കോന്നി നടുവത്ത്മൂഴി വന മേഖലയില്‍ നിന്നും 132 കുടുംബം വീട് ഒഴിയുന്നു

 

konnivartha.com: വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ 132 കുടുംബങ്ങള്‍ വീടും വസ്തുവും വനം വകുപ്പിന് തിരികെ കൊടുത്തു കിട്ടുന്ന പണവും വാങ്ങി നാട് ഒഴിയുന്നു .

അതി രൂക്ഷമായ വന്യ മൃഗ ശല്യം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ആര്‍ കെ ഡി പി ആദിവാസി ഇതര സ്വകാര്യ സെറ്റില്‍മെന്റ് സ്വയം സന്നദ്ധ പുനരിവാസ പദ്ധതി പ്രകാരം ആണ് കോന്നി വനം ഡിവിഷനിലെ ഡിവിഷന്‍ തല കമ്മറ്റിയിലേക്ക് ആളുകള്‍ അപേക്ഷ നല്‍കിയത് . റീജണല്‍ കമ്മറ്റി ഈ അപേക്ഷയില്‍ മേല്‍ ഉള്ള തുടര്‍ നടപടികള്‍ക്ക് വേണ്ടി സംസ്ഥാന കമ്മറ്റിയ്ക്ക് അപേക്ഷകള്‍ കൈമാറി

നടുവത്ത്മൂഴി റെയിഞ്ച് പരിധിയിലെ കൊക്കാത്തോട്‌ , അള്ളുങ്കല്‍ , അപ്പൂപ്പന്‍തോട് , വയക്കര , നെല്ലിക്കാപ്പാറ , പാടം കമ്പകത്തും പച്ച എന്നിവിടെ നിന്നുമാണ് ആളുകള്‍ വസ്തുവും വീടും വനം വകുപ്പിന് കൈമാറി നഷ്ടപരിഹാരവും വാങ്ങി പോകാന്‍ ഉള്ള അപേക്ഷ നല്‍കിയത് .

2022 മുതല്‍ 2024 ജൂലൈ 08വരെയുള്ള അപേക്ഷകള്‍ ആണ് പരിഗണിക്കുന്നത് . ഇന്ന് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ചേര്‍ന്ന വനം വികസന സമിതിയുടെ കമ്മറ്റിയില്‍ നിരവധി അപേക്ഷകള്‍ പുതിയതായി ലഭിച്ചു . 37 അപേക്ഷകള്‍ ഇന്ന് ലഭിച്ചു . നേരത്തെ 56 അപേക്ഷകള്‍ ലഭിച്ചു . കിഫ്ബിയില്‍ നിന്നും 67 കോടി രൂപ അനുവദിച്ചിട്ടുണ്ട് . 93 അപേക്ഷകളില്‍ സംസ്ഥാന കമ്മറ്റി തീരുമാനം അനുസരിച്ച് ഒരു മാസത്തിന് ഉള്ളില്‍  നടപടികള്‍ ഉണ്ടാകും എന്ന് കോന്നി വനം വികസന എജന്‍സി ചെയര്‍മാനും ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററുമായ (സതേൺ സർക്കിൾ )ഡോ.ആർ.കമലാഹർ കോന്നി വാര്‍ത്ത ഡോട്ട് കോമിനോട്  പറഞ്ഞു .

വന മേഖലയില്‍ നിന്നും ഒഴിഞ്ഞു പോകുന്ന ഒരു കുടുംബത്തിനു പതിനഞ്ചു ലക്ഷം രൂപയാണ് നഷ്ട പരിഹാരമായി ലഭിക്കുന്നത് .ഒരു സെന്റ്‌ മുതല്‍ ഒരു ഏക്കര്‍ വരെ വരുന്ന വസ്തുവിന് ഇത്രയും തുക ലഭിക്കും .പ്രായപൂര്‍ത്തിയായ വിവാഹം കഴിയാത്ത കുടുംബത്തിലെ പെണ്‍കുട്ടിയ്ക്ക് വീണ്ടും ഒരു പതിനഞ്ചു ലക്ഷം (ഒരു യൂണിറ്റു )രൂപ കൂടി ലഭിക്കും .

വന്യ മൃഗ ശല്യം രൂക്ഷമായതിനാല്‍ പുറമേ നിന്നും ആരും വസ്തു വാങ്ങാത്ത സാഹചര്യം ആണ് ഉള്ളത് .ഇതിനാല്‍ വനം വകുപ്പ് നല്‍കുന്ന നഷ്ട പരിഹാരം വസ്തു ഉടമയ്ക്ക് വലിയ ലാഭം ആണ് . പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ ഈ ആനുകൂല്യത്തെ എതിര്‍ക്കുന്നുണ്ട് .കാരണം ആളുകള്‍ കൂട്ടമായി മേഖല വിട്ടു പോയാല്‍ വോട്ട് വിഹിതം കുറയും എന്നതിനാല്‍ ആണ് എതിര്‍ക്കുന്നത് .

വന മേഖലയിലെ അതി രൂക്ഷമായ വന്യ മൃഗ സാന്നിധ്യം മൂലം കാര്‍ഷിക വിളകള്‍ കൃഷി ചെയ്തു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് ഉള്ളത് . വസ്തു വനം വകുപ്പിന് തിരികെ നല്‍കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നുണ്ട് .ഇത് തടയിടാന്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകള്‍ രംഗത്ത്‌ ഉണ്ട് . ജനങ്ങളുടെ രോഷം ഭയന്ന് ആണ് ഇത്തരം രാഷ്ട്രീയ നേതാക്കള്‍ പൊതു ഇടങ്ങളില്‍ കൂടുതല്‍ ഇടപെടാത്തത് .

ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ അംഗ ഭംഗം വന്ന പട്ടാളക്കാര്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ്‌ കൊക്കാതോട്ടില്‍ ഇന്ന് കാണുന്ന സ്ഥലം . ഇവിടേയ്ക്ക് കുടിയേറി പാര്‍ത്തവര്‍ അനേക ആളുകള്‍ ഉണ്ട് .ആയിരത്തിനു അടുത്ത് കുടുംബങ്ങള്‍ നേരത്തെ ഇവിടെ ഉണ്ടായിരുന്നു .ഇപ്പോള്‍ മൂന്നില്‍ ഒന്നായി കുറഞ്ഞു . കാട്ടാന ശല്യം ആണ് ഈ മേഖലയില്‍ കൂടുതലായി ഉള്ളത് . വാഴയും കപ്പയും കമുകും തെങ്ങും എല്ലാം കാട്ടാന നശിപ്പിക്കുന്നു . കൊക്കാതോട്ടില്‍ നിന്നും അനേക ആളുകള്‍ വസ്തു വനം വകുപ്പിന് നല്‍കി നഷ്ട പരിഹാരം വാങ്ങി പോകുവാന്‍ തയാര്‍ എടുക്കുന്നു .

error: Content is protected !!