കുന്നന്താനം ഇനി സമ്പൂര്‍ണ യോഗാ ഗ്രാമം

കുന്നന്താനം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമായി പ്രഖ്യാപിച്ചു. കുന്നന്താനം എച്ച് എസ് എസ്  ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയായ യോഗയിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്തത് പ്രശംസനീയമാണെന്ന്  തിരുമേനി പറഞ്ഞു.  ഗ്രാമത്തിലെ ഓരോ വീട്ടില്‍ നിന്നും ഒരംഗമെങ്കിലും പരിശീലനത്തില്‍ പങ്കെടുക്കുകയും യോഗയുടെ വക്താക്കളാവുകയും  ചെയ്തതിലൂടെയാണ്  ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരം ജനങ്ങളില്‍ ആരോഗ്യ സംസ്‌കാരം ശീലമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പഞ്ചായത്ത് യോഗാ പരിശീലനം ആരംഭിച്ചത്. തുടക്കത്തില്‍ വളരെക്കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തിരുന്ന യോഗാ പരിശീലനം പിന്നീട് ഒരു ജനകീയ പദ്ധതിയായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും ഏറെ താല്‍പര്യത്തോടെയാണ് പരിശീലനത്തില്‍ പങ്കെടുത്തത്.  പതിനഞ്ച് ദിവസത്തെ യോഗ പരിശീലനത്തിലൂടെ പങ്കെടുത്ത മിക്കവരുടേയും രോഗം ഭേദമായതോടെയാണ് പരിശീലനത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധാകൃഷ്ണകുറുപ്പ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍  കെ.മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഷോപ്സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.അനന്തഗോപന്‍, ജലഅതോറിറ്റി ബോര്‍ഡ് അംഗം അലക്സ് കണ്ണമല, ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍,  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി.ശശികുമാര്‍, തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എം.ജി ദിലീപ് ആയിരുന്നു പരിശീലകന്‍. അടുത്ത രാജ്യാന്തര യോഗാദിനത്തില്‍ പഞ്ചായത്തില്‍ നിന്നും പതിനായിരത്തിലധികം പേരെ പരിശീനത്തില്‍ പങ്കാളികളാക്കാനാണ് ശ്രമിക്കുന്നതെന്ന് ദിലീപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!