ഭാരതാംബ കരയുന്നു

മുടിയഴിച്ചിട്ടാടി , മുലകളില്‍ വിഷമേറ്റി
യലറുന്നിയമ്മതന്‍ ദുഃഖം !
എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ ,
ചുടലകള്‍ കത്തുന്ന മണ്ണില്‍?

എവിടെ സനാതന ധര്‍മ്മത്തിന്‍ പിച്ചക
ളടിവച്ച സൈന്ധവ തീരം ?
എവിടെയഹിംസ കൊടിക്കൂറകള്‍ പേറി
യുരുളും രഥ ,’ രവ ‘ കാരം?

എവിടെ ദ്വയ്പായനന്‍ ,സിദ്ധാര്‍ത്ഥന്‍ ,കരള്‍നൊന്തു
കരയുമശോകന്‍ ,വാല്മീകി ?
എവിടെ നിഷാദ ശരത്തിന്റെ മുനയൊടി
ച്ചുയരു ,മാ ,യിടിനാദ ശബ്ദം ?

എവിടെ വേദങ്ങള്‍,ഇതിഹാസ ,മുപനിഷദ് ?
എവിടെ ഖുറാന്‍ , സത്യ ബൈബിള്‍ ?
കലികയറുന്നൊരു കാളിയെന്‍ ഭാരത
പ്പെരുമകള്‍ കത്തിയമര്‍ന്നിടുമ്പോള്‍ ?

എഴുപതു വര്‍ഷങ്ങള്‍ അധമരാം രാഷ്ട്രീയ
പ്പരിഷകള്‍ കുത്തിത്തുളച്ച മണ്ണില്‍ ,
മത വര്‍ഗ്ഗ മൗലിക വാദികള്‍ തുണിയുരി
ച്ചുഷസ്സിനെ കാട്ടിലെറിഞ്ഞ നാട്ടി ല്‍ ,

മുടിയഴിച്ചിട്ടാടി മുലകളില്‍ വിഷമേറ്റി
യലറുന്നിയമ്മ തന്‍ ദുഃഖം !
എവിടെയെന്‍ മക്കളിന്നെവിടെയെന്‍ മക്കളീ
ചുടലകള്‍ കത്തുന്ന മണ്ണില്‍ ?

(കവിത: ജയന്‍ വര്‍ഗീസ്)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!