കേരള പോലീസ്സ് പാഠം പഠിക്കണം : അന്യായമായി ഫോണ്‍ പിടിച്ചെടുക്കാന്‍ അധികാരം ഇല്ല

 

പത്രപ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബില്‍ അയച്ചു: എറണാകുളം സെന്‍ട്രല്‍ എസിപി ഫോണ്‍ തിരികെ എടുത്തു കൈമാറണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്: മറുനാടന്‍ കേസില്‍ പോലീസിന് വീണ്ടും തിരിച്ചടി

konnivartha.com/ കൊച്ചി: പത്രപ്രവര്‍ത്തകനില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബിലേക്ക് അയച്ച പൊലീസിന് തിരിച്ചടി. നാലാഴ്ചയ്ക്കുള്ളില്‍ ഫോണ്‍ ഫോറന്‍സിക് ലാബില്‍ നിന്ന് എടുത്ത് ഹര്‍ജിക്കാരന് തിരികെ നല്‍കാന്‍ ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. മംഗളം പത്തനംതിട്ട ജില്ലാ ലേഖകന്‍ ഓമല്ലൂര്‍ ഉജ്ജയിനിയില്‍ ജി. വിശാഖന്‍ അഡ്വ. ഡി. അനില്‍കുമാര്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ഇതോടെ മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ക്കൂടി പോലീസിനും സര്‍ക്കാരിനും കനത്ത തിരിച്ചടി നേരിട്ടു.

പി.വി. ശ്രീനിജന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരേ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സുഹൃത്തായ ജി. വിശാഖന്റെ മൊബൈല്‍ ഫോണ്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട എസ്.എച്ച്.ഓ ആയിരുന്ന ജിബു ജോണ്‍ പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് വിശാഖന്റെ വീട്ടില്‍ പരിശോധന നടത്തുകയും ഫോണ്‍ നിയമംലംഘിച്ച് പിടിച്ചെടുക്കുകയും ചെയ്ത്. പോലീസ് പീഡനം ആരോപിച്ചും പ്രതിയല്ലാത്ത തന്റെ ഫോണ്‍ പിടിച്ചെടുത്തുവെന്ന് കാണിച്ചും വിശാഖന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസില്‍ പ്രതിയല്ലാത്തയാളുടെ ഫോണ്‍ പിടിച്ചെടുത്തതിനെ നിശിതമായി വിമര്‍ശിക്കുകയും പത്രപ്രവര്‍ത്തകന് ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സംബന്ധിച്ച് നിരീക്ഷണം നടത്തുകയും ചെയ്തു.

ഹര്‍ജിക്കാരന്‍ കേസില്‍ പ്രതിയല്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ഫോണ്‍ ആവശ്യമില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് ഫോണ്‍ തിരികെ എടുക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ നവംബര്‍ എട്ടിന് ഉത്തരവിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 22 ന് വിശാഖന്‍ സെഷന്‍സ് കോടതിയില്‍ ഫോണ്‍ തിരികെ കിട്ടാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കി. എന്നാല്‍, ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചുവെന്ന് കാട്ടി ഡിസംബര്‍ 30 ന് ഹര്‍ജി തീര്‍പ്പാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതി വിധി നവംബര്‍ എട്ടിന് വന്നതിന് പിന്നാലെ ഒമ്പതാം തീയതി തിരക്കിട്ട് ഫോണ്‍ ഫോറന്‍സിക് ലാബിലേക്ക് അയയക്കാന്‍ അപേക്ഷ നല്‍കിയെന്നും നവംബര്‍ 16 ന് കോടതി അനുമതിയോടെ അത് അയച്ചുവെന്നും വ്യക്തമായി.

ഇത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍ട്രല്‍ എ.സി.പിയുടെ അധികാര ദുര്‍വിനിയോഗമാണെന്നും കാട്ടിയാണ് വിശാഖന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എളമക്കര പൊലീസ് സ്‌റ്റേഷനിലെ കേസുമായി ഈ ഫോണിന് യാതൊരു ബന്ധവുമില്ലാത്തതിനാല്‍ തന്നെ അതിന്മേല്‍ ഒരു ഫോറന്‍സിക് പരിശോധനയുടെയും ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അതു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ ഫോണ്‍ ഫോറന്‍സിക് ലാബില്‍ നിന്ന് കാലതാമസം കൂടാതെ തിരികെയെടുത്ത് ഹര്‍ജിക്കാരന് കൈമാറാന്‍ ബാധ്യസ്ഥനാണ്. നാലാഴ്ചയ്ക്കകം ഫോണ്‍ തിരികെ എടുത്ത് ഹര്‍ജിക്കാരന് കൈമാറണമെന്നും കോടതി വിധി ന്യായത്തില്‍ പറയുന്നു.

ഈ കോടതി വിധി പത്രപ്രവര്‍ത്തക സമൂഹത്തിന് വേണ്ടിയുള്ളതാണെന്ന് ഹര്‍ജിക്കാരനായ ജി. വിശാഖന്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങള്‍ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. ഏതെങ്കിലും ഒരു കേസില്‍ സംശയിക്കപ്പെടുന്നുവെന്ന് വരുത്തി തീര്‍ത്ത് മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കുകയും കാള്‍ വിവരങ്ങള്‍ എടുക്കുകയും അതിലൂടെ സോഴ്‌സ് കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാരും പൊലീസും ചെയ്യുന്നത്. ഇത്തരമൊരു നടപടി ഏറെ നാളായി ഈ സമൂഹത്തില്‍ കണ്ടു വരികയാണ്. ഇതോടെ മാധ്യമപ്രവര്‍ത്തകന് ഭരണ ഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. ഒരാളെങ്കിലും ഇത് ചോദ്യം ചെയ്തില്ലെങ്കില്‍ വരും നാളുകളില്‍ എല്ലാവര്‍ക്കും ഭരണകൂട ഭീകരതയ്ക്ക് ഇരയാകേണ്ടി വരും. നിയമം ലംഘിച്ച് വീട് റെയ്ഡ് ചെയ്തവര്‍ക്കും അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും എതിരേയുുള്ള നിയമ നടപടി തുടരുമെന്നും വിശാഖന്‍ പറഞ്ഞു.

error: Content is protected !!