നാളെ ഡ്രൈ ഡെ ( മെയ് 12) ; ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കും

 

കൊതുക് ജന്യരോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ( മെയ് 12) ഡ്രൈ ഡെ ആയി ആചരിക്കാൻ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിനോട് അനുബന്ധിച്ച് ( മെയ് 12) ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് കൊതുകുകൾ പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും.

തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതല ആരോഗ്യ ശുചിത്വ പോഷനസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകർമസേന എന്നിവരുടെ സഹായത്തോടെ ആശ, കുടുംബശ്രീ, ഗ്രാമപഞ്ചായത്ത് പ്രതിനിനിധികൾ സന്നദ്ധ പ്രവർത്തകർ,റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ നേതൃത്യത്തിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് കൊതുക് പെരുകുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കും.

തോട്ടം മേഖലയിൽ റബ്ബർ മരങ്ങലിലെ ചിരട്ടകൾ വെള്ളം കെട്ടികിടക്കാത്ത രീതിയിൽ മൂടി വെയ്ക്കുകയോ റബ്ബർ പാൽ എടുക്കാത്ത മരങ്ങളിൽ നിന്നും ചിരട്ടകൾ മാറ്റി വെയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കണം. അതിഥി തൊഴിലാളി താമസ സ്ഥലങ്ങളിലും പരിസരങ്ങളും കൊതുക് വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി ഇല്ലാതാക്കണം.

ഡ്രൈ ഡേ ദിനാചരണത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തി ഭവന സന്ദർശനം ഉറപ്പാക്കും.

നിർമാണ പ്രവർത്തികളും അറ്റകുറ്റ പ്രവർത്തികളും നടക്കുന്ന സ്ഥലങ്ങളിൽ കൊതുകിന്റെ വംശ വർദ്ധനവിനുള്ള സാഹചര്യങ്ങൾ ഇല്ല എന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പ് വരുത്തും. ഓടകളിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടി മലിന ജലം കെട്ടികിടന്നു കൊതുക് പെരുകുന്ന സാഹചര്യം ഇല്ല എന്നും ഉറപ്പാക്കും.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളും സ്ഥാപനങ്ങളും പരിശോധന നടത്തി സ്ഥാപനങ്ങൾക്ക് അകത്തും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പാക്കും.

ഹരിതകർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തുന്നതോടൊപ്പം ഉറവിടങ്ങൾ കണ്ടെത്തി ഉടമസ്ഥരോട് അത് നീക്കം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നൽകും.
ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും ഇന്ന് നടക്കുന്ന കൊതുക് ഉറവിട നശീകരണ പരിപാടിയിൽ കുടുംബശ്രീ ആരോഗ്യദായക വളണ്ടിയർമാരുടെ പങ്കാളിത്തം ഉറപ്പാക്കും.

error: Content is protected !!