കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക്

konnivartha.com/കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ 8.30 നു അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷം വന്ന വിറകും, സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. ഇത് പ്രത്യേക തരത്തിലുള്ള രസകരമായ ഒരു കർമമാണ്. അതിനു ശേഷം പയശ്ചിത്ത കർമ്മങ്ങൾ പൂർത്തിയാക്കും. തുടർന്നു 10 മണിക്ക് അവഭൃഥസ്നാന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് യാഗ ശാല അന്ഗ്നിക്കു സമർപ്പിക്കുന്ന ചടങ്ങുൾ ഉച്ച തിരിഞ്ഞു 1 മണിക്ക് ആരംഭിക്കും. ശാല സമർപ്പണം കഴിഞ്ഞു പൂർണാഹുതിയോടെ അതിരാത്രത്തിനു സമാപനമാകും.

(30-04-2024) അതിരാവിലെ തൃദീയ സവനം ആരംഭിച്ചു. പ്രാത ദ്വിദീയ സവനങ്ങളിൽ 10 മന്ത്രങ്ങളാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സോമ പിഴിഞ്ഞ് ആദ്യം ആദിത്യന്മാർക്കു ആഹുതി കൊടുത്തു. തുടർന്ന് 11 ആം സ്തുതി ആരംഭിച്ചു. ഈ സ്തുതികൾ അതീവ ശ്രദ്ധയോടെയാണ് ഋത്വിക്കുകൾ ചൊല്ലിയത്. ഇതുനു ശേഷം പശുബലി നടന്നു. പുരോഡാശം എന്ന അരിമാവുകൊണ്ടുള്ള അടയാണ് പശുബലിക്കായി ഉപയോഗിച്ചത്. ശേഷം യജമാനനും പത്നിയും ഭക്ഷണം കഴിക്കുന്ന ചടങ്ങു നടന്നു. തുടർന്ന് സവിതാവിനു ആഹുതി ചെയ്യുകയും സോമപാനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അധിപ്രാധാന്യമേറിയ യജ്ഞായജ്ഞീയം (അഗ്നിഷ്ടോമം) എന്ന സ്തുതി തുടങ്ങി. 3 സ്തോത്രീയങ്ങളെ 21 ആക്കുകയാണ് അതിരാത്രത്തിൽ ചെയ്യുന്നത്. ഓരോന്നും 7 തവണ ചൊല്ലി വിസ്തുതി പൂർത്തിയാക്കി.

തുടർന്ന് ഉക്ത്യയാഗം ആരംഭിച്ചു. അഗ്നിഷ്ടോമത്തിലെ 12 വീതം ശ്രുതിയും ശാസ്ത്രവും കഴിഞ്ഞ് വരുന്ന 3 ഉക്ഥസ്ഥുതികളും ശാസ്ത്രങ്ങളുമാണ് ഇത്. ഇന്ദ്ര – വരുണ ഇന്ദ്ര – ബൃഹസ്പതി, ഇന്ദ്ര – വിഷ്ണു സ്ഥുതികളാണ് ഇവ. ശേഷം ഷോഡശ യാഗം ആരംഭിച്ചു. ഇത് സന്ധ്യ സമയത്താണ് നടന്നത്. അതിരാത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട യാഗ ക്രിയയാണ് ഷോഡശി. ഒരക്ഷരം 30 സെക്കൻ്റ് വരെ ശ്വാസം വിടാതെ നീട്ടിയാണ് ഷോഡശി ചൊല്ലുന്നത്.

തുടർന്നാണ് അതിരാത്ര ചടങ്ങുകൾ നടന്നത്. രാത്രി പര്യായം എന്ന ശാസ്ത്രങ്ങളുടെ മന്ത്രോച്ചാരണവും സോമ തർപ്പണവുമാണിത്. ഋക് യജൂർ സാമാഥർവ്വ യാഗമന്ത്രങ്ങൾ 3 വട്ടം ചൊല്ലുന്നു. ഓരോന്നിൻ്റെയും 15 വിസ്തുതിയാണ് പ്രയോഗിക്കുന്നത്. ആഹുതികളെല്ലാം ചെയ്യുന്നത് ഇന്ദ്രനാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവനും ഇത് നടന്നു. അവസാനം അശ്വിന സ്തുതിയോടെ അതിരാത്രം അവസാനിച്ചു. (01 – 04 -24) ന് സമാപന ഹോമങ്ങളും പൂർണാഹുതിയും നടക്കും. വിശ്വാസികളെ സംബന്ധിച്ച് സമാപന ഹോത്രവും അവദൃഥസ്നാനവും, ആഹുതിയുമാണ് യാഗ പുണ്യം നേടാനുള്ള അവസാന അവസരം.

മണ്ണിനും വിണ്ണിനും പുഷ്ടിയേകി കോന്നി ഇളകൊള്ളൂർ അതിരാത്രം നാളെ സമാപിക്കും

konnivartha.com: പ്രകൃതിക്ക് പാനം ചെയ്ത് പണ്ഡിതർ നാളെ യാഗാഗ്നി അണക്കും. ഇന്ന് വൈകിട്ട് 6 മണി മുതൽ നാളെ ഉച്ചക്ക് 3 മണി വരെ സുപ്രധാന ചടങ്ങുകൾ നടക്കും. ഇന്ദ്ര സാന്നിധ്യമറിയിച്ച് നാളെ യാഗശാല യജ്ഞശിഷാശിനമാകും. യാഗകർമ്മങ്ങളെ അഗ്നി ഏറ്റുവാങ്ങി വിഭുതി ഭൂമി ആഹരിക്കും. ഇന്ദ്രൻ സ്വതന്ത്രനാകും. ജീവജാലങ്ങൾ സന്തുഷ്ടരാകും. സസ്യജാലങ്ങൾ പുഷ്പിച്ച കായ് ഫലം ഇരട്ടിപ്പിക്കും. പറവകൾക്കും, മൃഗങ്ങൾക്കും സമൃദ്ധാഹാരം ലഭിക്കും. മനുഷ്യർക്ക് സമ്പത്തും ആരോഗ്യവും ജ്ഞാനവും വർദ്ധിക്കും.

ഡോക്ടർ ഗണേഷ് ജോഗലേക്കറിൻ്റെ നേതൃത്വത്തിൽ പണ്ഡിത ശ്രേഷ്ടൻമാരും വനിതകളും കുട്ടികളുമുൾപ്പടെ 41 വൈദികരാണ് രാപകൽ ഭേദിച്ച് അതിരാത്രം സാധ്യമാക്കിയത്. യാഗ യജമാനനായ കാലടി സംസ്കൃത സർവ്വകലാശാല പയ്യന്നൂർ സെൻ്റർ ഡയറക്ടർ കൈതപ്രം സ്വദേശി കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയും, പത്നിയും സംസ്കൃത അദ്ധ്യാപികയുമായ ഉഷ പത്തനാടിയും 10 ദിനരാത്രങ്ങൾക്ക് ശേഷം ആദ്യ സ്നാനം നടത്തുന്നതോടെ യാഗ കർമങ്ങൾ പൂർണമായവസാനിക്കും. യാഗ കാരണവർ കൈതപ്രം ദാമോദരൻ നമ്പൂതിരുടെ അനുജൻ കൈതപ്രം വാസുദേവൻ നമ്പൂതിരി തിരിച്ചു തൻ്റെ ഇല്ലത്തേക്ക് യാത്രയാകും.

ഒരു സോമയാജിയുടെ ജീവനാണ് തൻ്റെ അരണി. സോമയാജി എന്നാൽ സോമയാഗം ചെയ്യാൻ അധികാരി എന്നാണർത്ഥം. ആ അധികാരം കഠിന തപസ്സിലൂടെ ത്രേദാഗ്നിയെ ഉപാസിച്ചു ലഭിക്കുന്ന വരമാണ്. തൻ്റെ ഇല്ലത്തു നിന്ന് അരണിയിലേക്കാവാഹിച്ച് യാഗഭൂമിയിലെത്തി അത് പ്രതിജ്വലിപ്പിച്ചാണ് യാഗാഗ്നിയായി യജ്ഞകുണ്ഡത്തിൽ പകർത്തി 11 രാപകലുകൾ പ്രകൃതിയെ ശുദ്ധമാക്കിയത്. അതിനി നാളെ രാവിലെ തൻ്റെ ആത്മാവിൻ്റെ ദൃശ്യ രൂപമായ അരണിയിലേക്ക് തിരിച്ച് സന്നിവേശിപ്പിച്ച് വീണ്ടും കടഞ്ഞ് കൊളുത്തി മരണം വരെ ഇല്ലത്ത് സൂക്ഷിക്കണം.

ആ അഗ്നി ഇരിക്കുന്നിടത്ത് ഇനി ജീവിത കാലം മുഴുവൻ വിഷ്ണു സോമയാജിയും ഉഷ പത്തനാടിയും ജീവിക്കും. ആ അഗ്നി നമ്മെ മരണത്തിനുമപ്പുറം കാത്ത് രക്ഷിക്കും. അതിനായി യമാനനും പത്നിയും അഗ്നിഹോത്രം ചെയ്യും.

 

ഇളകൊളളൂർ അതിരാത്രം : അവദൃഥസ്നാനവും പൂർണാഹുതിയും

യാഗ യജമാനനായ കാലടി സംസ്കൃത സർവ്വകലാശാല പയ്യന്നൂർ സെൻ്റർ ഡയറക്ടർ കൈതപ്രം സ്വദേശി കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയും, പത്നിയും സംസ്കൃത അദ്ധ്യാപികയുമായ ഉഷ പത്തനാടിയും ഏപ്രിൽ 23 ന് കഠിന വ്രതത്തിലേക്ക് കടന്നതാണ്. മുഷ്ടികൾ അടച്ച് സംസാരം അവസാനിപ്പിച്ച്, ഭക്ഷണമോ വെള്ളമോ കുടിക്കാതെ നിത്യകർമങ്ങളോ, ഹോത്രങ്ങളോ ഉപാസനയോ ഇല്ലാതെയാണ് വ്രതം അനുഷ്ടിച്ചത്. ഒന്നാം ദിവസം യാഗ പശുവിൻ്റെ 4 മുലയും കറന്ന പാൽ കുടിച്ചു. തുടർന്ന ഓരോ ദിവസവും മൂന്നും, രണ്ടും ഒന്നും മുലകൾ കറന്ന പാൽ മാത്രം കുടിച്ചാണ് വ്രതം നോക്കിയത്. അവസാനം പൂർണ നിരാഹാരം. കഴിഞ്ഞ ദിവസം പ്രവർഗ്യ ക്രിയകൾ ആവസാനിപ്പിച്ച് യാഗ കർമങ്ങൾ ചെയ്യുന്നതിനായി മുഷ്ടി തുറന്നു.

എന്നാൽ കുളിയും അഗ്നിഹോത്രവും ജപവുമൊക്കെ വർജ്യമായിരുന്നു. നാളെ രാവിലെ അനുയാജ ഹോമത്തിന് ശേഷം 10 മണിക്ക് യജനനും പത്നിയും ആദ്യമായി കുളിക്കുന്ന ചടങ്ങാണ് അവദൃഥസ്നാനം. ഈ സമയം ഭക്തർ ഇവരോടൊപ്പം മുങ്ങിക്കുളിക്കുന്നത് യജ്ഞഫലം നേടാൻ ഉതകുന്ന വിശിഷ്ടാചാരമായി കരുതപ്പെടുന്നു.

വാളും പരിചയുമുള്ള അകമ്പടിയോടെയാണ് കുളത്തിലേക്ക് യാത്ര. വെളത്തിൽ വരുണന് ഒരിഷ്ടി (ചെറു യാഗം) കഴിക്കും. കുളി കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉദയനീയേഷ്ടി നടത്തും. ശേഷം മൈത്രാ വരുണേഷ്ടി നടത്തും. തുടർന്ന് സക്തു ഹോമം. തുടർന്ന് അഗ്നിയെ മോചിപ്പിക്കുന്ന വിമോകഹോമമാണ്. തുടർന്ന് മണ്ണിലടങ്ങിയ തീ ഭൂമിയിൽ പ്രവേശിക്കും.

ആഗ്നേ നീ ആണ് ജീവൻ്റെ പ്രേരണ. ഞാൻ മനസ്സ്, തപസ്, ദീക്ഷ, ഉപസത്തുകൾ (യാഗങ്ങൾ), സോമരസം, ദക്ഷിണ, അവദൃഥസ്നാനം, വസ, സ്വോഹാകാരം എന്നിവ കൊണ്ട് നിന്നെ സ്വന്തമാക്കിയിരിക്കുന്നു എന്ന മന്ത്രം ജപിച്ച് 3 അഗ്നികളെയും ചമതയിലേക്കാവാഹിച്ച് യജ്ഞശാലക്ക് പുറത്ത് കടന്ന് കാത്ത് നിൽക്കുന്നു.

തുടർന്ന് പരികർമികൾ യാഗ ശാലക്ക് തീ ഇടുന്നു. വഴിയിൽ ഒരിടത്ത് അരണി കടഞ്ഞ് അധര്യു (പ്രധാന ആചാര്യൻ) തീ ഉണ്ടാക്കി പൂർണാഹുതി ചെയ്യും. യജമാനൻ 3 അഗ്നിയേയും അരണിയിൽ ആവാഹിച്ച് വീട്ടിലേക്കു മടങ്ങുന്നതോടെ അതിരാത്രം അവസാനിക്കും.

error: Content is protected !!