കോന്നി പഞ്ചായത്തില്‍ ശുചിത്വ സമിതി യോഗം ചേര്‍ന്നു

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ശുചിത്വസമിതി യോഗം ചേര്‍ന്നു . ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, അംഗൻവാടി പ്രവർത്തകർ, ഹരിതകർമ്മസേന പ്രവർത്തകർ, എല്ലാ വകുപ്പുകളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ തോമസ് മത്തായി കാലായിൽ,സെക്രട്ടറി ദിപു റ്റി കെ, ഹെൽത്ത് ഇൻസ്പെക്ടർ ബാബു എൻ എന്നിവർ സംസാരിച്ചു.

വീടുകളിൽ ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറണമെന്നും പ്രസിഡൻറ് സൂചിപ്പിച്ചു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും ഡെങ്കി പനി പോലെയുള്ള കൊതുക് ജന്യരോഗങ്ങളുണ്ടാകാതെ സൂക്ഷിക്കണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ സൂചിപ്പിച്ചു.

മെയ് 18, 19 തീയതികളിൽ വാർഡുതലത്തിൽ വീടുസന്ദർശനം, ബോധവൽക്കരണം, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സ്ഥാപനതലത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തണമെന്ന് സ്ഥാപനമേധാവികൾക്ക് നിർദ്ദേശം നൽകുകയും 19-ാം തീയതി വീടുകളിൽ ഡ്രൈഡേ ആയി ആചരിക്കുന്നതിനും പൊതുജനങ്ങൾക്ക് ബോധവൽകരണം നടത്തുന്നതിന് അനൌൺസ്മെൻറ് ചെയ്യുന്നതിനും തീരുമാനിച്ചു .

error: Content is protected !!