ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം

ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം

ശസ്ത്രക്രിയ പിഴവ്: അസോസിയേറ്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു

konnivartha.com: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയെ ശസ്ത്രക്രിയ ചെയ്തതിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാൻ മന്ത്രി കർശന നിർദേശം നൽകി.

 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മെഡിക്കല്‍ കോളേജിലെ അധ്യാപക സംഘടന

 

ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിനിടയില്‍ കെട്ട് ശ്രദ്ധയില്‍ പെടുകയും അത് നീക്കം ചെയ്യുകയും ആയിരുന്നു. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതിരുന്നാല്‍ ഭാവിയില്‍ സംസാര വൈകല്യത്തിന് കാരണമാകുമെന്നാണ് അധ്യാപക സംഘടനയായ കെജിഎംസിടിഎ പറയുന്നത്. അതുകൊണ്ടാണ് ഡോക്ടര്‍ പ്രഥമ പരിഗണന നല്‍കി കുട്ടിയെ ആ ശസ്ത്രക്രിയയ്ക്ക് പോസ്റ്റ് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരമാണ് കൈവിരലിലെ ശസ്ത്രക്രിയ അപ്പോള്‍ തന്നെ ചെയ്തതെന്നും സംഘടന വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.

വസ്തുതകള്‍ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതിപിടിച്ച് നടത്തി ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത സംഭവം നിരാശാജനകമാണെന്ന് കെജിഎംസിടിഎ പറയുന്നു. Tongue tie ഇല്ലാത്ത കുട്ടികളില്‍ ഈ ശസ്ത്രക്രിയ സാധ്യമല്ല എന്നുള്ളതും ശ്രദ്ധേയമാണ്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും അപ്പോള്‍ തന്നെ ചെയ്യുകയായിരുന്നു . നാക്കിന്റെ താഴെ പാട പോലെ കാണുന്ന (tongue tie) നാക്കിലെ കെട്ട് ആണ്. ഇതാണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. പതികൂല സാഹചര്യങ്ങളിലും സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന മെഡിക്കല്‍ കോളേജ് ടീച്ചര്‍മാരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയെന്നും വിമര്‍ശനമുണ്ട്.

error: Content is protected !!