ബിഐഎസ് ഹാൾമാർക്കിംഗ് സ്കീമിലെ മാറ്റങ്ങൾ
കോന്നി വാര്‍ത്ത ഡോട്ട് കോം : ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ്ണത്തിന്റെ പ്രഖ്യാപിത പരിശുദ്ധി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് 2000 -ൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ആരംഭിച്ചത്.
2021 ജൂൺ 16 മുതൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് താഴെ പറയുന്ന
ഇളവുകളോടെ ഭാരതസർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
ഇളവുകൾ
1. ഇന്ത്യയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്)
അംഗീകൃത അസ്സേയിംഗ് ആൻഡ് ഹാൾമാർക്കിംഗ് സെന്ററുകൾ (AHC) ലഭ്യമായ
256 ജില്ലകളിൽ മാത്രമേ ഹാൾമാർക്കിംഗ് നിർബന്ധിതമായിട്ടുള്ളു. കേരളത്തിൽ
ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും ഇതിൽ ഉൾക്കൊള്ളുന്നു.
2. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട ജ്വല്ലറികളെ
നിർബന്ധിത ഹാൾമാർക്കിംഗിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഹാൾമാർക്ക്
ഇല്ലാതെ ആഭരണങ്ങൾ വിൽക്കാൻ അവർക്ക് അനുമതിയുണ്ട്.
3. 2 ഗ്രാം വരെ തൂക്കമുള്ള ആഭരണങ്ങൾ നിർബന്ധിത ഹാൾമാർക്കിംഗിൽ
നിന്ന് ഒഴിവാക്കിയിരിക്കുന്നു.
4. ആഭരണങ്ങൾ വിൽക്കുകയും 40 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക
വിറ്റുവരവ് ഉള്ളതുമായ എല്ലാ ജ്വല്ലറികൾ/നിർമ്മാതാക്കളും ബി.ഐ.എസ്
രജിസ്ട്രേഷൻ എടുക്കണം. ആഭരണത്തൊഴിലാളികൾ (job work ചെയ്യുന്നവർ)
രജിസ്ട്രേഷൻ നേടേണ്ടതില്ല. തൊഴിൽ നൽകിയ ജ്വല്ലറി/മൊത്തവ്യാപാരി
രജിസ്ട്രേഷൻ എടുത്ത് ഹാൾമാർക്കിംഗിനായി ആഭരണങ്ങൾ അയയ്ക്കണം.
5. ജ്വല്ലറികളുടെ രജിസ്ട്രേഷനുള്ള എല്ലാ ഫീസുകളും BIS പൂർണ്ണമായും
ഒഴിവാക്കി, രജിസ്ട്രേഷൻ ബി.ഐ.എസ് പോർട്ടലായ www.manakonline.in ൽ
ലളിതമായ ഒറ്റത്തവണ പ്രക്രിയയാക്കി. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇന്റർനെറ്റ്
കണക്ഷൻ ഉപയോഗിച്ച് എവിടെയും ഫീസടയ്ക്കാതെ തന്നെ ഡൗൺലോഡ്
ചെയ്യുകയും ചെയ്യാം. ഒരിക്കൽ എടുത്ത രജിസ്ട്രേഷൻ ആജീവനാന്തം
സാധുവാണ്.
2021 ജൂലൈ 1 മുതൽ, ഹാൾമാർക്കിംഗ് സ്കീമിന്റെ പ്രവർത്തനത്തിൽ
ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്:
1. ഹാൾമാർക്കിൽ 4 മാർക്കിന് പകരം 3 മാർക്ക് അടങ്ങിയിരിക്കുന്നു. മുമ്പ്,
ബിഐഎസ് ലോഗോ, പ്യൂരിറ്റി ചിഹ്നം, എഎച്ച്സി ഐഡന്റിഫിക്കേഷൻ
മാർക്ക്, ജ്വല്ലറി ഐഡന്റിഫിക്കേഷൻ മാർക്ക് എന്നിവ ആഭരണങ്ങളിൽ
അടയാളപ്പെടുത്തേണ്ടതായിരുന്നു. ഇപ്പോൾ ബിഐഎസ് ലോഗോ, പ്യൂരിറ്റി
ചിഹ്നം, ഒരു ആറ് അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ മാർക്ക്
(HUID) എന്നിവ അടയാളപ്പെടുത്തേണ്ടതുണ്ട്.
2. AHC- കളിൽ മാനുവൽ റെക്കോർഡ് സൂക്ഷിക്കുന്നതിനുപകരം, AHC- കൾ
നടത്തുന്ന ഓരോ പ്രക്രിയയും രേഖപ്പെടുത്തേണ്ട ഒരു ഓൺലൈൻ സംവിധാനം
നടപ്പാക്കിയിട്ടുണ്ട്. പരിശോധന പൂർത്തിയാകുമ്പോൾ ഓൺലൈൻ സംവിധാനം
തന്നെ HUID തരുന്നു. ഭാവിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ
സഹായത്തോടെ കൂടുതൽ മികവുറ്റതും മനുഷ്യ ഇടപെടലുകൾ കുറയ്ക്കുവാൻ
ഉതകുന്ന മാറ്റങ്ങൾ ഓൺലൈൻ സിസ്റ്റത്തിൽ വരുത്തുവാൻ ഉള്ള ശ്രമത്തിൽ
ആണ് ബി ഐ എസ്. ഹാൾമാർക്കിങ്ങിന്റ്റെ വേഗം കൂട്ടുവാൻ അത് വളരെ
അധികം സഹായിക്കും.
മറ്റെല്ലാ ഹാൾമാർക്കിങ്ങിന്റ്റെ പരിശോധനയും ഹാൾമാർക്കിംഗ് പ്രക്രിയയും
മാറ്റമില്ലാതെ അതേപടി നിലനിൽക്കുന്നു. ഹാൾമാർക്കിംഗ് പരീക്ഷണ
രീതിയിലോ പ്രക്രിയയ്ക്ക് ആവശ്യമായ സമയത്തിലോ മാറ്റമില്ല. ഓഗസ്റ്റ് 7
വരെ ഏകദേശം 63.5 ലക്ഷം സ്വർണ്ണാഭരണങ്ങൾ പുതിയ രീതിയും HUID ഉം
ഉപയോഗിച്ച് ഇന്ത്യയിൽ ഹാൾമാർക്ക് ചെയ്തിട്ടുണ്ട്. കേരളത്തെ
സംബന്ധിച്ചിടത്തോളം ഈ കണക്ക് ഏകദേശം 6.5 ലക്ഷമാണ്. ഇന്ത്യയിൽ AHC
കളുടെ എണ്ണത്തിൽ മൂന്നാമത്തെ സംസ്ഥാനം ആണ് കേരളം. കേരളത്തിൽ
ഉള്ള 73 AHC കളുടെ പൂർണശേഷി ഇതുവരെ ഉപയോഗപെടുത്തിയിട്ടില്ല.
പുതുതായി അവതരിപ്പിച്ച ഓൺലൈൻ സംവിധാനവും HUID ഉം താഴെ പറയുന്ന
രീതിയിൽ ഹാൾമാർക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തും:
1. ഓൺലൈൻ റെക്കോർഡിംഗ് AHC കളിലെ ഹാൾമാർക്കിംഗ് പ്രക്രിയയുടെ
വിശ്വാസ്യത വർദ്ധിപ്പിക്കും.
2. ഹാൾമാർക്കിംഗ് നടത്തിയ AHC, ഹാൾമാർക്കിംഗ് നടത്തിയ ജ്വല്ലർ,
ഹാൾമാർക്കിംഗിന്റെ സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ
എളുപ്പത്തിൽ കണ്ടെത്താനാകും.
3. AHC കളിൽ തെറ്റായ പ്രവർത്തനത്തിനുള്ള സാധ്യത കുറഞ്ഞു.
4. ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്തിരിക്കുന്നത് പ്രഖ്യാപിത
പരിശുദ്ധിയാണെന്ന ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിച്ചു.
മേൽപ്പറഞ്ഞ മാറ്റങ്ങൾ AHC- കളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും
ഉപഭോക്താക്കൾക്ക് അവരുടെ പണത്തിന്റെ മൂല്യം ലഭിക്കുവാനും
സഹായിക്കുന്നു. കൂടാതെ ഹാൾമാർക്കിന്റെ വിശ്വാസ്യതയും വർദ്ധിപ്പിക്കും.
ഹാൾമാർക്കോടെ വിൽക്കുന്ന ആഭരണങ്ങളിൽ ഉപഭോക്താക്കളുടെ
ആത്മവിശ്വാസം വർദ്ധിക്കുന്നതും ജ്വല്ലറികൾക്ക് അനുഭവയോഗ്യമാകും.