പത്തനംതിട്ട ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു

 

മോശം സിനിമകള്‍ നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തി: അടൂര്‍ ഗോപാലകൃഷ്ണന്‍

konnivartha.com/ പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത വഷളന്‍ സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളില്‍ കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകള്‍ കാണിക്കുന്ന ഫിലിം സൊസൈറ്റികള്‍ പ്രസക്തമാകുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലൂമിയര്‍ ലീഗ് പത്തനംതിട്ട ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ചലച്ചിത്രം ലൂമിയര്‍ സഹോദരന്മാര്‍ സൃഷ്ടിച്ചിട്ട് 129 വര്‍ഷമേ ആയിട്ടുള്ളു. ഇന്ന് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തന മേഖലകളെയും സിനിമ സ്വാധീനിക്കുന്നു. അതായത് സിനിമ ഒരു നേരമ്പോക്ക് അല്ല.
സത്യസന്ധമായി ചിത്രീകരിച്ച ഒരു സിനിമ അനന്യമായ ഒരു അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. കേരളത്തില്‍ ധാരാളം പുതിയ ചലച്ചിത്രകാരന്മാര്‍ ഉണ്ടാകുന്നുണ്ട്. ഒരേ അച്ചില്‍ വാര്‍ത്ത സിനിമകളല്ല ഇപ്പോള്‍ ഇറങ്ങുന്നത്. അത് നല്ലൊരു കാര്യമാണ്.

സമാന മനസ്‌കരായ ആളുകള്‍ ഒരുമിച്ചിരുന്ന് സിനിമ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഫിലിം സൊസൈറ്റികള്‍ കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. ചലനം രേഖപ്പെടുത്തുക എന്നത് ജനങ്ങളുടെ വലിയ സ്വപ്നമായിരുന്നു. ഫോട്ടൊഗ്രഫി വന്നത് വലിയ കുതിച്ചുചാട്ടമായി. പിന്നീട് ചലന ചിത്രങ്ങള്‍ രേഖപ്പെടുത്താനായി. തുടര്‍ന്ന് ശബ്ദവും രേഖപ്പെടുത്താനായി. 1927 ല്‍ ആണ് ചലച്ചിത്രങ്ങളില്‍ ശബ്ദവും സന്നിവേശിപ്പിക്കാനായത്. അതു പിന്നെ നിറമുള്ള ചിത്രങ്ങളായി. സിനിമയുടെ രൂപവും ഭാവവും മാറി.

യൂണിവേഴ്‌സിറ്റികളില്‍ ഇന്ന് സിനിമ പഠനവിഷയമാണ്. സ്‌കൂളില്‍ ഒമ്പതാം ക്ലാസുകാരാട് സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ പറയുന്നുണ്ട്. ഇതൊരിക്കലും ശരിയല്ല. കുട്ടികള്‍ക്ക് സിനിമയെ കുറിച്ച് അവബോധം നല്‍കിയതിന് ശേഷമാകണം അവരോട് സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ പറയേണ്ടത്. മനുഷ്യരെ ഇത്രത്തോളം സ്വാധീനിച്ച ഒരു കലാരൂപം വേറെയില്ല. ആധുനിക കാലത്ത് ആശുപത്രികളില്‍ ചികില്‍സ പോലും സിനിമയാണ്. മനുഷ്യശരീരത്തിലേക്ക് കാമറ കയറ്റി വിട്ട് അതൊക്കെ ഒരു സ്‌ക്രീനില്‍ കണ്ടാണ് രോഗം നിര്‍ണയിക്കുന്നത്. ഒരു തരത്തില്‍ അതും സിനിമയാണ്. തന്റെ സിനിമകളില്‍ നടന്മാരുടെ മനോധര്‍മം അനുവദിക്കില്ല. സംവിധായകന്‍ പറയുന്നതു പോലെ നടന്‍ അഭിനയിക്കണം. മനോധര്‍മം നാടകത്തില്‍ മതി. സിനിമയില്‍ അത് പറ്റില്ല. നിയതമായ ചട്ടക്കൂടില്‍ നിന്ന് വേണം നടന്‍ അഭിനയിക്കാന്‍. അവിടെ തിരക്കഥ പറയും എന്താണ് വേണ്ടതെന്ന്. അതനുസരിച്ച് നടന്‍ നീങ്ങണമെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.

സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടീ. സക്കീര്‍ ഹുസൈന്‍ അടൂരിനെ ആദരിച്ചു. കോളമിസ്റ്റും ഫിലിംസൊസൈറ്റി പ്രവര്‍ത്തകനുമായ എ. മീരാസാഹിബ്, പത്തനംതിട്ട ട്രിനിറ്റി മൂവിമാക്‌സ് ഉടമ പി.എസ്. രാജേന്ദ്രപ്രസാദ് എന്നിവര്‍ക്ക് ചെയര്‍മാന്‍ ഓണററി അംഗത്വം നല്‍കി. ലൂമിയര്‍ ലീഗ് സെക്രട്ടറി എം.എസ്. സുരേഷ്, സംവിധായകന്‍ മധു ഇറവങ്കര, എ. മീരാസാഹിബ്, പി.എസ്. രാജേന്ദ്രപ്രസാദ്, സൊസൈറ്റി ട്രഷറര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു.

സൊസൈറ്റി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, ജോയിന്റ് സെക്രട്ടറി രാജേഷ് ഓമല്ലൂര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചിത്ര സി. മേനോന്‍, ബിനു ജി. തമ്പി, അഡ്വ. റോയി തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളെ ആദരിച്ചു. സമ്മേളനത്തിന് മുന്നോടിയായി അടൂര്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് സിനിമ പ്രദര്‍ശിപ്പിച്ചു. അടൂരുമായി പ്രേക്ഷകരുടെ സംവാദവും സംഘടിപ്പിച്ചു.

error: Content is protected !!