Trending Now

കോവിഡ് 19 പ്രതിരോധം: ശബരിമല സന്നിധാനത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സന്നിധാനത്ത് കോവിഡ് രോഗ നിര്‍ണയ ക്യാമ്പ് നടത്തി. കഴിഞ്ഞ 14 ദിവസമായി സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെയും പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലന്‍ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന്റെ തുടര്‍ച്ചയായാണ് രോഗനിര്‍ണയ ക്യാമ്പ്് സംഘടിപ്പിച്ചത്.

സന്നിധാനം മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതില്‍ പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെ നിന്നും ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരോട് സന്നിധാനം വിട്ട് പോകുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് കണ്ടെത്തിയവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി. കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ വരും ദിവസങ്ങളില്‍ സന്നിധാനത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പറഞ്ഞു.

സന്നിധാനത്ത് നടപ്പന്തലിന് സമീപത്തെ വിശ്രമ സ്ഥലത്ത് വച്ചാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിന് ശേഷം സന്നിധാനം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇവിടം അണുവിമുക്തമാക്കി.

error: Content is protected !!