സിനിമ കൈകാര്യം ചെയ്തിട്ടല്ലെന്ന ധൈര്യത്തോടെയും ഊര്‍ജത്തോടെയും സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഒരു വേശ്യയുടെ ജീവിതത്തെ ദൃശ്യവല്‍ക്കരിച്ചു. അത്തരം ഒരു പ്രമേയം ആവശ്യപ്പെടുന്ന ലൈംഗികതയുടെ ചിത്രണം തികഞ്ഞ കലാമര്‍മ്മജ്ഞതയോടെ നിര്‍വഹിക്കുക വഴി ‘അവളുടെ രാവുകള്‍’ അന്നോളമുള്ള മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിക്കുകയും മലയാള ചലച്ചിത്ര മണ്ഡലത്തില്‍ പുതിയൊരു പ്രമേയ, ആഖ്യാന സാദ്ധ്യതയ്ക്ക് വഴി തുറക്കുകയും ചെയ്ത ചിത്രമായി പരിണമിച്ചു. മദ്യപാനിയായ ഒരു സ്ത്രീയുടെ കഥ പറഞ്ഞ ‘അനുഭവം’ എന്ന സിനിമയും ഐ.വി. ശശി എന്ന പുതിയ സംവിധായകന്റെ വഴിമാറി നടത്തത്തെ ഉദാഹരിക്കുന്നതായിരുന്നു.

എഴുപതുകളുടെ ഒടുക്കം പിറവിയെടുത്ത ജയന്‍ എന്ന താരപ്രതിഭാസത്തെ ഏറ്റവും അര്‍ത്ഥവത്തായി ഉപയോഗിച്ച സംവിധായകനുമായിരുന്നു ഐ.വി. ശശി. റ്റി.ദാമോദരന്‍ എന്ന ശക്തമായ സാമൂഹ്യ, രാഷ്ടീയ ഉള്‍ക്കാഴ്ചകള്‍ ഉള്ള തിരക്കഥാകൃത്തുമായി കൂട്ട് ചേര്‍ന്നതിന്റെ ഫലമായി രൂപപ്പെട്ട മീന്‍, അങ്ങാടി തുടങ്ങിയ സിനിമകള്‍ ഇതിന് ഉത്തമ സാക്ഷ്യങ്ങളാണ്. ഈ ചിത്രങ്ങളോടെ മലയാള സിനിമയില്‍ അതിന് മുന്നേയോ പിന്നെയോ മറ്റൊരു സംവിധായകനും കഴിയാത്ത വിധം ഉല്‍സവപ്പൊലിമയോടും ശക്തിയോടെയും വലിയ ആള്‍കൂട്ടങ്ങളുടെ ദൃശ്യവല്‍ക്കരണത്തിന്റെയും നൂറിലധികം കഥാപാത്ര നിരകള്‍ നിറഞ്ഞ ആഖ്യാനങ്ങളുടെയും ഉസ്താദായി കൂടി ഐ.വി.ശശി അടയാളപ്പെട്ട് തുടങ്ങി.

തുടര്‍ന്ന് വന്ന ഈനാട് മലയാള സിനിമ അന്നോളം പറഞ്ഞിട്ടില്ലാത്ത വിധം സമകാലീന രാഷ്ട്രീയം നമുക്ക് മുന്നില്‍ കാഴ്ച വച്ചു. സിനിമ എന്ന മാധ്യമത്തിലൂടെ ഇത്ര ശക്തമായി തങ്ങളന്നോളം മനസ്സിലടക്കിപിടിച്ച രാഷ്ട്രീയ നെറികേടുകളെ കുറിച്ചുള്ള പ്രതിഷേധം അവതരിപ്പിച്ചതിലൂടെ ഈനാട് കാണികളെ ഇളക്കി മറിച്ചു. പിന്നീട് ദാമോദരന്‍ കൂട്ട്‌കെട്ടില്‍ കൂടി തന്നെ വന്ന അഹിംസ, വാര്‍ത്ത, ഇന്നല്ലെങ്കില്‍ നാളെ, അങ്ങാടിക്കപ്പുറം തുടങ്ങിയ ചിത്രങ്ങളും ഇതേ പാതയിലെ ഗംഭീര വിജയങ്ങളായി.

പിന്നീട് എം.ടി.യുമായി ചേര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തില്‍ തനിയെ, അഭയം തേടി, ആരൂഢം, അനുബന്ധം, ഇടനിലങ്ങള്‍, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ വൈയക്തിക, വൈകാരികതകളിലെ സംഘര്‍ഷങ്ങളും വ്യഥിത പഥങ്ങളും വ്യക്തി സമൂഹ അഭീമുഖീകരണങ്ങളിലെ പൊരുത്തക്കേടുകളും അതിശക്തമായി വരച്ച് കാട്ടുന്ന ചിത്രങ്ങളായി. മുഖ്യധാരയില്‍ തന്നെ നിലയുറപ്പിക്കുമ്പോഴും ഈ ഐ.വി.ശശി ചിത്രങ്ങളില്‍ പലതും സിനിമയെന്ന കലാരൂപത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നവയുമായി. ഒരു ചിത്രകാരനായി തന്റെ കലാജീവിതം ആരംഭിച്ച ശശിയിലെ സ്വതന്ത്ര കലാകാരനെ കണ്ടെത്തുന്ന സിനിമകളായിരുന്നു അവ. പിന്നീട് രഞ്ജിത്തിന്റെ തിരക്കഥയില്‍ ചെയ്ത ദേവാസുരം പോലെയുള്ള തനി കൊമേഴ്‌സ്യല്‍ സിനിമകളില്‍ പോലും ആ ശശിയുടെ മിന്നലാട്ടങ്ങള്‍ നിരവധിയുണ്ട്. ഇപ്പോള്‍ പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഐ.വി.ശശി എന്ന സംവിധായകന്റെ സൃഷ്ടികളിലെ വൈവിധ്യമാര്‍ന്ന ഭൂമികകള്‍ അമ്പരിപ്പിക്കുന്നവയാണ്. വൈയക്തിക വൈകാരിക ആഖ്യാനങ്ങള്‍, സാമൂഹ്യ- രാഷ്ടീയ ചിത്രങ്ങള്‍, എഴാം കടലിനക്കരെയും’ തുഷാരവും’ പോലെയുള്ള തികഞ്ഞ എന്റര്‍ടെയ്‌മെന്റ് ചിത്രങ്ങള്‍, തനി കോമഡി ചിത്രങ്ങള്‍ – അതേ യാതൊരു സംശയവുമില്ല. മറ്റൊരു ചലച്ചിത്രകാരനും അവകാശപ്പെടാനാവാത്ത വിധം എണ്ണത്തിലും വൈവിധ്യത്തിലും ബോക്‌സാഫീസ് – കലാ വിജയത്തിലും സമ്പന്നനാണ് ഇപ്പോള്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാര ലബ്ധിയിലെത്തി നില്‍ക്കുന്ന ഐ.വി.ശശി എന്ന മലയാള സിനിമയുടെ പ്രിയ കലാകാരന്‍.
വിനു എബ്രഹാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!