സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫിലും അയല്‍ അറബ് രാജ്യങ്ങളിലും ശനിയാഴ്ച റംസാന്‍ വ്രതാരംഭം.ശഅ്ബാന്‍ 29 ന് രാജ്യത്ത് എവിടെയും മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സൗദി സുപ്രീംകോടതിയാണ് വ്രതാരംഭം ശനിയാഴ്ചയെന്ന് പ്രഖ്യാപിച്ചത്.ഒമാനില്‍ നാളെ ശഅബാന്‍ 29 ആണ്. അതിനാല്‍ റംസാന്‍ ആരംഭം എന്നാണെന്ന് നാളെ മാത്രമേ പ്രഖ്യാപിക്കൂ.
ശഅ്ബാന്‍ 29ന് വ്യാഴാഴ്ച അസ്തമയത്തിന് ശേഷം റംസാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീംകോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.നഗ്‌ന നേത്രം കൊണ്ടോ ബൈനോക്കുലര്‍ പോലുള്ള ഉപകരണത്തിൻ്റെ സഹായത്താലോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയിലോ ഗവര്‍ണ്ണറേറ്റിലോ തങ്ങളുടെ സാക്ഷ്യം ബോധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.എന്നാല്‍ ഒരിടത്ത് നിന്നും മാസപ്പിറവി കണ്ട വിവരം ലഭിച്ചില്ല.
വ്രതമാസത്തെ സ്വീകരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന മസ്ജിദുകളില്‍ റംസാനില്‍ ലക്ഷണക്കിന് വിശ്വാസികളെത്തും.ഇവര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സാധാരണ മാസപ്പിറവി ദര്‍ശിക്കാറുള്ള റിയാദിനടുത്തുള്ള സുദൈര്‍.ശഖ്‌റ തുടങ്ങിയ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് കാരണം മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യമായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.തബൂക്കിലും മാസപ്പിറവി കണ്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.കനത്ത വേനലിലാണ് ഇത്തവണയും അറബ് മേഖയില്‍ റംസാന്‍ വിരുന്നെത്തുന്നത്. മിക്ക സ്ഥലങ്ങളിലും പകല്‍ നാല്‍പത് ഡിഗ്രിക്ക് മുകളിലാണ് ചൂട്.കനത്ത ചൂടിലും ആത്മ സംസ്‌കരണത്തിൻ്റെ മാസത്തെ വിശ്വാസികള്‍ സ്വീകരിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!