Trending Now

പുതുവര്‍ഷത്തില്‍ അയ്യനെ വണങ്ങി ഭക്തര്‍

 

പുതുവര്‍ഷത്തിന്റെ പൊന്‍കിരണങ്ങളുടെ പൊന്‍ ശോഭയില്‍ ശബരീശനെ കണ്ടു വണങ്ങി ഭക്തര്‍. മുന്‍വര്‍ഷങ്ങളില്‍ പുതുവര്‍ഷത്തില്‍ സന്നിധാനത്ത് ആഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഉണ്ടാകാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇക്കുറി ഒരു ദിവസം അയ്യായിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍റ്റിപിസിആര്‍/ ആര്‍റ്റിലാംബ് / എക്‌സ്പ്രസ്‌നാറ്റ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ദര്‍ശനത്തിന് അനുവദിച്ചിട്ടുള്ളത്.
പുതുവത്സരത്തെ വരവേറ്റ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് അയ്യപ്പന്‍മാര്‍ കര്‍പ്പൂരദീപം തെളിച്ചു. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തില്‍ സന്നിധാനം പോലീസ് അസി. സ്‌പെഷ്യല്‍ ഓഫീസര്‍ പദം സിങ്ങ് വെല്‍ക്കം 2021 എന്നു കര്‍പ്പൂരം കൊണ്ട് എഴുതിയതിലേക്ക് ജ്വാല പകര്‍ന്നു.

ഭക്തര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്ന് തന്ത്രി 

ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്നു. പുതിയ വര്‍ഷം കോവിഡ് മാറി ഐശ്വര്യ സമ്പൂര്‍ണമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു

സന്നിധാനത്ത് സംയുക്ത പരിശോധന നടത്തി

സന്നിധാനത്തെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് സത്യപാലന്‍ നായരുടെ നിര്‍ദേശ പ്രകാരം വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങുന്ന പ്രത്യേക ടീം സംയുക്ത പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. ഇത് കൂടാതെ അളവ് തൂക്കം, വിലവിവരപട്ടിക, ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം, മാലിന്യ സംസ്കരണം, സന്നിധാാനത്തെയും പരിസര പ്രദേശങ്ങളിലെയും ശുചിത്വം, ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ എന്നിവ പരിശോധിച്ചു. അളവ് തൂക്ക ഉപകരണങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും അവ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു.
പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം. മുകുന്ദന്‍, പി. മണികണ്ഠന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബ്രഹ്മണ്യന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സുജിത്, റവന്യൂ വകുപ്പിലെ വിനീത്, രാഹുല്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!