എണ്ണപ്പനത്തോട്ടം ആദായകരം :”ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്’ മാതൃക

ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ്‌ എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്.

കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് ഭാരതീപുരത്ത് 1969 ൽ കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയിൽപാം ഇന്ത്യാ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതൽമുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടർ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവൽക്കരണത്തിലൂടെ 4500 ടൺ എണ്ണ ഉൽപാദിപ്പിക്കുന്നു. ഫാക്ടറിയുടെ ഉൽപാദനശേഷി 7000 ടണ്ണാണ്. കേരളത്തിലെ ഏക എണ്ണപ്പന കൃഷിപ്പാടമായിരുന്നു ഇത്.
ഓയിൽ പാം ഒരു ഹെക്ടറിൽ 3 മുതൽ 5 ടൺ വരെ ആദായം നൽകുമ്പോൾ മറ്റ് എണ്ണവിത്തുകൾ ശരാശരി ഒരു ഹെക്ടറിൽ 1 ടൺ എണ്ണയുടെ ആദായം മാത്രം നൽകുന്നു. വാണിജ്യപരമായി റബര്‍, തെങ്ങ് പോലുള്ള കൃഷിയേക്കാൾ വിജയകാര്യക്ഷമതയേറിയതാണ് ഓയിൽ പാം.
1969 മുതൽ 1976 വരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി (മൊത്തം 15000 ഏക്കർ) മലേഷ്യൻ ഗവൺമെന്റിന്റെ സഹായത്തോടെ പ്ലാന്റിംഗ് ആരംഭിച്ചു. ആദ്യഫാക്റ്ററി 1974- ൽ ഭാരതീപുരത്ത് സ്ഥാപിതമായി. പിന്നീട് പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള (പി.സി. കെ.) യുടെ കീഴിൽ തൊടുപുഴ കേന്ദ്രമാക്കി എണ്ണപ്പന പ്ലാന്റിങ്ങ് ആരംഭിച്ചു. തന്മൂലം പനങ്കുലകളുടെ വരവ് കൂടി. അതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു ഫാക്ടറി നിർമ്മിക്കുവാൻ ഓയിൽ പാം തയ്യാറായി. 1987 മുതൽ കമ്പനി ചെറിയ തോതിൽ ലാഭം കൈവരിക്കുവാൻ ആരംഭിച്ചു. 1992 മുതൽ കമ്പനിയുടെ അവതരണം മികവുറ്റതായി. പല പ്രേരണകളാലും തൊഴിലാളികളുടെ കഠിനപ്രയത്നങ്ങളാലും വിലക്കുറവി നടപടികളാലും കമ്പനിക്ക് അത്ഭുതകരമായ വളർച്ചയുണ്ടായി.ഓയിൽ പാം ഫീൽഡിൽ നിന്നും ശേഖരിക്കുന്ന പനങ്കുലകൾ ഫാക്ടറി മില്ലിൽ എത്തിച്ച് ലോഡിങ്ങ് റാംപിൽ ശേഖരിക്കുന്നു. അങ്ങനെ ശേഖരിക്കുന്ന പനങ്കുലകൾ ഗേജ്കളിൽ നിറച്ച് സ്റ്റെറിലൈസറിൽ ആവശ്യമായ ആവി കൊടുത്ത് പുഴുങ്ങിയെ​ടുക്കുന്നു. അതിനു ശേഷം ടിപ്ലറിൽ കയറ്റി കോൺവേയറിലേക്ക് മറിക്കുന്നു. ഇത് ട്രെഷറിൽ കയറ്റി കായ്കൾ പൊഴിച്ച് എടുക്കുന്നു. ഇങ്ങനെ പൊഴിച്ച കായ്കൾ ഡൈജസ്റ്ററിൽ കയറ്റി അരയ്ക്കുന്നു. ഇത് പിന്നീട് സ്ക്രൂ- പ്രെസ്സിൽ പ്രെസ്സിങ്ങ് പ്രോസസ്സ് വഴി എണ്ണ പിഴിഞ്ഞെടുക്കുന്നു. ഈ എണ്ണ ശുചീകരണത്തിനു ശേഷം 5000 മെട്രിക്ക് ടൺ ശേഷിയുള്ള ടാങ്കുകളിലേക്ക് കയറ്റി സൂക്ഷിക്കുന്നു. പ്രസ്സിംഗ് പ്രോസസ്സിനു ശേഷം ബാക്കിവരുന്ന നാരുകളും കായ്കളും മറ്റും ഷെല്ലിംഗ് സെക്ഷനിലേക്ക് പോകുന്നു. അവിടെ ചെന്ന് കായ്കൾ റിപ്പ്ൾ മിൽ ഉപയോകിച്ച് പൊട്ടിക്കുന്നു. അവിടെ വച്ച് കായ്കളുടെ തോട് വേർതിരിക്കുകയും അവ കേർണൽ പ്ലാന്റിലേക്ക് പോകുന്നു. കേർണൽ പ്ലാന്റിൽ സൂക്ഷിച്ചിരിക്കുന്ന കേർണൽ എക്സ്പെല്ലർ ഉപയോഗിച്ച് ആട്ടി എടുക്കുന്ന ഈ എണ്ണയെ കേർണൽ ഓയിൽ എന്നു വിളിക്കുന്നു. ഇത് പ്രധാനമായും ഗ്ലിസറിൻ, കോസ്മെറ്റിക്ക്സ് എന്നിങ്ങനെയുള്ളവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.

കാല്‍നൂറ്റാണ്ട് മുമ്പ് റബര്‍ കൃഷിയില്‍ ലോകത്ത് ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്ന മലേഷ്യ ഇന്ന് അവരുടെ റബര്‍കൃഷി സ്ഥലത്തിന്‍റെ വലിയ പങ്കും എണ്ണപ്പനയിലേക്ക് മാറ്റിക്കഴിഞ്ഞു.

കുളത്തൂപ്പുഴയിലെ എണ്ണപ്പനത്തോട്ടം

കേരളത്തില്‍ കൊല്ലം ജില്ലയില്‍ പുനലൂരിന് സമീപം കുളത്തൂപ്പുഴയില്‍ 10,000 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു എണ്ണപ്പനത്തോട്ടമുണ്ട്. കഴിഞ്ഞ 20 കൊല്ലമായി ഇവര്‍ ആണ്ടുതോറും ലാഭം നേടുന്നു. തൊട്ടടുത്ത് തോട്ടങ്ങളില്‍ റബര്‍ വളരുന്നതുപോലെതന്നെ ഈ തോട്ടത്തില്‍ എണ്ണപ്പനയും സമൃദ്ധമായി വളരുന്നു. ജലസേചനമോ മറ്റു പ്രത്യേക സൗകര്യങ്ങളോ ഇവിടെയും ഇല്ല. “ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്’ എന്ന കമ്പനിയാണ് ഈ തോട്ടം നടത്തുന്നത്. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന് നേരിടേണ്ടിവരുന്ന എല്ലാ പരിമിതികളും പ്രയാസങ്ങളും ഇവിടെയും ഉണ്ട്. എന്നിട്ടും അവര്‍ തുടര്‍ച്ചയായി ലാഭം നേടുന്നു.

തെങ്ങുപോലുള്ള ഒരു ഒറ്റത്തടി വൃക്ഷമാണ് എണ്ണപ്പന. തെങ്ങിന്റെ ഓലയേക്കാള്‍ വീതികുറഞ്ഞ ഓല. 9 മീറ്റര്‍ അകലത്തില്‍ തൈ വയ്ക്കാം (30 അടി). ഒരേക്കറില്‍ 60 തൈകള്‍. നാലാം കൊല്ലം കായ്ഫലം എടുക്കാം. അതിനുമുമ്പ് ഉണ്ടാകുന്ന പൂവും കായും നശിപ്പിക്കു. നീളമുള്ള പൈപ്പിന്റെ അഗ്രത്തില്‍ പിടിപ്പിക്കുന്ന അരിവാള്‍ ഉപയോഗിച്ച് തറയില്‍നിന്നുകൊണ്ട് തന്നെ പഴക്കുല വെട്ടി താഴെയിടാം. ഓരോ മരത്തില്‍നിന്നും കൊല്ലത്തില്‍ 10 – 12 പഴക്കുല കിട്ടും. ഓരോ കുലയ്ക്കും 10 മുതല്‍ 20 കിലോഗ്രാം വരെ തൂക്കം. പഴക്കുല വെട്ടി ഫാക്ടറിയിലെത്തിച്ച് ചതച്ചരച്ച് എണ്ണയെടുക്കുന്നു. 30 കിലോമീറ്റര്‍ ചുറ്റളവിനകത്ത് 2500 ഏക്കര്‍ (1000 ഹെക്ടര്‍) വിസ്തൃതിയില്‍ എണ്ണപ്പന കൃഷിയുണ്ടെങ്കില്‍ അവിടെ ഒരു ഫാക്ടറി സ്ഥാപിക്കാം. കര്‍ഷകരുടെ സ്വന്തം ഫാക്ടറി സ്ഥാപിക്കുന്നതുവരെ ആദ്യഘട്ടത്തില്‍, നാം ഉല്‍പാദിപ്പിക്കുന്ന പഴക്കുല “ഓയില്‍പാം ഇന്ത്യ’ കമ്പനിക്കാര്‍ വിലയ്ക്കു വാങ്ങി അവരുടെ ഫാക്ടറിയില്‍ എത്തിക്കും. പഴക്കുലയ്ക്ക് ന്യായവില ആണ്ടുതോറും സര്‍ക്കാര്‍ നിര്‍ണ്ണയിക്കും. ഇക്കൊല്ലത്തെ വില കിലോഗ്രാമിന് 7 രൂപ. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും 4 ടണ്‍വരെ എണ്ണ ഉല്പാദിപ്പിക്കാന്‍ കഴിയുന്നത്, എണ്ണപ്പനയില്‍നിന്നു മാത്രമാണ്. (നാളികേരത്തിന്, ഹെക്ടറിന് ഒന്നര ടണ്‍ മാത്രം).

എണ്ണപ്പനയ്ക്കും സബ്‌സിഡി

 

ഒരു വര്‍ഷം പ്രായമായ കൂടത്തൈ, ഓയില്‍പാം കമ്പനിക്കാര്‍ തരുന്നത് ഇക്കൊല്ലംതന്നെ നടാന്‍ സാധിക്കും. വില വെറും 10 രൂപ. നാലു കൊല്ലത്തേക്ക് ആണ്ടുതോറും ഹെക്ടര്‍ ഒന്നിന് 4000 രൂപ വീതം സബ്‌സിഡിയും ലഭിക്കും. 25 ഹെക്ടര്‍ വരെ കൃഷിചെയ്യുന്നവര്‍ സബ്‌സിഡി കിട്ടും. രോഗബാധ തീരെക്കുറവ്. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണവും വളരെ കുറവ്. രണ്ടര അടി ആഴമുള്ള ചതുരക്കുഴികളെടുത്ത് 30 അടി വിട്ട് തൈകള്‍ വയ്ക്കാം. എണ്ണപ്പനയ്ക്ക് ഇടവിളയായി രണ്ടുവരിയില്‍ കൊക്കോയും, മൂന്നുവരിയില്‍ വാഴയും നടാം. മൂന്നു കൊല്ലം വരെ വാഴ ആദായം തരും. നാലാം കൊല്ലമാകുമ്പോള്‍ എണ്ണപ്പനയും കൊക്കോയും വരുമാനം എത്തിക്കും. വാഴ നീക്കിക്കഴിഞ്ഞ് അവിടെ പത്തല്‍ നാട്ടി കുരുമുളക് വയ്ക്കാനും സാധിക്കും. എണ്ണപ്പന+കൊക്കോ+കുരുമുളക് സ്ഥിരമായി നല്ല ആദായം കര്‍ഷകന് ലഭ്യമാക്കും.

ഇന്ത്യയില്‍ ഭക്ഷ്യഎണ്ണയ്ക്ക് വന്‍ ഡിമാന്റാണ്. ആണ്ടുതോറും ഡിമാന്റ് ഉയരുന്നു. ഇപ്പോള്‍ പെട്രോളിയം കഴിഞ്ഞാല്‍ ഏറ്റവുമധികം വിദേശനാണ്യം ചെലവഴിച്ച് ഇറക്കുമതി ചെയ്യുന്നത് ഭക്ഷ്യഎണ്ണയാണ്. കഴിഞ്ഞ കൊല്ലം ഭക്ഷ്യഎണ്ണ ഇറക്കുമതിക്കായി നാം ചെലവാക്കിയത് 60,000 കോടിരൂപ. വന്‍ കമ്മി നിലവില്‍ ഉള്ളതുകൊണ്ടും ഡിമാന്റ് ആണ്ടുതോറും പെരുകുന്നതുകൊണ്ടും ഉത്പന്നത്തിന് നല്ല വില ഉറപ്പാണ്. റബര്‍ ഉപേക്ഷിച്ച് എണ്ണപ്പനയിലേക്ക് തിരിഞ്ഞ മലേഷ്യക്കാര്‍ പരിപൂര്‍ണ തൃപ്തര്‍. പൊതുമേഖലയുടെ പരിമിതികള്‍ ഉണ്ടെങ്കിലും തുടര്‍ച്ചയായി ലാഭം നേടുന്ന ഓയില്‍പാം ഇന്ത്യയുടെ പ്രകടനം നമുക്ക് പ്രത്യാശ പകരുന്നു.

എണ്ണയെടുക്കുന്ന ഫാക്ടറി സ്ഥാപിക്കാനും സബ്‌സിഡി

ആദ്യഘട്ടത്തില്‍ പഴക്കുല വില്‍ക്കാന്‍ ഓയില്‍പാം കമ്പനിയെ ആശ്രയിക്കേണ്ടിവരുമെങ്കിലും കര്‍ഷകരുടെ എണ്ണപ്പന കൃഷിയുടെ വിസ്തീര്‍ണം ഉയരുന്നതോടെ, സ്വന്തം ഫാക്ടറി സ്ഥാപിക്കാനും, കൂടുതല്‍ ലാഭം നേടാനും കഴിയും. ഫാക്ടറി സ്ഥാപിക്കാനും കിട്ടും, സബ്‌സിഡി. താല്പര്യമുള്ള കര്‍ഷകര്‍ ഓയില്‍പാം ഇന്ത്യയിലെ ഉദ്യോഗസ്ഥരായ വിന്‍സന്റ ജോര്‍ജ് (97457 66464), കൃഷ്ണകുമാര്‍ (97457 66468) എന്നിവരെ സമീപിക്കുക.

 

പൊതുമേഖലാ സ്ഥാപനമായ ഓയില്‍പാം ഇന്ത്യ ലിമിറ്റഡിന്റെ കേന്ദ്ര ഓഫീസ്, കോട്ടയം കോടിമതയിലാണ്

Address: Near Police Station, Kodimatha, Kottayam, Kerala 686013
Phone: 0481 256 7103

…………………………………………………

പി.സി. സിറിയക് ഐ.എ.എസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!