പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 20/05/2024 )

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 22 വരെ റെഡ് അലര്‍ട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടകവരെ  ന്യുനമര്‍ദ്ദ പാത്തിയും  രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തിന് മുകളിലായി  മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍ 22 വരെ അതിതീവ്രമായ മഴക്കും, 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍  ഈ മാസം 22ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു 24 ന് രാവിലെയോടെ മധ്യബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിലേക്ക് അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടമസ്ഥര്‍ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും മുറിച്ച് മാറ്റണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം അതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഏനാദിമംഗലം സെക്രട്ടറി അറിയിച്ചു.

ക്വാറിയും മണ്ണ് നീക്കലും നിരോധിച്ചു

ഈമാസം 23 വരെ ജില്ലയിലെ എല്ലാ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. മലയോരത്തുനിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതു പ്രവര്‍ത്തനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ അതത് താലൂക്ക്  കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടണം.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 8078808915
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.

രാത്രിയാത്രാ നിരോധനം

പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള രാത്രിയാത്രകള്‍ക്കുള്ള വിലക്ക് 23 വരെ തുടരും. കോട്ടയം, ഇടുക്കി ജില്ലകളിലും മലയോരമേഖലകളിലേക്കുള്ള യാത്രയ്ക്ക് വിലക്കുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് യാത്രാ വിലക്ക്. അതേസമയം ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് വിലക്ക് ബാധകമല്ല.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും അപകടങ്ങള്‍ ഉണ്ടാകാം. ഈ ദുരന്ത സാധ്യതകള്‍ ഒഴിവാക്കാനാണ് രാത്രി യാത്രാ നിരോധനം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 23 വരെ നിരോധിച്ചിട്ടുണ്ട്

ആദ്യഘട്ട പരിശീലനം  (22) മുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം  (22) മുതല്‍ 24 വരെ നടക്കും.  നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ബാച്ചുകളിലായാണ് പരിശീലനം നല്‍കുക. രണ്ടാം ഘട്ട പരിശീലനം 27 മുതല്‍ 29 വരെയും നടക്കും. വോട്ടണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായുള്ള ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ ജില്ലയില്‍ 17ന് പൂര്‍ത്തിയായിരുന്നു.  25 ശതമാനം റിസര്‍വ് അടക്കം ആകെ 580  ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ജീവനക്കാര്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പരിശീലനം നല്‍കി

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ എണ്ണുന്ന സൂപ്പര്‍വൈസര്‍മാര്‍ക്കും അസ്സിസ്റ്റന്റുമാര്‍ക്കും പരിശീലനം നല്‍കി. തപാല്‍ വഴി ലഭിച്ചിട്ടുള്ള വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നത് സംബന്ധിച്ച പരിശീലനമാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം, സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നറും ട്രെയിനിംഗ് നോഡല്‍ ഓഫീസറുമായ എം. എസ്.  വിജുകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

സീതത്തോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ മേയ് 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി എം എ വൈ ഓംബുഡ്‌സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ പത്തനംതിട്ട കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 10, പ്ലസ് ടു കഴിഞ്ഞവര്‍ക്കായ്  മെയ് 26 ന് സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ 26 ന് രാവിലെ 10ന്് തിരുവല്ല കുന്നന്താനത്തുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. ഫോണ്‍ : 9696043142, 6235732523

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി യുടെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള  ഉദ്യോഗാര്‍ഥികള്‍ക്ക്  സ്‌റ്റൈപ്പന്റോടുകൂടി  നടത്തുന്ന വിവിധ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 30 നും  മദ്ധ്യേ പ്രായമുള്ളതും വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളതുമായ പ്ലസ് ടു പാസ്സായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 2021 മാര്‍ച്ച്  ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്തവര്‍ അതത്  എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ മെയ് 31ന് മുന്‍പ്  അപേക്ഷ സമര്‍പ്പിക്കണമെന്ന്  ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  0468 2222745, 9746701434
സൗജന്യ പരിശീലനം

തിരുവല്ല കുന്നംന്താനം  അസാപ്പില്‍  മെയ് 22 ന്  പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും അസാപ്പും  ചേര്‍ന്ന്  ആരംഭിക്കുന്ന 10 ദിന സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാള്‍  ഉദ്യമി ട്രെയിനിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍:  0468 2270243.

സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

കോഴഞ്ചേരി താലൂക്കില്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന  വെട്ടിപ്പുറത്തുളള പരിശോധനാ സ്ഥലത്ത് മെയ് 22, 25 തീയതികളില്‍ നടത്തും.  പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികളുടെ സുരക്ഷിതയാത്രയെ മുന്‍നിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമുള്ള പരിശീലന ക്ലാസ്് 29 ന്  ഇലന്തൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഏഴുമുതല്‍ നടക്കും. വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ ഡ്രൈവര്‍/ആയ/അറ്റന്‍ഡര്‍മാരെ പരിശീലന പരിപാടിയിലേക്ക് നിയോഗിക്കേണ്ടതും പങ്കെടുത്തെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്ന് പത്തനംതിട്ട ആര്‍.റ്റി.ഒ അറിയിച്ചു.

മത്സ്യക്കുഞ്ഞു വിതരണം

കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ 23, 24 തീയതികളില്‍ കാര്‍പ്പ് ,ഗിഫ്റ്റ് ,തിലോപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളേയും  അലങ്കാര ഇനം  മത്സ്യങ്ങളേയും രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നിരക്കില്‍ വില ഈടാക്കും.  ഫോണ്‍ : 9562670128, 7511152933.


പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌ക്കാരം:അപേക്ഷ ക്ഷണിച്ചു

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പി.എം.ആര്‍.ബി.പി) ത്തിലേക്കായി അപേക്ഷ ക്ഷണിച്ചു.  ദേശീയ അംഗീകാരം അര്‍ഹിക്കുന്ന ധീരത, കലയും സംസ്‌കാരവും, പരിസ്ഥിതി, ഇന്നോവേഷന്‍, സയന്‍സ് ആന്‍ഡ് ടെക്നോളജി, സാമൂഹിക സേവനം, കായികം എന്നീ ഏഴു വിഭാഗങ്ങളിലെ മികവിലേക്കായി  അഞ്ചു മുതല്‍ 18 വയസുവരെയുളള കുട്ടികള്‍ക്ക് അപേക്ഷിക്കാം. https://awards.gov.in/ എന്ന വെബ് പോര്‍ട്ടലില്‍ ജൂലൈ 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

സി ഡിറ്റ് : അപേക്ഷ ക്ഷണിച്ചു

ദൃശ്യമാധ്യമരംഗത്ത് നിരവധി അവസരങ്ങള്‍ ലഭ്യമായിട്ടുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് കെ-ഡിസ്‌കിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി സി-ഡിറ്റില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്സുകള്‍ക്കും മെയ് 31 വരെ അപേക്ഷിക്കാം.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇന്‍  ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ എന്നീ കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ കോഴ്സുകള്‍ക്കും 20 സീറ്റുകള്‍ വീതമുണ്ട്.  ഫോണ്‍ : 9895788155, 7012690875 , വെബ്‌സൈറ്റ് : www.mediastudies.cdit.org

കരുതിയിരിക്കാം ഈ മഴക്കാലത്തെ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക്   സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേക്കാം.
* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദേശങ്ങള്‍
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക. .

ഡ്രൈവര്‍ ഗ്രേഡ് രണ്ട് പ്രായോഗിക പരീക്ഷ 29 ന്

പത്തനംതിട്ട ജില്ലയിലെ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (വിമുക്തഭടന്‍മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍ 141/2023) തസ്തികയുടെ 14/05/2024 തീയതിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) മെയ് 29 ന് രാവിലെ 5.30 മുതല്‍ തൃശൂര്‍ ജില്ലയിലെ രാമവര്‍മപുരം ഡിഎച്ച്ക്യൂ പരേഡ് ഗ്രൗണ്ടില്‍  നടത്തും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഡ്രെവിംഗ് ലൈസന്‍സ് (എച്ച്ഡിവി), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ : 0468 2222665.

മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രതാ നിര്‍ദ്ദേശം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം അത്  34.62 മീറ്ററായി ക്രമീകരിക്കാനായി ഏതു സമയത്തും ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ പരമാവധി 100 സെ.മി എന്ന തോതിലാവും ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കുക. ഇത്തരം സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. അതിനാല്‍ കക്കാട്ടാറിന്റെയും , പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം

നാരങ്ങാനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിലേക്ക് അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും ഉടമസ്ഥര്‍ അടിയന്തരമായി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും മുറിച്ച് മാറ്റണമെന്ന് അറിയിക്കുന്നു. അല്ലാത്തപക്ഷം അതുമൂലമുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നാരങ്ങാനം സെക്രട്ടറി അറിയിച്ചു.


സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡീഷണന്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ത്രിവേണി നോട്ട് ബുക്കുകള്‍, സ്‌കൂബീഡേ, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ കമ്പിനികളുടെ ബാഗുകള്‍, ജോണ്‍സ്, പോപ്പി, ദിനേശ് കുടകള്‍ക്കൊപ്പം കുടുംബശ്രീ സംരഭമായ മാരാരി കുടകളും അടക്കം കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും വിപണിയില്‍ ലഭിക്കും. സ്റ്റേഷനറി സാധനങ്ങള്‍ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടായിരിക്കും. വിപണി ജൂണ്‍ 10 വരെ പ്രവര്‍ത്തിക്കും.

ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ റ്റി.ഡി. ജയശ്രീ, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍ റ്റി.എസ്. അഭിലാഷ്, ഓപ്പറേഷന്‍ മാനേജര്‍ പ്രീതി മോഹന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ എം. സന്ദീപ്, ജി. സജികുമാര്‍, കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ. അനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, മറ്റ് കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!