സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചു തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും നോഡൽ ഏജൻസിയായി ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടു. ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) തയ്യാറാക്കിയ ക്യു ഫീൽഡ് ആപ്പാണ് ഇതിന് ഉപയോഗിക്കുക.
ഡീലിമിറ്റേഷൻ നടപടിക്രമങ്ങളും ജി ഐ എസ് അധിഷ്ഠിത വാർഡ് മാപ്പിംഗും പൂർത്തിയായിക്കഴിഞ്ഞാൽ ലഭ്യമായ ഡാറ്റയും മാപ്പുകളും സർക്കാർ ആവശ്യങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. 1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട് (1994 ലെ 13) 10 ാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണയിക്കുന്നതിനു ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു നേരത്തേ സർക്കാർ ഉത്തരവിട്ടിരുന്നു. തുടർന്ന് നിർദ്ധിഷ്ടവാർഡുകളുടെ അതിർത്തികൾ ഉൾപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നതിന് ക്യു ഫീൽഡ് ആപ്പ് ഉപയോഗിക്കാനും ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കാനും ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്താൻ കമ്മീഷൻ തീരുമാനിക്കുകയും സർക്കാരിനോട് അഭ്യാർഥിക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.