ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 19/04/2024 )

പൂഞ്ഞാറില്‍ അധിക സ്ലിപ്പ് ലഭിച്ചതില്‍ പിഴവ് ഇല്ല: കളക്ടര്‍

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയില്‍ അധികമായി സ്ലിപ്പ് ലഭിച്ചത് പിഴവ് മൂലമല്ലെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ ഏപ്രില്‍ 17 ന് നടന്ന ഇവിഎം കമ്മീഷനിംഗിലാണ് അധിക വോട്ട് രേഖപ്പെടുത്തിയതായി പരാതി ലഭിച്ചത്.

36-ാം നമ്പര്‍ ബൂത്തിലേക്ക് നല്‍കാനുള്ള ഒരു വോട്ടിംഗ് മെഷീനില്‍ ടെക്‌നീഷ്യന്മാര്‍ ചിഹ്നം ലോഡ് ചെയ്ത് ടെസ്റ്റ് പ്രിന്റ് നല്‍കിയപ്പോള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പേര് പ്രിന്റ് ചെയ്ത വരുന്നതിന് കൂടുതല്‍ സമയം എടുക്കുന്നതിനാലും പേപ്പര്‍ കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതിനാലും ടെസ്റ്റ് പ്രിന്റ് തുടങ്ങിയ ഉടന്‍ ടെക്‌നീഷ്യന്‍ ഇവിഎം സ്വിച്ച് ഓഫ് ചെയ്തു. ഈ സമയം ബാലറ്റിലെ ആദ്യ സ്ഥാനാര്‍ഥിയായ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ പെട്ടെന്ന് മെഷീന്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ സ്ലിപ്പ് കട്ട് ചെയ്തു വീണില്ല. തുടര്‍ന്ന് ഒന്‍പത് വോട്ടുകള്‍ മോക്ക്‌പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് പേപ്പര്‍ സ്ലിപ്പിനോടൊപ്പം ആദ്യത്തെ ടെസ്റ്റ് പ്രിന്റിന്റെ പേപ്പര്‍ സ്ലിപ്പ് കട്ട് ചെയ്തു വിവിപാറ്റിന്റെ ട്രേയില്‍ വീണിരുന്നു. ഈ ടെസ്റ്റ് ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടട് എന്ന് വ്യക്തായി രേഖപ്പെടുത്തിരുന്നു.
കണ്‍ട്രോള്‍ യൂണിറ്റില്‍ ആകെ വോട്ട് ഒന്‍പതെന്നും തുടര്‍ന്ന് ഓരോ സ്ഥാനാര്‍ഥിക്കും ഒരു വോട്ടു വീതം ലഭിച്ചതായും (നോട്ട ഉള്‍പ്പെടെ) പ്രദര്‍ശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ഇതേ മെഷീനില്‍ 1004 വോട്ടുകള്‍ മോക്‌പോള്‍ നടത്തിയപ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ആകെ വോട്ടുകളുടെ എണ്ണവും പേപ്പര്‍ സ്ലിപ്പുകളുടെ എണ്ണവും യോജിച്ചുവന്നിരുന്നു. ആദ്യം മോക്‌പോള്‍ നടത്തിയപ്പോള്‍ ഒന്‍പത് ബാലറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം ഉള്ളതും പത്താമത്തെ ബാലറ്റില്‍ നോട്ട് ടു ബി കൗണ്ടട് എന്ന മേലെഴുത്തും ഉണ്ടായിരുന്നു. അത് കൗണ്ടിംഗിന് ഉപയോഗിക്കില്ല. എല്ലാ പ്രാവശ്യവും മോക്‌പോള്‍ നടത്തിയപ്പോള്‍ പോള്‍ ചെയ്ത ആകെ വോട്ടും കണ്‍ട്രോള്‍ യൂണിറ്റിലെ ആകെ വോട്ടും തുല്യമായി വന്നിട്ടുള്ളത് അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ബോധ്യപ്പെട്ടിരുന്നു.

യാതൊരുവിധ സാങ്കേതിക തകരാര്‍ ഇല്ലാത്തതും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ സഹായകമായ വോട്ടിംഗ് യന്ത്രങ്ങളാണ് ഇപ്പോള്‍ ഉപയോഗിച്ചുക്കുന്നതെന്നും വരണാധികാരി അറിയിച്ചു.

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍  20  മുതല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഏപ്രില്‍  220 ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ 20, 21, 22 തീയതികളില്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് രേഖപ്പെടുത്താമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അവരവര്‍ക്ക് വോട്ടുള്ള നിയോജക മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന അസ്സിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ക്രമീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍, വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൈയ്യില്‍ കരുതണം.

വോട്ടിങ്ങ് കേന്ദ്രങ്ങള്‍

തിരുവല്ല:  തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്
റാന്നി: റാന്നി സെന്റ് തോമസ് കോളജ്
ആറന്മുള: പത്തനംതിട്ട കാതലിക്കേറ്റ് കോളജ്
കോന്നി: കോന്നി എസ് എന്‍ പബ്ലിക് സ്‌കൂള്‍
അടൂര്‍ : അടൂര്‍ ഗവ.യു.പി.എസ്
കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസ്
പൂഞ്ഞാര്‍ :  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച് എസ് എസ്

വീട്ടില്‍ വോട്ട്: മണ്ഡലത്തില്‍ ഇതുവരെ  വോട്ട് ചെയ്തത് 9,510 പേര്‍

അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രില്‍ 18 വരെ വോട്ട് രേഖപ്പെടുത്തിയത് 9510 പേര്‍. 85 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 85 വയസ് പിന്നിട്ട 7,866 പേരും ഭിന്നശേഷിക്കാരായ 1,644 പേരുമാണ് ഇത്തരത്തില്‍ സമ്മതിദാനം വിനിയോഗിച്ചത്. മണ്ഡലത്തില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണുള്ളത്.

12 ഡി പ്രകാരം അപേക്ഷ നല്‍കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്പെഷ്യല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫീസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരാണ് സംഘത്തിലുള്ളത്. വീട്ടില്‍ വോട്ട് പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് ചെയ്യുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം…ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കല്‍, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അപേക്ഷ നല്‍കല്‍, പരാതികള്‍ സമര്‍പ്പിക്കുക, പരാതികളുടെ സ്റ്റാറ്റസ് തിരയുക, തെരഞ്ഞെടുപ്പുഫലം അറിയല്‍, തെരഞ്ഞെടുപ്പും ഇവിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും അറിയുക എന്നിവ ഈ മൊബൈല്‍ ആപ്പ് വഴി ചെയ്യാനാകും.

വിഎഫ്സി പ്രവര്‍ത്തനം എപ്രില്‍ 20  അവസാനിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മണ്ഡലത്തില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ  (വി.എഫ്.സി) പ്രവര്‍ത്തനം ഏപ്രില്‍  20  അവസാനിക്കും.

എആര്‍ഒ തലത്തിലാണ് വി.എഫ്.സികള്‍ പ്രവര്‍ത്തിക്കുന്നത്. പോസ്റ്റല്‍ വോട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററില്‍ എത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.

നിയോജക മണ്ഡലം, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന ക്രമത്തില്‍:

തിരുവല്ല- സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, തിരുവല്ല
റാന്നി- സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള- കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി- എസ് എന്‍ പബ്ലിക് സ്‌കൂള്‍, കോന്നി
അടൂര്‍- ഗവ ബോയ്സ് എച്ച്എസ്, അടൂര്‍

സി-വിജില്‍: ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍; 8471 പരിഹാരം

സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍ 847 പരാതികള്‍ പരിഹരിച്ചു. 141 പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. ബാക്കി പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു.
അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ലഭിച്ചത്. അടൂര്‍ 4592,ആറന്മുള 1422, കോന്നി 1044, റാന്നി 666, തിരുവല്ല 907 പരാതികളാണ് ലഭിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക്  ശമ്പളത്തോടു കൂടിയ അവധി

കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും വോട്ടര്‍മാര്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച് കേരള സര്‍ക്കാര്‍ ഉത്തരവായി. തമിഴ്‌നാട്ടില്‍ ഇന്നലെയും (19) കര്‍ണാടകയില്‍ ഏപ്രില്‍ 26, മേയ് ഏഴ് എന്നീ തീയതികളിലാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പ് പ്രചാരണം: ആരോഗ്യ, ശുചിത്വ കാര്യങ്ങളില്‍ ജാഗ്രത വേണം

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്  ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. അന്തരീക്ഷ താപനില വര്‍ധിക്കുകയും ജലലഭ്യത കുറയുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ പടരുവാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്കും ജാഥകള്‍ക്കും സ്വീകരണങ്ങള്‍ക്കും തിളപ്പിച്ചാറിയ വെള്ളം മാത്രം   ഉപയോഗിക്കുക. രാവിലെ 11 മുതല്‍  വൈകുന്നേരം മൂന്നു വരെയുള്ള സമയങ്ങളില്‍  നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം, സൂര്യാഘാതം എന്നിവ  തടയുന്നതിനായി  ധാരാളം ശുദ്ധജലം കുടിക്കുക. ഭക്ഷണപാനീയങ്ങളില്‍ ഈച്ച, കൊതുക് പോലെയുള്ള പ്രാണികള്‍ കടക്കാതെ അടച്ചു സൂക്ഷിക്കുക. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
ഭക്ഷണവും ശീതള പാനീയങ്ങളും വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ പ്ലേറ്റ് / ഗ്ലാസ്സ് എന്നിവ ഉപയോഗിക്കരുത്. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. കുട , തൊപ്പി എന്നിവ ഉപയോഗിക്കുക. കാറ്റ് കടന്ന്, ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. ക്ഷീണം, തലകറക്കം, ഛര്‍ദ്ദി, സൂര്യാഘാതം എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും ഉടന്‍ തന്നെ തണല്‍ ഉള്ള സ്ഥലത്തേയ്ക്ക് മാറി ഇരിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം.

പ്രശ്നബാധ്യത ബൂത്തുകള്‍

ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ 1077 പോളിംഗ് ബൂത്തുകളില്‍ അടൂര്‍, കോന്നി, ആറന്മുള മണ്ഡലങ്ങളിലായി 12 പ്രശ്നബാധ്യത ബൂത്തുകളാണുള്ളത്. അടൂര്‍ ആറ്, കോന്നി നാല്, ആറന്മുള രണ്ട് എന്നിങ്ങനെയാണ് കണക്ക്.

പ്രശ്നബാധ്യത ബൂത്തുകള്‍ മണ്ഡലം തിരിച്ച്:
അടൂര്‍- കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ നോര്‍ത്ത് പോര്‍ഷന്‍),  കൊടുമണ്‍ എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ (ഗ്രൗണ്ട് ഫ്ളോര്‍ സൗത്ത് പോര്‍ഷന്‍), ഇടത്തിട്ട വിദ്യാസാഗര്‍ വായനശാല, ഇടത്തിട്ട ഗവ എല്‍പിഎസ്, ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (സൗത്ത് പോര്‍ഷന്‍), ഐക്കാട് എഎസ്ആര്‍വി ഗവ യുപി സ്‌കൂള്‍ (മെയിന്‍ ബില്‍ഡിംഗ് മിഡില്‍ പോര്‍ഷന്‍)
കോന്നി- കുന്നിട യുപി സ്‌കൂള്‍, കുന്നിട യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (ഈസ്റ്റേണ്‍ പോര്‍ഷന്‍), കുറുമ്പകര യുപി സ്‌കൂള്‍ (വെസ്റ്റേണ്‍ പോര്‍ഷന്‍)
ആറന്മുള- എഴിക്കാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, വല്ലന ഗവ എസ്എന്‍ഡിപി യുപിഎസ് (ഈസ്റ്റേണ്‍ ബില്‍ഡിംഗ്)

സെന്‍സിറ്റീവ്  ബൂത്തുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 115 സെന്‍സിറ്റീവ് ബൂത്തുകള്‍ കണ്ടെത്തിയാതായി തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സെന്‍സിറ്റീവ്  ബൂത്തുകള്‍ കൂടുതല്‍ ആറന്മുളയിലും കുറവ് റാന്നിയിലുമാണ്. ആറന്മുളയില്‍ 38 ഉം റാന്നിയില്‍ 13 ഉം ആണ്. അടൂര്‍ 26, തിരുവല്ല 24, കോന്നി 14 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്. ജില്ലയില്‍ ആകെ 1077 പോളിംഗ് ബൂത്തുകളാണുള്ളത്.

error: Content is protected !!