![](https://www.konnivartha.com/wp-content/uploads/2022/12/3-2.jpg)
ഇടുക്കിഏലപ്പാറയിൽ കരാറുകാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ്
ഏലപ്പാറ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസ് വർക്ക് എടുത്തിരുന്ന കരാറുകാരിയോട് ആണ് പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടത്. 4 ലക്ഷം രൂപയുടെ ബില്ല് മാറി നൽകണമെങ്കിൽ കരാർ തുകയുടെ 1 ശതമാനം കൈക്കൂലിയായി നൽകണം. കൂടാതെ കരാറുകാരി മുൻപ് ചെയ്ത വർക്കുകളിൽ ബില്ലു മാറിയ 9 ലക്ഷം രൂപയുടെ കമ്മീഷനും. ഇത് ഉൾപ്പെടെയായിരുന്നു പതിനായിരം രൂപ ആവശ്യപ്പെട്ടത്.എന്നാൽ പണം നൽകാൻ കരാറുകാരി തയ്യാറായില്ല. തുടർന്ന് ഇന്ന് വീണ്ടും പഞ്ചായത്ത് സെക്രട്ടറി കരാറുകാരിയെ ഫോണിൽ വിളിച്ച് പണം എത്രയും വേഗം എത്തിക്കണമെന്ന് അറിയിച്ചു. ഇതോടെയാണ് കരാറുകാരി വിജിലൻസിൽ പരാതി നൽകുന്നത്. വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കെണി ഒരുക്കി ഹാരിസ്ഖാനെ കുടുക്കുകയായിരുന്നു.
മുൻപും പല തവണ ഹാരിസ് ഖാൻ പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്. ഈ വിഷയങ്ങളും വിജിലൻസ് വിശദമായി പരിശോധിക്കും.