konnivartha.com/ കാൽഗറി: മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി ( എം സി എ. സി ),കാൽഗറി ഇതുവരേയും കണ്ട ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു .
നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിൽ ആണ് എംസിഎസിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നത് . ആയിരത്തോളം പേർക്കുള്ള സദ്യയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണം . നൂറിലധികം വോളന്റീയേഴ്സിന്റെ കഠിനപ്രയത്നമാണ് ഈ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീർത്തത് .
എം.സി.എ.സി പ്രസിഡണ്ട് മുഹമ്മദ് റഫീഖ് , എം.സി.എ.സി യുടെ ഇത്തവണത്തെ പ്ലാറ്റിനം സ്പോൺസർ ജിജോ വര്ഗീസ് , മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷത്തിന് സമാരംഭം കുറിച്ചു .
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്കെത്തിയ മാവേലിക്കൊപ്പം ചുവടുവെച്ച പുലിക്കുട്ടികൾ കാണികളെ ഹരം കൊള്ളിച്ചു . തുടർന്ന് കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര, മഹാകവി ഇടശ്ശേരിയുടെ പൂതപ്പാട്ടിന്‍റെ നൃത്താവിഷ്‌കാരണം , കൈകൊട്ടിക്കളി മറ്റു നൃത്തനൃത്യങ്ങൾ മുതലായവ അരങ്ങത്തെത്തി .
കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ പരേഡും മറ്റു വിവിധയിനം കലാപരിപാടികളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി . സ്ത്രീകളുടെ വാശിയേറിയ വടംവലിയോടെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി .
വാർത്ത: ജോസഫ് ജോൺ കാൽഗറി