സ്‌കൂള്‍ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ :അധ്യാപകരും വിദ്യാര്‍ഥികളും മഷി പേനയിലേക്ക്

ജില്ലയിലെ സ്‌കൂള്‍ പ്രവേശനോത്സവം ഗ്രീന്‍ പ്രോട്ടോകോളില്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രവേശനോത്സവം നിര്‍ബന്ധമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടപ്പാക്കണമെന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുള്ളതും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നല്‍കിയിട്ടുള്ളതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചുള്ള പ്രവേശനോത്സവമായിരിക്കും ഇക്കുറി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നടക്കുക. അധ്യാപകരും വിദ്യാര്‍ഥികളും മഷി പേനയിലേക്ക് മടങ്ങുന്നതിനും പ്ലാസ്റ്റിക്കിനു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്. സ്‌കൂളുകളിലൂടെ നല്‍കുന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തുമെന്നതിനാല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കി പ്രവേശനോത്സവം വേറിട്ടതാക്കാന്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും സഹകരണമുണ്ടാകണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!