ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/12/2025 )

ശബരിമല വെർച്വൽ ക്യൂ കർശനം; വയോധികരും കുട്ടികളും പരമ്പരാഗത കാനനപാത ഒഴിവാക്കണമെന്ന് എ.ഡി.എം

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എ.ഡി.എം ഡോ. അരുൺ എസ്. നായർ ഐ.എ.എസ് അറിയിച്ചു. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എ.ഡി.എം നിർദ്ദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും അഗ്നിശമനസേനയും എൻ.ഡി.ആർ.എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.

നിലവിൽ ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ ദർശനം ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. മണ്ഡലവിളക്കുമായി ബന്ധപ്പെട്ട തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു നടത്തേണ്ട പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

 

—————————————–

 

 

ശബരിമലയിൽ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

മണ്ഡലകാല തീർത്ഥാടനം ആരംഭിച്ച് 22 ദിവസങ്ങൾ പിന്നിടുമ്പോൾ സന്നിധാനത്തും പരിസരത്തുനിന്നുമായി വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീം പിടികൂടിയത് 95-ഓളം പാമ്പുകളെ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലാണ് ക്ഷേത്രമെന്നതിനാൽ വന്യജീവി സാന്നിധ്യം സ്വാഭാവികമാണെന്നും ഭക്തർ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, ജാഗ്രത പാലിച്ചാൽ മാത്രം മതിയെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

“ഭക്തർക്കും ജീവനക്കാർക്കും തടസ്സമാകുന്ന രീതിയിൽ കാണപ്പെടുന്ന പാമ്പുകളെ പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിടുന്ന രീതിയാണ് അവലംബിക്കുന്നത്. നിലവിൽ പിടികൂടിയവയിൽ ഭൂരിഭാഗവും വിഷമില്ലാത്തവയാണ്,” സന്നിധാനത്തെ സ്നേക്ക് റെസ്ക്യൂവർ ബൈജു പറഞ്ഞു.

ചേര, ട്രിങ്കറ്റ്, പച്ചിലപ്പാമ്പ്, വില്ലൂന്നി തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളെയാണ് കൂടുതലായി സന്നിധാനത്ത് കണ്ടുവരുന്നത്. ഈ സീസണിൽ പിടികൂടിയവയിൽ ഏകദേശം 15 എണ്ണം മാത്രമാണ് വിഷമുള്ള ഗണത്തിൽപ്പെട്ടവയായി ഉണ്ടായിരുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് 365-ഓളം പാമ്പുകളെ ഇത്തരത്തിൽ പിടികൂടിയിരുന്നു. സീസൺ അല്ലാത്ത സമയങ്ങളിലും പാമ്പുകളുടെ സാന്നിധ്യം ഇവിടെയുണ്ട്. ഏകദേശം ആറുമാസം മുൻപ് സന്നിധാനത്ത് നിന്ന് നാല് രാജവെമ്പാലകളെ പിടികൂടി ഉൾവനത്തിലേക്ക് വിട്ടിരുന്നതായും സ്നേക്ക് ഉദ്യോഗസ്ഥർ ഓർമിക്കുന്നു.

സന്നിധാനത്തും പമ്പയിലുമായി ആറോളം പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പാമ്പുകളെ പിടികൂടാൻ രംഗത്തുള്ളത്. നിരന്തരമായി ലഭിക്കുന്ന കോളുകൾക്കനുസരിച്ച് പാമ്പുകളെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഇവർ സ്വീകരിക്കുന്നുണ്ട്. പാമ്പുകൾക്ക് പുറമെ പരിക്കേറ്റ കാട്ടുപന്നികൾ, കുരങ്ങുകൾ, മലയണ്ണാൻ തുടങ്ങിയ ജീവികൾക്കും വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയും റേഞ്ച് ഓഫീസറുടെയും നിർദേശപ്രകാരം സംരക്ഷണവും ചികിത്സയും നൽകിവരുന്നുണ്ട്.

ഭക്തർക്കുള്ള ജാഗ്രതാ നിർദേശങ്ങൾ:

പാമ്പുകളെ കണ്ടാൽ അവയെ ഉപദ്രവിക്കാനോ പിടിക്കാനോ ശ്രമിക്കാതെ സുരക്ഷിതമായ അകലം പാലിക്കണം. ഉടൻ തന്നെ പോലീസിലോ വനംവകുപ്പ് ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണമെന്നും റെസ്ക്യൂവർമാർ അഭ്യർത്ഥിക്കുന്നു. കൂടാതെ താഴെ പറയുന്ന കാര്യങ്ങൾ തീർത്ഥാടകർ ശ്രദ്ധിക്കണം:

– തീർത്ഥാടകർ സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന പാതകളിലൂടെ മാത്രം സഞ്ചരിക്കുക.
– പുല്ല് വളർന്നു നിൽക്കുന്ന ഇടങ്ങളിലോ കല്ലുകൾക്കിടയിലോ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ അവിടങ്ങളിൽ വിശ്രമിക്കുന്നത് ഒഴിവാക്കുക.
– വെളിച്ചം കുറവുള്ള സ്ഥലങ്ങളിൽ രാത്രിയാത്ര ചെയ്യുമ്പോൾ ടോർച്ച് ഉപയോഗിക്കുക.

പാമ്പുകടിയേറ്റാൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ സന്നിധാനത്തും പമ്പയിലും ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

——————————————

 

ട്രാക്ടർ റോഡുകളിൽ വിരിവെക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി സന്നിധാനം എ.ഡി.എം

സന്നിധാനത്തും പരിസരത്തുമുള്ള ട്രാക്ടർ റോഡുകളിൽ ഭക്തർ വിരിവെക്കുന്നത് ഒഴിവാക്കണമെന്ന് സന്നിധാനം എ.ഡി.എം ഡോ. അരുൺ എസ്. നായർ നിർദ്ദേശിച്ചു. രാത്രികാലങ്ങളിൽ ഈ റോഡുകളിലൂടെയുള്ള ട്രാക്ടർ ഗതാഗതം സജീവമായതിനാൽ ഈ വഴികളിലെ വിശ്രമം അപകടങ്ങൾക്ക് കാരണമായേക്കാം.

കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന തീർത്ഥാടക സംഘങ്ങൾ അപകടസാധ്യതയുള്ള ഇത്തരം പാതകളിൽ വിശ്രമിക്കുന്നത് വലിയ സുരക്ഷാപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനാൽ ട്രാക്ടർ സഞ്ചരിക്കുന്ന വഴികളിൽ നിന്ന് മാറി സുരക്ഷിതമായ ഇടങ്ങളിൽ വിരിവെക്കാൻ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണം.

കാനനക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഭക്തർ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വനത്തിലോ നടപ്പാതകളിലോ വലിച്ചെറിയാതെ ശബരിമല പവിത്രമായി സൂക്ഷിക്കാൻ അയ്യപ്പഭക്തർ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related posts