മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് (ഒക്ടോബര്‍ 2) തുടക്കം
മാലിന്യരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം ജനകീയ ക്യാമ്പയിന് (ഒക്ടോബര്‍ 2) തുടക്കം. ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ രാവിലെ 10.30 ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ഇവിടെ പൂര്‍ത്തീകരിച്ച ഗോബര്‍ധന്‍ ഗ്യാസ് പ്ലാന്റിന്റെയും ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ നിന്നാരംഭിച്ച് എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുളള ശുചിത്വസന്ദേശ റാലിയുടെയും ഉദ്ഘാടനവും അനുബന്ധമായുണ്ട്.
ആന്റോ ആന്റണി എം പിയാണ് മുഖ്യാതിഥി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയാകും. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 2100/24)
വീട്ടമ്മമാരും ശുചീകരണത്തിന്
ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീട്ടമ്മമാരും കൈകോര്‍ക്കും. ജില്ലാതല കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി (ഒക്‌ടോബര്‍ 2) ഉചയ്ക്ക് 2.30ന് പന്തളം നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പെഴ്‌സന്‍ സുശീല സന്തോഷ് ശുചിത്വസന്ദേശം നല്‍കും.
അടൂര്‍ ഹോമിയോ കോംപ്ലക്‌സ് 7.5 കോടിയുടെ ഭരണാനുമതി
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
സംസ്ഥാന തലത്തില്‍തന്നെ ആയുഷ് വകുപ്പിന്റെ പദ്ധതികളില്‍ ശ്രദ്ധേയമായ വയില്‍ ഉള്‍പ്പെടുത്താവുന്ന അടൂര്‍ ഹോമിയോ കോംപ്ലക്‌സിന് 7.5 കോടി രൂപയുടെ ഭരണ അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
കേരള ആയുഷ് മിഷന്റെയും കേന്ദ്ര ആരോഗ്യവകുപ്പിന്റെയും കൂടിയുള്ള ഒരു വിഹിത പദ്ധതി എന്ന നിലയിലാണ് 2022-23 വര്‍ഷത്തെ ആയുഷ് വകുപ്പിന്റെ സംസ്ഥാനതല വാര്‍ഷിക ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് കല്ലട പദ്ധതിക്ക് ഉപയോഗ്യമാക്കുന്നതിന് ഏറത്ത് പഞ്ചായത്തിലെ എറ്റെടുത്ത അധിക ഭൂമിയില്‍ നിന്നുമാണ് 30 സെന്റ് സ്ഥലം ഈ പദ്ധതിയ്ക്ക് ആയുഷ് വകുപ്പിന് വകുപ്പ് തല ഭൂമി കൈമാറ്റ നടപടിയിലൂടെ ലഭ്യമായത്. സംസ്ഥാന ബജറ്റില്‍ അടൂര്‍ മണ്ഡലത്തിന്റെ സാമാജികനെന്ന നിലയില്‍ ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദ്ദേശമായി ഉള്‍പ്പെടുത്തിയെങ്കിലും ഭൂമി കൈമാറ്റ നടപടിക്രമങ്ങളിലുള്ള കാലതാമസം കാരണം യഥാസമയം ഭൂമി ലഭ്യത ഉറപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനെ തുടര്‍ന്നാണ് ആയുഷ് വകുപ്പിന്റെ നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ടിംഗ് സാദ്ധ്യത ഉപയോഗപ്പെടുത്തുകയുണ്ടായത്. നിലവിലുള്ള പദ്ധതി കെട്ടിടത്തിന് 3 നിലകളിലുമായി 2367.55 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഉള്ളത്.
ഗ്രൗണ്ട് ഫ്‌ലോറില്‍ വിശാലമായ കാര്‍ പാര്‍ക്കിംഗ്, യോഗ, നാച്ചുറോപതി എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേക ക്രമീകരണം, ആര്‍.എം.ഒ.യുടെ ഓഫീസ് എന്നിവയും ഒന്നാം നില ഫാര്‍മസി, സ്‌കാനിങ് ലാബ് എന്നിവയ്ക്കായും രണ്ടാം നിലയില്‍ നേഴ്‌സിങ് സ്റ്റേഷന്‍, പേവാര്‍ഡ്, സാധാരണ വാര്‍ഡുകള്‍, ഡൈനിങ് ഏരിയ എന്നിവയ്ക്കാണ് നിലവില്‍ വിഭാവനം ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ 10 കിടക്കകളുള്ള ഒരേ ഒരു ആശുപത്രി മാത്രമാണ് ആയുഷിന് ഹോമിയോ വിഭാഗത്തില്‍ നിലവിലുള്ളത്. അതാകട്ടെ രോഗികള്‍ക്ക് എത്തിച്ചേരാന്‍ മതിയായ ഗതാഗത സൗകര്യം ഇല്ലാത്ത ഉള്‍പ്രദേശമായ മല്ലപ്പള്ളി കൊറ്റനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുമാണ്.
മതിയായ സ്ഥലസൗകര്യം ഇല്ലാത്ത തിനാല്‍ ഈ ജില്ലാ കേന്ദ്രത്തോടൊപ്പം പ്രവര്‍ത്തിക്കേണ്ട വകുപ്പിന്റെ വിവിധ ഹോമിയോ പദ്ധതികളായ സീതാലയം, സദ്ഗമയ, ജനനി എന്നിവയുമായി ബന്ധപ്പെട്ട കാര്യാലയങ്ങള്‍ ചില ഹോമിയോ ഡിസ്‌പെന്‍സറികളോട് ചേര്‍ന്നാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ പദ്ധതി കാര്യാലയങ്ങള്‍ അടക്കം വിവിധങ്ങളായ ഹോമിയോ വകുപ്പ് തല പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി സ്ഥലസൗകര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെന്നു ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. ഈ പ്രവര്‍ത്തിയുടെ പ്രാഥമിക പദ്ധതി രേഖ തയ്യാറാക്കുന്നത് മുതല്‍ നാളിതുവരെ ഭരണാനുമതി ലഭ്യമായ ഇതുവരെയുള്ള ഫയല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന തിനും മറ്റും പത്തനംതിട്ട ജില്ല ഹോമിയോ ഡി.എം.ഒ. എന്ന നിലയില്‍ ഡോക്ടര്‍ ബിജു വിന്റെ മാതൃകാപരമായ ഔദ്യോഗിക കൃത്യനിര്‍വഹണം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാതൃകയാക്കാവുന്നതാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു. പദ്ധതിയുടെ ടെന്‍ഡറിങ് നടപടികള്‍ വേഗത്തിലാക്കി ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍തന്നെ സമയബന്ധിത മായി ആരോഗ്യമേഖലയിലുള്ള അടൂരിന്റെ ഈ അഭിമാന പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
പ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണ് :- ഡെപ്യൂട്ടി സ്പീക്കര്‍
വയോജനസംഗമം
പ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.വാര്‍ദ്ധക്യത്തില്‍ ഏകാന്തതയുടെ ഭാരം ചുമക്കാനനുവദിക്കാതെ പ്രായമായവരെ ചേര്‍ത്ത് നിര്‍ത്തലാണ് സമൂഹത്തിന്റെ കടമയെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.പന്തളം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയായ 2024-25 വയോജനക്ഷേമം ഒത്തുചേരാം നമുക്ക് മുന്നേ നടന്നവര്‍ക്കായി എന്ന പേരില്‍ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വയോജന ക്ലബ്ബുകള്‍ ആരംഭിക്കുന്നതും ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം ആക്കുന്നുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വേള്‍ഡ് വിഷന്‍ റിട്ടയേഡ് പ്രോജക്ട് ഓഫീസര്‍ പി.സി ജോണ്‍ ഡോക്ടര്‍ വിദ്യ ശശിധരന്‍, വി എം മധു, ബി എസ് അനീഷ്‌മോന്‍, ജൂലി ദിലീപ്, രജിത കുഞ്ഞുമോന്‍, സന്തോഷ്‌കുമാര്‍, എ സനല്‍ കുമാര്‍, കെ.അജിത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗാന്ധി ജയന്തി : ഖാദി വസ്ത്രങ്ങള്‍ക്ക് റിബേറ്റ്
ഗാന്ധി ജയന്തിയുടെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ 02) ജില്ലയിലെ ഖാദി വില്‍പനശാലകളില്‍ 30 ശതമാനം സര്‍ക്കാര്‍ റിബേറ്റോടെ ഉപഭോക്താക്കള്‍ക്ക് ഖാദി വാങ്ങാം. ഫോണ്‍ – 0468 2362070.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ടാലി എം.എസ് ഓഫീസ് കോഴ്സുകളിലേക്കും ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌റ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍:0469-2961525, 8281905525.
ബസ്‌യാത്രാ സൗകര്യമൊരുക്കാന്‍ ജനകീയ സദസ്
പൊതു ബസ്ഗതാഗതം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ സ്വകാര്യ ബസുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനാഭിപ്രായം കൂടി പരിഗണിക്കും. ജില്ലയുടെ ചുമതലയുളള മന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നു (ഒക്ടോബര്‍ 02) രാവിലെ 10 ന് ജനകീയസദസ് നടത്തിയാണ് തീരുമാനങ്ങളെടുക്കുക. പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും ബസ് ഓപ്പറേറ്റര്‍മാര്‍ക്കും റൂട്ട് പ്രൊപ്പോസലുകള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ സമര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് ആര്‍. ടി. ഒ അറിയിച്ചു.
അങ്കണവാടി ആധാര്‍ എന്റോള്‍മെന്റ് 10വരെ
ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 87 അക്ഷയകേന്ദ്രങ്ങളിലൂടെ അങ്കണവാടി കുട്ടികള്‍ക്കായി നടത്തുന്ന പ്രത്യേക ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വരെയുണ്ടാകും. എന്റോള്‍മെന്റ്, പുതുക്കല്‍ സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ക്കും അവസരം വിനിയോഗിക്കാം.
മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ സ്പോട്ട് അഡ്മിഷന്‍
അസാപ്പ് കേരളയുടെ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍. ഏഴു ഒഴിവുണ്ട്. (മൂന്ന് സീറ്റ് മൈനോറിറ്റി വിഭാഗത്തിന്). ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ ട്രേഡുകള്‍ 2020 ന് ശേഷം പാസ് ഔട്ട് ആയവര്‍ക്കാണ് അവസരം. ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈന, ബുദ്ധ, പാഴ്സി) വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് സൗജന്യമാണ്. ഒക്ടോബര്‍ അഞ്ചിന് ക്ലാസ് തുടങ്ങും. ഫോണ്‍ : 7736925907/9495999688.
അന്താരാഷ്ട്ര വയോജന ദിനം
സാമൂഹിക നീതി വകുപ്പിന്റെ അഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം കോഴിമല അശാ ഭവനില്‍ സംഘടിപ്പിച്ചു. മാത്യു റ്റി. തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. വയോജന ദിന പ്രതിജ്ഞയും ചൊല്ലികൊടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയായി. ജില്ലാ സമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, കെ. കെ വത്സല, കെ. ബി ശശിധരന്‍ പിള്ള , എം.എസ് മോഹന്‍, ജി. സന്തോഷ് , അഡ്വ. പി. ഇ. ലാലച്ചന്‍, ഉമ്മന്‍ റേ വര്‍ഗീസ് , ഒ.എസ് മീന തുടങ്ങിയവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എല്ലാ വിദ്യാലയങ്ങളിലും വയോജനദിന പ്രതിജ്ഞ ചൊല്ലി.
എന്യുമറേറ്റര്‍ നിയമനം
കന്നുകാലി സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി എന്യുമറേറ്റര്‍മാരായി നിയമിക്കുന്നതിന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, പശുസഖി, എ ഹെല്‍പ് പ്രവര്‍ത്തകര്‍, വിരമിച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, ക്ഷീരവികസന വകുപ്പിലെ ഡയറി പ്രൊമോട്ടേഴ്സ്, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കേഴ്സ് എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ അഞ്ചിന് പകല്‍ മൂന്നിന് മുമ്പ് അതത് മൃഗാശുപത്രികളില്‍ അപേക്ഷ സമര്‍പ്പിക്കാം.
മസ്റ്ററിംഗ്
ദേശീയ ഭക്ഷ്യഭദ്രത പദ്ധതിയിലുള്‍പ്പെട്ട മുന്‍ഗണന (മഞ്ഞ എഎവൈ, പിങ്ക് പിഎച്ച്എച്ച്) വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട എല്ലാ അംഗങ്ങളുടെയും ഇ-കെവൈസി അപ്ഡേഷന് റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡുമായി റേഷന്‍ ഡിപ്പോകളിലെത്തി മസ്റ്ററിംഗ് നടത്തണം. റേഷന്‍ കാര്‍ഡുകളിലുള്‍പ്പെട്ട ഏതെങ്കിലും അംഗങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സാക്ഷ്യപത്രവും റേഷന്‍ കാര്‍ഡുമായി അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസിലെത്തി പേരുകള്‍ കുറവുചെയ്യണമെന്ന് കോഴഞ്ചരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനധികൃതമായ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ തരംമാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ഫോണ്‍ : 0468 2222212.
മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം (വിഷന്‍ പ്ലസ്) അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി (വിഷന്‍ പ്ലസ്) 2024-25 പദ്ധതി പ്രകാരം പ്ലസ് ടു പഠനത്തിനു ശേഷം മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-ലെ പ്ലസ് ടു, വിഎച്ച്എസ് സി പരീക്ഷയില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസായവരും, പ്ലസ് ടുവിന് സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുളള സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുളള ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. നിശ്ചിതമാതൃകയിലുളള അപേക്ഷ, കുട്ടിയുടെ ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്എസ്എല്‍സി , പ്ലസ് ടു/വിഎച്ച്എസ്സി/സിബിഎസ്ഇ/ഐസി
താലൂക്ക് വികസന സമിതി യോഗം 5 ന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അഭിമുഖം
പുറമറ്റം ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ തിരഞ്ഞെടുക്കുന്നതിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ അഞ്ചിന് രാവിലെ 9:30 മുതല്‍ പുറമറ്റം ഗ്രാമപഞ്ചായത്തുഹാളില്‍ നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അറിയിപ്പ്, അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസല്‍ എന്നിവസഹിതം അഭിമുഖത്തിന് പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ ഒക്ടോബര്‍ നാലിന് മുമ്പ് കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04692997331.
സൗജന്യപരിശീലനം
പത്തനംതിട്ട എസ് ബിഐ യുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനം ഒക്ടോബര്‍ 14 നു തുടങ്ങും. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് പ്രവേശനം. ഫോണ്‍: 8330010232.
അവലോകനയോഗം മാറ്റിവെച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റില്‍ ഒക്ടോബര്‍ മൂന്നിന് നടക്കാനിരുന്ന യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.