തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പുരോഗതി തത്സമയം നിരീക്ഷിച്ച് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
വോട്ടിംഗ് ശതമാനം, വോട്ട് ചെയ്തവരുടെ എണ്ണം തുടങ്ങി ജില്ലയിലെ തിരഞ്ഞെടുപ്പ് പുരോഗതി കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുന്നു. ഓരോ മണിക്കൂറിലെയും പോളിംഗ് ശതമാനം അറിയാനായി ഉപയോഗിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ 14 പേരുള്ള ടീമാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഏതെങ്കിലും തടസം ഉണ്ടായാല്‍ പരിഹരിക്കുന്നതിനും സെക്ടറല്‍ ഓഫീസര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ട്.
ജില്ലയില്‍ വെബ് കാസ്റ്റിംഗ് നടക്കുന്ന 17 പോളിംഗ് ബൂത്തുകളുടെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കണ്‍ട്രോണ്‍ റൂമിലുണ്ട്.
ടെക്നിക്കല്‍ കോ-ഓര്‍ഡിനേഷന്‍, വെബ് കാസ്റ്റിംഗ്, നെറ്റ് വര്‍ക്കിംഗ്, പോലീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബ്ലോക്ക്തലത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്ന ബ്ലോക്ക്തല സൂപ്പര്‍വൈസിംഗ് ടീം തുടങ്ങിയവരാണ് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്.
എഡിഎം ബി ജ്യോതി, കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസര്‍ ഷിബു തോമസ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ വൈഭവ് ഭരദ്വാജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി റ്റി ജോണ്‍, ജില്ലാ ഐടി മിഷന്‍ ഡിപിഎം സി എം ഷംനാദ്, കെസ്വാന്‍ നോഡല്‍ ഓഫീസര്‍ അനസ് തുടങ്ങിയവര്‍ കണ്‍ട്രോള്‍ റൂമിന് നേതൃത്വം നല്‍കുന്നു.
