ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് അയ്യായിരമാക്കി : ഹൈക്കോടതി

Spread the love

 

ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.

 

കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹൈക്കോടതി നടപടി. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസോ ദേവസ്വം ബോർഡോ തയ്യാറാത്ത സാഹചര്യവുമുണ്ടായി.

 

കാനനപാതയിലും നിയന്ത്രണം ഏര്‍പ്പെടുത്തി . ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി.കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

തിങ്കളാഴ്ചവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല.

Related posts