കോന്നി അതിരാത്രം : വിശേഷങ്ങള്‍ ( 30/04/2024 )

 

konnivartha.com/ കോന്നി: ഇളകൊള്ളൂർ അതിരാത്രത്തിന്റെ അവസാന പാദമായ സമ്പൂർണ യാഗ ക്രിയകൾ ഇന്നലെ (29 /04 /2024) രാവിലെ 3.30 നു ആരംഭിച്ചു. പ്രാത സവനവും മാധ്യന്ദിന സവനവും ഇന്നലെ പൂർത്തിയായി. ഇന്ന് രാവിലെ തൃദീയ സവനവും നാളെ യജ്ഞശാല അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതിയും നടക്കും. സന്ധ്യാ വന്ദനാദികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഋത്വിക്കുകളെ വീണ്ടും വരവേറ്റു. തുടർന്ന് ചിതിയുടെ പടവുകളിൽ തൊട്ടു പ്രധാന ആചാര്യൻ മന്ത്രങ്ങൾ ചൊല്ലി. യജമാനൻ കൊമ്പംകുളം വിഷ്ണു സോമയാജി ഋത്വിക്കുകളോട് രാവിലെ തന്നെ സവനം ചെയ്തു തരണം എന്നാവശ്യപ്പെടുകയും പാരികര്മികളോട് സവനം ചെയ്യിപ്പിച്ചു തരണം എന്ന് ആവശ്യപ്പെടുകയും ചെയ്തു യാഗ ഋത്വിക്കുകളെ വരണം ചെയ്തു. തുടർന്ന് അധര്യു യജമാനനെ ക്ഷണിച്ചു. ഹവിർധാനവണ്ടിയിൽ നിന്ന് സോമലത താഴെ പലകപ്പുറത്തു വിരിച്ചു വച്ചിരിക്കുന്ന കാളത്തോളിൽ വച്ചു. സോമക്രയത്തിലൂടെ സോമം പടിഞ്ഞാറേ ശാലയിൽ പ്രവേശിച്ചതിന് ശേഷം ആദ്യമായാണ് 5 അടിക്കു താഴെ പ്രതലത്തിൽ വക്കുന്നത്. തുടർന്ന് ഏറെ നേരം പ്രാതരാനുവാകം ചൊല്ലി. തുടർന്ന് പ്രധാന ചടങ്ങുകൾ ആരംഭിച്ചു.

ഏകധനഗ്രഹണം: സോമം ഇടിക്കുന്നതിനുള്ള വെള്ളം ശേഖരിക്കലാണ് ഏകധനഗ്രഹണം. അധര്യുവും പരികർമികളും ചേർന്ന് 5 കുടം വെള്ളം ശേഖരിച്ചു കൊണ്ടുവന്നു.

ദധിഗ്രഹം: പ്രജാപതിക്ക്‌ പാത്രത്തിൽ തൈര് എടുത്തു ഹോമിച്ചു. അധര്യു സോമ ഇടിച്ചു പിഴിഞ്ഞ് അരിച്ച് ഉദയത്തിനു മുൻപ് ഉത്ഗാതന്റെ സാമ ഗാനത്തിന്റെ അകമ്പടിയോടെ അതിരാത്രത്തിലെ ആദ്യ സോമാഹുതി ചെയ്തത്. മന്ത്രങ്ങൾ ഉപാംശു ആയാണ് ഈഘട്ടത്തിൽ ജപിച്ചത്.

അന്തര്യാമം: രാവിലെ 6 മണിക്ക് മുൻപായി ആദ്യ യജനത്തിനുള്ള സോമം ഇടിച്ചു പിഴിഞ്ഞ് അരിച്ചു വച്ചു. പിന്നീടാണ് എല്ലാവരും കുളിച്ചു സന്ധ്യാവന്ദനം ചെയ്ത് അന്തര്യാമം നടത്തിയത്. ഇത് മറ്റൊരു പ്രധാന സോമഹോമമാണ്.

ബഹിഷ്‌പാവമാനസ്തുതി: ഉപരവത്തിൽ നിന്ന് അധര്യു, യജമാനൻ, ബ്രഹ്മൻ, പ്രതി പ്രസ്ഥാതൻ, പ്രസ്തോതൻ, ഉത്ഗാതൻ, പ്രതിഹാരി (യാഗം ചെയ്യുന്ന പ്രധാന വൈദികർ) മുന്നിലുള്ള ആളിന്റെ ചുമലിൽ പിന്നിലുള്ള ആൾ കൈ പിടിച്ച് പാമ്പിന്റെ ആകൃതിയിൽ വളഞ്ഞു പുളഞ്ഞു ചിതിയുടെ വാൽ ഭാഗത്തു കൂടി വടക്കു ഭാഗത്തേക്ക് നീങ്ങി. അഗ്നിയുടെ മുന്നിലെത്തുമ്പോൾ നെയ്യ് ഹോമിച്ചു വടക്കു ഭാഗത്തുകൂടി ഇറങ്ങി ഉപവിഷ്ടരായി ഓരോ ഋത്വിക്കും ബഹിസ്പാവമാണ സ്തുതിയിലെ 29 മന്ത്രങ്ങൾ ചൊല്ലുന്നു. സർപ്പമന്ത്രങ്ങൾ ആണ് ചെല്ലുന്നത്. അധര്യുവും യജമാനനും സ്തുത ദോഹവും ചൊല്ലുന്ന ചടങ്ങാണിത്. പുറത്തുള്ള അശ്വനി ദേവതകൾക്കു കേൾക്കാനായി ചൊല്ലുന്ന പാവമാണ സ്തുതിയാണിത്.

സവനീയപശു: 11 ആടിനെ ബലി കൊടുക്കുന്നു എന്ന സങ്കല്പത്തിൽ 11 അരി അട നിരത്തിവച്ച് അഗ്നി, സരസ്വതി, സോമൻ, പൂഷൻ, ബ്രിഹസ്പതി, വിശ്വദേവകൾ, ഇന്ദ്രൻ, മരുത്തുക്കൾ, ഇന്ദ്രാഗ്നി, സവിതാവ്‌, വരുണൻ എന്നിവർക്കാണ് ബലി അർപ്പിക്കുന്നത്. മൃഗങ്ങൾക്കെല്ലാം ബലി എന്നാണു വൈദിക വിവക്ഷ.

പ്രാതഃസവനം: യവം വറുത്തതും പൊടിച്ചതും, മലര്, അട, തിളച്ച പാലിൽ തൈര് ഒഴിച്ച് പിരിഞ്ഞു കിട്ടുന്ന ശിഷ്ടമായ ആമീക്ഷയും ബാക്കിയായ വെള്ളവും (വാജിനം) എന്നിവ ഇന്ദ്രൻ ദേവനായി ഹോമിക്കുന്നു. പിന്നീട് ഇരട്ട ദേവതകളായ ഇന്ദ്രനും വരുണനും അരിച്ചു വൃത്തിയാക്കിയ സോമ രസം സമർപ്പിക്കുന്നത്.

വാജിനേഷ്‌ടി : പിരിഞ്ഞ തൈരിലെ വെള്ളം ഹോമിക്കുകയും (വാജിനം) അത് കുടിക്കുകയും ചെയ്യുന്നു. ഈ സമയം ഋത്വിക്കുകളിൽ ഒരാളായ അശ്ചാവകൻ കൂട്ടം തെറ്റി പോകുകയും അയാളെ കണ്ടെത്താൻ ഒരു ഹോമം ചെയ്യുകയും ചെയ്യുന്നു. തുടർന്ന് യജമാനനും പത്നിയും ഭക്ഷണം കഴിക്കുന്നു.

ഋതുഹോമം: പന്ത്രണ്ടു മാസങ്ങളുടെയും, അതിമാസത്തിന്റെയും പേര് പറഞ്ഞു ഹോമം ചെയ്യുന്നു. ഇവർക്കും സോമ രസം നൽകുന്നു.

ആജ്യശസ്ത്രം: ഋക് വേദത്തിലെ ശസ്ത്ര മന്ത്രങ്ങൾ ചൊല്ലി മധ്യന്ദിന സവനം നടത്തി മറ്റു ചടങ്ങുകളും ചെയ്ത് അഭിഷേകം നടത്തി അടുത്ത തൃദീയ സവനത്തിലേക്കു കടന്നു.

യജ്ഞ ശാലകൾ അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതി നാളെ ഉച്ച കഴിഞ്ഞു 3 മണിക്ക്

കോന്നി: ഇളകൊള്ളൂർ ശ്രി മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 7.30 നു നടക്കും. യജ്ഞ ശാലകൾ അന്ഗ്നിക്കു സമർപ്പിക്കുന്ന പൂർണാഹുതി നാളെ ഉച്ച കഴിഞ്ഞു 3 മണിക്ക്.

സമാപന സമ്മേളനത്തിൽ ശാന്താനന്ദമഠം ഋഷിജ്ഞാനസാധനാലയം സ്വാമിനി ദേവി ജ്ഞാനാഭിഷ്‌ഠാനന്ദഗിരി അധ്യക്ഷയാകും. പളനി കാണിയാളർ വായ്പൂരിനാട് പാണ്ടി രാജാ മംഗളാ ഗൗണ്ടർ, ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി, കോന്നി എം എൽ എ അഡ്വ: ജെനീഷ് കുമാർ, പഞ്ച തീർഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി ഡോക്ടർ ജി ജയചന്ദ്ര രാജ്, മാളികപ്പുറം സിനിമാ ഫെയിം ദേവനന്ദ, എൻ എസ് എസ് പത്തനംതിട്ട താലൂക്ക് പ്രസിഡണ്ട് ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പദ്മകുമാർ, സിദ്ധനർ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ സി വി ശാന്തകുമാർ , സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ, രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.

error: Content is protected !!