തദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

 

konnivartha.com; തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാര്‍ 3,30, 212 (67.28 ശതമാനം) സ്ത്രീ വോട്ടര്‍മാര്‍ 3,79, 482 (66.35 ശതമാനം) ട്രാന്‍സ് ജെന്‍ഡര്‍ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി.

അടൂര്‍ നഗരസഭയില്‍ 64 ശതമാനം, പത്തനംതിട്ട നഗരസഭയില്‍ 67.87, തിരുവല്ല നഗരസഭയില്‍ 60.83, പന്തളം നഗരസഭയില്‍ 71.28 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 66.75, മല്ലപ്പള്ളി ബ്ലോക്കില്‍ 66.94, കോയിപ്രം ബ്ലോക്കില്‍ 64.15, റാന്നി ബ്ലോക്കില്‍ 66.24, ഇലന്തൂര്‍ ബ്ലോക്കില്‍ 66.69, പറക്കോട് ബ്ലോക്കില്‍ 68.25, പന്തളം ബ്ലോക്കില്‍ 68.66, കോന്നി ബ്ലോക്കില്‍ 67.53 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

രാവിലെ ഒമ്പതിന് 1,54,254 പേര്‍ (14.51 ശതമാനം) വോട്ട് രേഖപ്പെടുത്തി.
10 ന് 2,25,525 പേര്‍ (21.22 ശതമാനം) വോട്ടുചെയ്തു. 11 ന് ആകെ 3,21,560 പേര്‍ ( 30.22 ശതമാനം) വോട്ടു രേഖപ്പെടുത്തി.

ഉച്ചക്ക് 12 ന് 4,08,273 പേര്‍ (38.42 ശതമാനം) വോട്ടു ചെയ്തു.
ഉച്ചയ്ക്ക് ഒരു മണി വരെ ആകെ 4,73,087 പേര്‍ ( 44.51 ശതമാനം) വോട്ട് അവകാശം വിനിയോഗിച്ചു. രണ്ടു മണിയോടെ ജില്ലയിലെ വോട്ടിംഗ് 50 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം 4,99,501 പേര്‍ (50.01 ശതമാനം) വോട്ടവകാശം വിനിയോഗിച്ചു. വൈകിട്ട് മൂന്ന്, നാല്, അഞ്ചിന് 5,84,807 പേര്‍ (55.03 ശതമാനം), 6,49,981 (61.11 ശതമാനം), 6,87,599 പേര്‍ (64.69 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. വൈകിട്ട് ആറോടെ 7,03,764 പേര്‍(66.22 ശതമാനം) വോട്ടു രേഖപ്പെടുത്തി.

 

 

തദേശ തിരഞ്ഞെടുപ്പ്  നിരീക്ഷിച്ച് കണ്‍ട്രോള്‍ റൂം

തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പുരോഗതി തത്സമയം നിരീക്ഷിച്ച് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളിലാണ്  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. വോട്ടിംഗ് ശതമാനം, വോട്ട് ചെയ്തവരുടെ എണ്ണം തുടങ്ങി ജില്ലയിലെ തിരഞ്ഞെടുപ്പ് പുരോഗതി കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുന്നു. ഓരോ മണിക്കൂറിലെയും പോളിംഗ് ശതമാനം അറിയാനായി ഉപയോഗിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ 14 പേരുള്ള ടീമാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഏതെങ്കിലും തടസം ഉണ്ടായാല്‍ പരിഹരിക്കുന്നതിനും സെക്ടറല്‍ ഓഫീസര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ട്.

ജില്ലയില്‍ വെബ് കാസ്റ്റിംഗ് നടക്കുന്ന 17 പോളിംഗ് ബൂത്തുകളുടെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കണ്‍ട്രോണ്‍ റൂമിലുണ്ട്.
ടെക്നിക്കല്‍ കോ-ഓര്‍ഡിനേഷന്‍, വെബ് കാസ്റ്റിംഗ്, നെറ്റ് വര്‍ക്കിംഗ്, പോലീസ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബ്ലോക്ക്തലത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന ബ്ലോക്ക്തല സൂപ്പര്‍വൈസിംഗ് ടീം തുടങ്ങിയവരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്.
എഡിഎം ബി ജ്യോതി, കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസര്‍ ഷിബു തോമസ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ വൈഭവ് ഭരദ്വാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി റ്റി ജോണ്‍, ജില്ലാ ഐടി മിഷന്‍ ഡിപിഎം സി എം ഷംനാദ്, കെസ്വാന്‍ നോഡല്‍ ഓഫീസര്‍ അനസ് തുടങ്ങിയവര്‍ കണ്‍ട്രോള്‍ റൂമിന് നേതൃത്വം നല്‍കുന്നു.

സ്‌ട്രോംഗ് റൂം സന്ദര്‍ശിച്ചു

വോട്ടെടുപ്പിന് ശേഷം കോന്നി ബ്ലോക്കിലെ പോളിംഗ് സാമഗ്രികകള്‍ തിരികെ വാങ്ങി സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കുന്നതിനുള്ള സ്വീകരണ കേന്ദ്രമായ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ചു. ക്രമീകരണങ്ങള്‍ വിലയിരുത്തി.  ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി.

 തദ്ദേശ പൊതു തിരഞ്ഞെടുപ്പ്: ജില്ല കലക്ടര്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു

തദ്ദേശ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്  ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍.

നരിയാപുരം സര്‍ക്കാര്‍ എല്‍ പി എസ്, തുമ്പമണ്‍ എം ജി ഇ എം സ്‌കൂള്‍,  മുണ്ടുകൊട്ടയ്ക്കല്‍ എസ് എന്‍ വി എസ് വി എം യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജില്ലാ കലക്ടര്‍ നേരിട്ടെത്തി വോട്ടിങ് പ്രക്രിയ സുഗമമായി നടക്കുന്നുണ്ടോയെന്ന്  പരിശോധിച്ചത്.  ബൂത്തിലെ അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണവും കലക്ടര്‍ വിലയിരുത്തി.

പത്തനംതിട്ട നഗരസഭയിലെ ശാരദാമഠം വാര്‍ഡിലെ എസ് എന്‍ വി എസ് വി എം യുപി സ്‌കൂളിലെ ബൂത്തിലേക്ക്  ജില്ലാ ഭരണകൂടം ഒരുക്കിയ പുതിയ വഴി  ജില്ലാ കലക്ര്‍ പരിശോധിച്ചു.
പടികള്‍ കയറുവാന്‍ ബുദ്ധിമുട്ടുള്ള വയോധികര്‍, ഭിന്നശേഷിക്കാര്‍,രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായാണ് ജില്ലാ ഭരണകൂടം പുതിയ വഴി ഒരുക്കിയത്. പന്തളം നഗരസഭയുടെ ഹരിത ബൂത്ത് പ്രവര്‍ത്തനവും ജില്ലാ കലക്ടര്‍ വിലയിരുത്തി. ബൂത്തിലെത്തിയ വോട്ടര്‍മാരോട് ജില്ല കലക്ടര്‍ സംവദിച്ചു.

 

Related posts