പോളി യാത്ര തുടരുന്നു ..മോഹന വീണയുമായി

Spread the love


ഇരുപതു കമ്പികളില്‍ വിരലോടിച്ച് സംഗീതത്തിന്‍റെ മാസ്മരിക തലത്തിലൂടെ സഞ്ചരിക്കുന്ന മലയാളത്തിന്‍റെ അഭിമാനം- പോളി വര്‍ഗീസ്.മോഹന വീണവായിക്കുന്ന ലോകത്തിലെ അഞ്ചു പേരില്‍ ഒരാളാണ് ഈ മലയാളി.ഗ്രാമി പുരസ്കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. ആർച്ച് ടോപ്പ് ഗിറ്റാറിൽ കമ്പികളുടെ എണ്ണം വർദ്ധിപ്പിച്ചാണ് ഭട്ട് ഇത് നിർമ്മിച്ചത്.
20 കമ്പികളാണ് ഈ ഉപകരണത്തിനുള്ളത്. മൂന്നു മെലഡി തന്ത്രികളും അഞ്ച് മുഴക്കമുള്ള തന്ത്രികളും തല ഭാഗത്തുള്ള മര ആണിയിൽ വലിച്ചു കെട്ടിയിരിക്കുന്നു. 12 അനുഭാവ തന്ത്രികൾ വശത്തുള്ള ട്യൂണറിൽ വലിച്ചു കൊട്ടിയിരിക്കുന്നു. പ്രശസ്ത സംഗീതജ്ഞന്‍ വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യനും മലയാളിയുമായ പോളി വര്‍ഗീസ് സംഗീതയാത്രയിലാണ്.
സംഗീത പാരമ്പര്യം ഒന്നും ഇല്ലാത്ത കുടുംബമാണ് പോളി വര്‍ഗീസിന്‍റെത്. അച്ഛന്‍ പത്രപ്രവര്‍ത്തകനായിരുന്നതിനാല്‍ വീട്ടില്‍ വായനക്കായിരുന്നു പ്രാമുഖ്യം. പത്താം ക്ലാസ് വരെയെ പഠിച്ചുള്ളൂ എങ്കിലും പോളിയുടെആഴത്തിലുള്ള വായന സംഗീതത്തെ പ്രാണനെ പോലെ സ്നേഹിക്കാന്‍ പഠിപ്പിച്ചു . ഗുരുക്കന്മാരില്‍ നിന്ന് സംഗീതവും ഒപ്പം മൃദംഗവും സ്വായത്തമാക്കി . പത്താം ക്ലാസ് പഠനശേഷം കലാമണ്ഡലത്തില്‍ മൃദംഗ വിദ്യാര്‍ഥിയായി.
കലാമണ്ഡലത്തിലെ പഠനം പോളിയിലെ കലകള്‍ വളര്‍ത്തി സംഗീതവും അഭിനയവും കവിതയെഴുത്തും നാടകപ്രവര്‍ത്തനവും പോളിയിലെ കലാകാരനെ വളര്‍ത്തി .ഇരുപതാം വയസ്സില്‍ കേട്ടറിഞ്ഞ ഗുരുവിനെ തേടി സ്വന്തമായുള്ള മൃദംഗവും അടുക്കിപിടിച്ചു കൊണ്ട് കൊല്‍ക്കത്ത യുടെ തെരുവീഥികളിലൂടെ രാപകല്‍ അലഞ്ഞു .


വിശ്വമോഹന്‍ ഭട്ടിന്റെ സംഗീതം ആദ്യം കേട്ടത് കലാമണ്ഡലത്തിലെ മൃദംഗാധ്യാപകന്റെ വീട്ടിലെ ടി വിയില്‍ നിന്നായിരുന്നു. അന്നേ മനസ്സില്‍ കുറിച്ചിട്ടതാണ് മോഹന വീണയുടെ തന്ത്രികളില്‍ വിരല്‍ അമര്‍ത്തി സംഗീത ലോകത്ത് വേറിട്ട ശബ്ദം ആകണമെന്ന്. അങ്ങനെ മോഹങ്ങള്‍ അടുക്കിപിടിച്ചു കൊണ്ട് ജയ്പൂരിലെ ഗുരുവിന്റെ വീട്ടിലെത്തി. “നീ വരും എന്നറിയാമായിരുന്നു” എന്ന ഗുരുവിന്റെ വാക്കുകള്‍ പോളി ശിരസാ വഹിച്ചു . പിന്നെ അ‍ഞ്ചുവര്‍ഷം ഗുരുവിന്റെ ശിഷ്യനായി .
പത്തു വര്‍ഷം എടുക്കും മോഹന വീണ കൈ വിരലുകള്‍ക്ക് വഴങ്ങാന്‍ .എന്നാല്‍ ഏതാനും മാസം കൊണ്ട് മോഹന വീണ കമ്പികള്‍ പോളിക്കു വഴങ്ങി .ഒരു വര്‍ഷം മുഴുവന്‍ സപ്തസ്വരം വായിച്ചു. 25 വര്‍ഷമായി ഒപ്പം കൊണ്ടു നടക്കുന്ന മോഹനവീണയില്‍ സ്വന്തമായി കച്ചേരി വായിച്ചുതുടങ്ങിയിട്ട് ഏതാനും വര്‍ഷമേ ആയുള്ളു. പോളിയിലെ കലാകാരന് കിട്ടിയ അംഗീകാരം അനവധി. 2013ല്‍ പാര്‍ലമെന്റ് ആദരിച്ച ഉപകരണ സംഗീതജ്ഞരിലൊരാള്‍. ലോകത്തെ പ്രമുഖ കലാകാരന്മാര്‍ക്കുള്ള യു എന്‍ അംഗീകാരം. യു എന്നിലും ഫെയ്സ്ബുക്ക് ആസ്ഥാനത്തും ചൈനീസ് ഓപ്പറ ഹൗസിലും ഉള്‍പ്പെടെ 42 രാജ്യങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു.

ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ശാന്തിനികേതനത്തിലെത്തിയതും ജീവിതത്തിലെ പുതിയ അനുഭവമായി .റിക്ഷക്കാരുടെ മക്കള്‍ക്ക് ട്യൂഷനെടുത്തും അവരുടെ കുടിലുകളില്‍ അന്തിയുറങ്ങിയും സംഗീതത്തെ മുറുകെ പിടിച്ചു . സുഹൃത്തിന്റെ ഗിറ്റാറില്‍ സ്വയം ഗിറ്റാര്‍ പഠിച്ചു. അതില്‍ ഹിന്ദുസ്ഥാനി സംഗീതം വായിച്ചു. വിദേശിയായ സുഹൃത്ത്‌ ഒരു ഗിറ്റാര്‍ സമ്മാനിച്ചു. അതുമായാണ് ആദ്യമായി ഗുരുവിനെ കാണാന്‍ പോയത്.അങ്ങനെ ഗിറ്റാറിലൂടെ മോഹനവീണ യില്‍ ലോകം അറിയുന്ന സംഗീത മാന്ത്രികനായി പോളി.

ഗുരുവില്‍ നിന്നും പഠിച്ചെടുത്ത സംഗീതം കൂടുതല്‍ ജനകീയമാക്കാന്‍ പോളിക്ക് കഴിഞ്ഞു.നിരവധി അംഗീകാരങ്ങള്‍ നേടിയെടുക്കുവാന്‍ കഴിഞ്ഞത് ഗുരുവിന്റെ അനുഗ്രഹമാണെന്ന് പോളി പറയുന്നു.തന്ത്രികളില്‍ വിരല്‍ മുട്ടുമ്പോള്‍ നിറഞ്ഞ സദസ്സുകള്‍ കരഘോഷം മുഴക്കുന്നത് പ്രകൃതി കനിഞ്ഞു നല്‍കിയ മഴ പോലെയാണ്……..പോളി യാത്ര തുടരുന്നു ..മോഹന വീണയുമായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!