പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം
എം.കെ. അർജ്ജുനൻ
അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്.1936 ഓഗസ്റ്റ് 25- ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി അർജ്ജുനൻ ജനിച്ചു. പതിനാലുപേർ ജനിച്ചെങ്കിലും രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന നാലുപേർ മാത്രമാണ് ബാക്കിയായത്. അവരിൽ ഇന്ന് ബാക്കിയുള്ളത് അർജ്ജുനൻ മാത്രമാണ്. ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. അന്ന് അർജ്ജുനന് പ്രായം ആറുമാസം മാത്രം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജ്ജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ് തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാൻ പാടുപെട്ടു. വീടുകളിൽ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്‌തുമാണ് ജീവിതം മുൻപോട്ടു നീക്കിയത്.
അന്ന് ഫോർട്ട് കൊച്ചിയിലുണ്ടായിരുന്ന രാമൻവൈദ്യൻ എന്നൊരു സാമൂഹികപ്രവർത്തകനാണ് ഈ ദുരിതങ്ങളിൽ നിന്നു എം.കെ. അർജ്ജുനനെ രക്ഷിച്ചത്. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അർജ്ജുനനെയും ജ്യേഷ്ഠൻ പ്രഭാരകരനെയും രാമൻവൈദ്യനാണ് കൊണ്ടുപോയത്. രണ്ടുപേരെങ്കിലും പട്ടിണിയിൽ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപൻ. ആശ്രമത്തിൽ എല്ലാ ദിവസവും ഭജനയുണ്ട്. അർജ്ജുനനും പ്രഭാകരനും അതിൽ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവർക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏർപ്പാടാക്കി. അങ്ങനെ ഏഴു വർഷം. ആശ്രമത്തിൽ അന്തേവാസികൾ കൂടുതലായതോടെ ഇരുവർക്കും ഫോർട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്‌തും ഒരു വിധത്തിൽ മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവിൽ കാവൽക്കാരനായും ജോലി ചെയ്‌തു. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അഭ്യസിച്ചു.
ഹാർമോണിയം വായന പിന്നീട് തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട് നിന്നുള്ള ‘കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ് പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്. “തമ്മിലടിച്ച തമ്പുരാക്കൾ…. എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകർന്നത്. ഈ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക് ഈണം പകർന്നു. ഇതിനിടയ്ക്കു എം.കെ. അർജ്ജുനൻ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1964-ൽ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര് ഭാരതി. അഞ്ചുമക്കളുണ്ട്.
നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക് അവസരമൊരുക്കിയത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേർക്കാൻ അർജ്ജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ പി. ഭാസ്കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജ്ജുനൻ ഈണം പകർന്നു.
“ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം…
ആയിടയ്ക്കാണ് അർജ്ജുനൻ ശ്രീകുമാരൻ തമ്പിയുമായി പരിചയപ്പെടുന്നത്. ശ്രീകുമാരൻ തമ്പി ചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ദേവരാജൻ മാഷുമായി സ്വൽപം അകന്നു നിൽക്കുന്ന സമയവുമായിരുന്നു. ഒരിക്കൽ എന്തോ പറഞ്ഞു ദേഷ്യത്തിന് ശ്രീകുമാരൻ തമ്പി ദേവരാജൻ മാഷിനോട് ‘മാഷിനു സ്വന്തം സംഗീതത്തിൽ വിശ്വാസമുള്ളതുപോലെ എനിക്ക് എന്റെ കഴിവിലും വിശ്വാസമുണ്ട്, എനിക്കൊരു പാട്ടു നന്നാക്കാൻ മാഷിന്റെ ഹാർമോണിസ്റ്റു തന്നെ ധാരാളമാണ്’ എന്നു പറയുകയുണ്ടായി. ഈ വാചകം അറം പറ്റിയതുപോലെയായി. പിൽക്കാലത്ത് എം കെ അർജ്ജുനനുമായി ചേർന്ന് നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ഗായകർക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ അധികവും ആലപിച്ചത്.
സംഗീതം പകർന്ന ചില ചലച്ചിത്രഗാനങ്ങൾ
ഭാമിനീ ഭാമിനീ…(ആദ്യത്തെ കഥ)
തളിർവലയോ താമരവലയോ (ചീനവല)
മല്ലീസായകാ…നിന്മനസ്സൊരു…(സൂര്യവംശം)
ദ്വാരകേ…ദ്വാരകേ…(ഹലോ ഡാർലിങ്ങ്)
ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം…(ആദ്യത്തെ കഥ)
കാറ്റിൻ ചിലമ്പൊലിയോ…(ഹലോ ഡാർലിങ്ങ്)
പൂന്തുറയിലരയന്റെ പൊന്നരയത്തി…(ചീനവല)
ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് 2008.[3]
മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം (2017) – ഭയാനകം (സംവിധാനം:ജയരാജ്)
Watch :https://www.konnivartha.com/
Like and Share to konnivartha.com :https://www.facebook.com/www.konnivartha
പ്രോഗ്രാമുകൾ തത്സമയം വാട്‍സ്ആപ്പിൽ/ ടെലഗ്രാമില്‍ / യു ട്യൂബില്‍ ലഭിക്കുവാൻ
: https://chat.whatsapp.com/HQkKbcO9VaS9x0bY3xIJs7
https://t.me/konnyvartha
https://www.youtube.com/channel/UC0ywsKF2sdbggoEJdysCUdg
——————————————–
Feedback & Other Queries: 8281888276
konnivartha.com(online news portal)
post box no: 26
konni ,pathanamthitta(dist)
kerala