പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/06/2024 )

വാര്‍ഷിക മസ്റ്ററിംഗ്

കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം മുഖേന വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. 2023 ഡിസംബര്‍ വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാവരും മസ്റ്ററിംഗ് ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അഭിമുഖം ജൂലൈ മൂന്നിന്

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂലൈ മൂന്നിന് കേന്ദ്രീയ വിദ്യാലത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേദിവസം രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍ : 0468 2256000.

ഇന്റേണ്‍ഷിപ്പ്

പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായവര്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതികളിലെ സീനിയര്‍ അഡ്വക്കേറ്റ്സ്/ ഗവ. പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതി ആരംഭിച്ചു. പ്രതിമാസം 18000 രൂപ ഹോണറേറിയം. ഇന്റേണ്‍ഷിപ്പ് കാലാവധി മൂന്നുവര്‍ഷം. അപേക്ഷകരില്‍ നിന്നും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കും. യോഗ്യത: എല്‍എല്‍ബിയില്‍ ബിരുദം/ എല്‍എല്‍എം. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പ് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്, മലയാളം മീഡിയം ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നം. 412/2022) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അടൂര്‍ ഏരിയായുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇളമണ്ണൂര്‍ ഇ.വി.എച്ച്.എസില്‍ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ. ആര്‍. ഹരീഷ് യോഗാദിന സന്ദേശം നല്‍കി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, പഞ്ചായത്ത് അംഗം സതീഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി ജി കൃഷ്ണന്‍, പി.റ്റി.എ പ്രസിഡന്റ് പി.ജി. കൃഷ്ണകുമാര്‍ , പ്രിന്‍സിപ്പല്‍ വി. പ്രീത, ഡോ. സുനില്‍ കെ ജോണ്‍, ഡോ. സുനി പോള്‍, യോഗാ മാസ്റ്റര്‍ എന്‍. കെ സതികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകുന്നു

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആകുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി പഞ്ചായത്തുതല ആലോചന യോഗം ചേര്‍ന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി മദന്‍ മോഹന്‍ വയോജന സൗഹൃദ പഞ്ചായത്തിന്റെ ആവശ്യകത, രൂപീകരണം എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മ രൂപീകരിക്കുന്നതിനും വാര്‍ഡുതല കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. 59 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനും സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് വയോജന സൗഹൃദ പഞ്ചായത്ത് രൂപീകരിക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, അംഗങ്ങളായ മിനി മനോഹരന്‍, അരുണ്‍ രാജ്, ജെ. പ്രകാശ്, ജെ. ലത, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പി.സി.കെ ബോര്‍ഡ് മെമ്പര്‍ മോഹന്‍ കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബല്‍രാജ്, സിഡി.എസ് അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫുള്‍ടൈം സ്വീപ്പര്‍ ഒഴിവ്

അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പത്താംക്ലാസ് വിജയിക്കാത്ത 40 വയസ് കവിയാത്ത റാന്നി, കോഴഞ്ചേരി താലൂക്കുകളിലുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് ബന്ധപ്പെട്ട രേഖകളുമായി അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഹാജരാകണം. ഫോണ്‍ : 04735 231900.

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല

ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല ജൂണ്‍ 27ന് ഉച്ചയ്ക്ക് രണ്ടിന് അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. റാന്നി സെന്റ് തോമസ് കോളജ് കോമേഴ്സ് വിഭാഗം അസി. പ്രൊഫ. ആന്‍ഡ് റിസര്‍ച്ച് ഗൈഡ് ഡോ. രോണി ജെയിന്‍ രാജൂ ക്ലാസ് നയിക്കും.

കുടിശിക ഒടുക്കാനുളള സമയം നീട്ടി

പത്തനംതിട്ട ജില്ലയിലെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷകാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴിവാക്കി) കുടിശിക ഒടുക്കുന്നതിന് (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2320158.

വായ്പ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും സ്വയം തൊഴില്‍, വിദ്യാഭ്യാസം, മറ്റു വിവിധ വായ്പ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് ആറു മുതല്‍ എട്ടു ശതമാനം വരെ. ജാമ്യ വ്യവസ്ഥകള്‍ ബാധകം. വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ നം. 0468 2226111, 2272111