പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 18/06/2024 )

കടമുറി ലേലം


കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ അഞ്ചാം നമ്പര്‍ കടമുറി (ജനറല്‍), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കടുവാക്കുഴി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള 22 ാം നമ്പര്‍ കടമുറി(ജനറല്‍) എന്നിവയുടെ ലേലം ജൂണ്‍ 20 രാവിലെ 11:30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 21 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കരട് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവര്‍, താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവരുടെ പേര് വിവരങ്ങള്‍ എന്നിവ ആവശ്യമായ പരിശോധന നടത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കും.

ഏഴു ദിവസത്തിനകം പരാതികളോ ആക്ഷേപങ്ങളോ കിട്ടിയില്ലെങ്കില്‍ പേര് കരട് പട്ടികയില്‍ നിന്നും ഒഴിവാക്കും. പേര് ചേര്‍ക്കാന്‍ ഫോറം നാലിലും  ഉള്‍ക്കുറിപ്പുകള്‍ തിരുത്താന്‍ ഫോറം ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനം മാറ്റുന്നതിന് ഫോറം ഏഴിലും അപേക്ഷ നല്‍കണം. അപേക്ഷിക്കുമ്പോള്‍ തന്നെ ഹിയറിംഗ് നോട്ടീസ് ലഭിക്കും. പേര് ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫോറം അഞ്ച്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നല്‍കണം. ഈ മാസം 29 ന് പരിശോധന പൂര്‍ത്തിയാക്കും. ഇ ആര്‍ ഒ യുടെ ഉത്തരവില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ഉത്തരവ് തീയതി മുതല്‍ 15 ദിവസത്തിനകം തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഗവ. ഐ .ടി. ഐ (വനിത) മെഴുവേലിയില്‍ എന്‍ സി വി ടി  സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കുളള ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https//itiadmission.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https//det.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴിയും ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ 9995686848, 8075525879 , 9496366325 എന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേയ്ക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍ : 9846033001.

വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം

പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവരുടെ ഓഫീസ് എന്നിവരുടെ സഹകരണത്തോടെ (19ന്) വായന പക്ഷാചരണം സംഘടിപ്പിക്കും.

രാവിലെ 10 ന് അടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് അധ്യക്ഷനാവും. പത്തനംതിട്ട എസ്.പി വി. അജിത് വായനാദിന സന്ദേശം നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ടി.കെ.ജി. നായര്‍ വായനാനുഭവം പങ്കുവയ്ക്കും.
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ മുഖ്യപ്രഭാഷണം നടത്തും. അടൂര്‍ നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം പ്രൊ. റ്റി.കെ.ജി. നായര്‍,  ജില്ലാ ലൈബ്രറി കൗണ്‍സില്‍  സെക്രട്ടറി പി.ജി. ആനന്ദന്‍, എക്‌സി. അംഗം ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.ജെ. ആനന്ദന്‍ സ്വാഗതവും അടൂര്‍ തലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. കൃഷ്ണകുമാര്‍ നന്ദിയും പറയും. പി.എന്‍. പണിക്കരുടെ ചരമദിനമായ 19 ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വര്‍ഷത്തെ വായന പക്ഷാചരണം ആസൂത്രണം ചെയ്തിട്ടുള്ളത്.

വായനാദിന മാസാചരണം ജില്ലാതല ഉദ്ഘാടനം

പി.എന്‍. പണിക്കരുടെ 29-ാമത് ഓര്‍മ്മദിനമായ ജൂണ്‍ 19 ന് ഭാരത സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും സഹകരണത്തോടുകൂടി വിദ്യാഭ്യാസ വകുപ്പിന്റെയും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ ദേശീയ വായനാദിന മാസാചരണം ജില്ലാതല ഉദ്ഘാടനം നടക്കും.

കാന്‍ഫെഡ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കാവുംഭാഗം ദേവസ്വംബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഉദ്ഘാടനം ചെയ്യും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഫാ. ഡോ. ഏബ്രഹാം മുളമൂട്ടില്‍ അധ്യക്ഷനാവും.
തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീനാണ് മുഖ്യ അതിഥി. ചടങ്ങില്‍ അധ്യാപക ഗുരു ശ്രേഷ്ഠരെ ആദരിക്കും. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ജാന്‍ മുഖ്യപ്രഭാഷണം നടത്തും. പി.എന്‍.പി സെക്രട്ടറി സി.കെ. നസീര്‍ സ്വാഗതവും ദേവസ്വം ബോര്‍ഡ് എച്ച്എസ് ഹെഡ്മിസട്രസ് ലത എസ് നന്ദിയും പറയും. പി.എന്‍.പണിക്കര്‍ വായനാമിഷന്റെ വായാനാ കോര്‍ണറിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് വായന ദിന പ്രത്ജ്ഞയും ചൊല്ലും. വായനാദിനത്തോട് അനുബന്ധിച്ച് ഇന്ന് എല്ലാ സ്‌കൂളുകളിലും വായന ദിന പ്രത്ജ്ഞ ചൊല്ലും.

തുടര്‍പഠനം ഇനി പോലീസിന്റെ മേല്‍നോട്ടത്തില്‍;രജിസ്‌ട്രേഷന്‍ ജൂലൈ 15 വരെ

എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതുപരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്റെ ‘ഹോപ്പ്’ പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത 18 വയസില്‍ താഴെയുള്ളവര്‍ക്ക് അതതു ജില്ലയിലെ കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 15. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9497900200 എന്ന നമ്പരില്‍ ബന്ധപ്പെടാം.

21, 22 തീയതികളില്‍ വ്യാപക മഴക്ക് സാധ്യത

ഈമാസം 21, 22 തീയതികളില്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി 21, 22 തീയതികളില്‍ കേരള തീരത്ത് പടിഞ്ഞാറന്‍ / തെക്ക്  പടിഞ്ഞാറന്‍ കാറ്റ് ശക്തമായേക്കും. അതിനാല്‍ ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ  മഴക്കും സാധ്യതയുണ്ട്. ഈ മാസം 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.